പരുക്കുമൂലം താൻ കരിയറില്‍ കടന്നുപോയ ബുദ്ധിമുട്ടേറിയ കാലഘട്ടത്തെക്കുറിച്ചും രാഹുല്‍ വെളിപ്പെടുത്തി.
ബെംഗളൂരു: ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള തീരുമാനമല്ലെന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ കെ എല്‍ രാഹുല്‍. മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സണുമായി നടത്തിയ സംഭാഷണത്തിൽ തന്‍റെ ഭാവി പദ്ധതികളെക്കുറിച്ച് സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. താൻ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ സ്റ്റാറായോ അല്ലെങ്കില്‍ ഒരു പ്രധാനപ്പെട്ട ഘടകമായൊ കരുതുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
"നമ്മുടെ രാജ്യത്ത് ക്രിക്കറ്റ് എന്തുവന്നാലും മുന്നോട്ട് പോകും. ലോകക്രിക്കറ്റും മുന്നോട്ട് ചലിക്കും. പ്രധാനപ്പെട്ട കാര്യങ്ങള്‍ പലതും ജീവിതത്തിലുണ്ട്. ഈ മനോഭാവം എനിക്ക് എല്ലാക്കാലത്തുമുണ്ടായിരുന്നു. എന്‍റെ കുഞ്ഞിന്‍റെ ജനനത്തിന് ശേഷം ജീവിതത്തെ നോക്കിക്കാണുന്നതില്‍ വലിയ വ്യത്യാസങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ക്രിക്കറ്റിനപ്പുറം ജീവിതമുണ്ട്. വിരമിക്കാൻ സമയമാകുമ്പോള്‍ അത് നീട്ടിക്കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല"- രാഹുല്‍ തുറന്നുപറഞ്ഞു.
പരുക്കുമൂലം താൻ കരിയറില്‍ കടന്നുപോയ ബുദ്ധിമുട്ടേറിയ കാലഘട്ടത്തെക്കുറിച്ചും രാഹുല്‍ വെളിപ്പെടുത്തി. "എനിക്ക് നിരന്തരം പരുക്കുകള്‍ പറ്റിയ സമയങ്ങളുണ്ടായിരുന്നു. അതായിരുന്നു ജിവിതത്തിലെ ഏറ്റവും കഠിനമായ കാലം. നമുക്ക് ശരീരത്തില്‍ അനുഭവപ്പെടുന്ന വേദനകളായിരുന്നില്ല അതിന്‍റെ കാരണം. മറിച്ച്, നമ്മള്‍ കടന്നുപോകുന്ന മാനസികമായുള്ള വെല്ലുവിളികളാണ്. തുടരെ പരുക്ക് വേട്ടയാടുമ്പോള്‍ കരിയർ അവസാനിപ്പിക്കാം എന്ന ചിന്തപോലും ഉണ്ടാകും. ക്രിക്കറ്റ് നിങ്ങള്‍ക്ക് വലിയ സാമ്പത്തികഭദ്രത നല്‍കുന്നതിനാല്‍ മുന്നോട്ട് എത്രകാലം വേണമെങ്കിലും ജീവിക്കാനും കഴിയുമല്ലോ," രാഹുല്‍ കൂട്ടിച്ചേർത്തു.
ഇന്ത്യക്കായി 67 ടെസ്റ്റുകളില്‍ കളിച്ച രാഹുല്‍ 4,053 റണ്‍സ് നേടിയിട്ടുണ്ട്. 35.8 ശരാശരിയിലാണ് താരം ബാറ്റ് വീശുന്നതും. 94 ഏകദിനങ്ങളില്‍ നിന്ന് 3,360 റണ്‍സും കരിയറില്‍ ചേർത്തിട്ടുണ്ട്. ഏകദിനത്തിലെ രാഹുലിന്‍റെ ശരാശരി 50ന് മുകളിലാണ്. ടി20 യില്‍ 37 ശരാശരിയിലും 139 സ്ട്രൈക്ക് റേറ്റിലും 2,265 റണ്‍സും നേടി.
