ക്ലാസും മാസും നിറഞ്ഞ വില്യംസണ്‍ ബ്രില്യന്‍സ്; ഇരട്ട സെഞ്ചുറിക്ക് പ്രശംസാപ്രവാഹം

First Published Dec 4, 2020, 12:24 PM IST

സമകാലിക ക്രിക്കറ്റിലെ 'ഫാബ്-4'ല്‍ കെയ്‌ന്‍ വില്യംസണിന്‍റെ പേരുള്‍പ്പെട്ടത് വെറുതെയല്ല, ഫോര്‍മാറ്റുകളുടെ ദൗര്‍ബല്യമില്ലാതെ ക്ലാസും മാസും കിടപിടിക്കുന്ന ബാറ്റ്സ്‌മാനാണ് അയാള്‍. വീണ്ടുമൊരിക്കല്‍ കൂടി കെയ്‌ന്‍ വില്യംസണിന്‍റെ ക്ലാസ് ആരാധകര്‍ കണ്ടു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഹാമില്‍ട്ടണ്‍ ടെസ്റ്റില്‍ പുല്ല് നിറഞ്ഞ പിച്ചില്‍ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയാണ് കെയ്‌ന്‍ നേടിയത്. ടെസ്റ്റ് കരിയറിലെ 22-ാം സെഞ്ചുറിക്ക് പിന്നാലെയെത്തിയ ഇരട്ട ശതകത്തിന് ഈ മുപ്പതുകാരനെ തേടി മുന്‍താരങ്ങളുടെ ഉള്‍പ്പടെ പ്രശംസയെത്തി. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് 'ക്ലാസ്' എന്നൊരു വാക്ക് മാത്രം. ഐപിഎല്ലിലെ മികവിന് തൊട്ടുപിന്നാലെ ക്രിക്കറ്റിന്‍റെ വലിയ ഫോര്‍മാറ്റില്‍ യാതൊരു സങ്കോചവുമില്ലാതെയാണ് വില്യംസണ്‍ കളിച്ചത്. 

ഹാമില്‍ട്ടണില്‍ 97 റണ്‍സെന്ന നിലയിലാണ് കെയ്‌ന്‍ വില്യംസണ്‍ രണ്ടാം ദിനം ബാറ്റിംഗിന് ഇറങ്ങിയത്. സമ്മര്‍ദവും പുല്ലുള്ള പിച്ചിലെ ആദ്യ ഓവറുകളുടെ തിളക്കവും ബാറ്റ്സ്‌മാന്‍റെ മുട്ടിടിപ്പിച്ചേക്കാവുന്ന സാഹചര്യം.
undefined
എന്നാല്‍ കൃത്യമായി ബാറ്റിന്‍റെ മധ്യഭാഗത്ത് തലേദിവസം പന്ത് തലോടി തഴക്കംവന്നവില്യംസണ്‍ അനായാസം സെഞ്ചുറിയിലെത്തി. ടെസ്റ്റ് കരിയറിലെ 22-ാം ശതകം. വിന്‍ഡീസ് സ്റ്റാര്‍ പേസര്‍ കെമാര്‍ റോച്ചിനെ ബൗണ്ടറിയിലേക്ക് പായിച്ചാണ് ശതകം പൂര്‍ത്തിയാക്കിയത്.
undefined
പിന്നാലെ 369 പന്തുകളില്‍ നിന്ന് ടെസ്റ്റ് കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ചുറിയും തികച്ചു ന്യൂസിലന്‍ഡ് നായകന്‍. അല്‍സാരി ജോസഫിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ 412 പന്തില്‍ 251 റണ്‍സ് നേടിയിരുന്നു കെയ്‌ന്‍. 34 ബൗണ്ടറിയും രണ്ട് സിക്‌സറും തഴുകിനീങ്ങിയ ഗംഭീര ഇന്നിംഗ്സ്.
undefined
ടെസ്റ്റ് കരിയറില്‍ തന്‍റെ ഉയര്‍ന്ന സ്‌കോറാണ് വില്യംസണ്‍ ഹാമില്‍ട്ടണില്‍ നേടിയത്. ഇതിന് മുമ്പത്തെ ഇരട്ട ശതകവും ഹാമില്‍ട്ടണിലായിരുന്നു എന്നത് യാഥര്‍ശ്ചികത. 2019ലായിരുന്നു ഇത്.
undefined
കെയ്‌ന്‍ വില്യംസണിന്‍റെ ബാറ്റിംഗ് കരുത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റിന് 519 റണ്‍സ് പടുത്തുയര്‍ത്തി ന്യൂസിലന്‍ഡ്. 86 റണ്‍സ് നേടിയ ഓപ്പണര്‍ ടോം ലാഥമാണ് രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറുകാരന്‍.
undefined
ഇരട്ട സെഞ്ചുറിക്ക് പിന്നാലെ വില്യംസണെ തേടി ക്രിക്കറ്റ് ലോകത്തിന്‍റെ പ്രശംസയെത്തി. കെയ്‌നൊരു യഥാര്‍ഥ ക്ലാസ് ബാറ്റ്സ്‌‌മാനാണ് എന്നായിരുന്നു അഫ്‌ഗാന്‍റെ റാഷിദ് ഖാന്‍റെ പ്രശംസ. ഇന്ത്യന്‍ ബാറ്റിംഗ് ഹീറോ വസീം ജാഫറിന്‍റെ വാക്കുകളില്‍ 'GOAT' പരാമര്‍ശവുമുണ്ടായിരുന്നു.
undefined
ഫോര്‍മാറ്റുകള്‍ മാറുന്നതിന് അനുസരിച്ച് ബാറ്റിംഗ് താളം കണ്ടെത്തുന്ന വില്യംസണ്‍ ബ്രില്യന്‍സിനെ കുറിച്ചായിരുന്നു പ്രഗ്യാന്‍ ഓജയ്‌ക്ക് പറയാനുണ്ടായിരുന്നത്. വില്യംസണില്‍ നിന്ന് ഇത് കണ്ടുപഠിക്കണം എന്നും ഓജ പറഞ്ഞു.
undefined
വില്യംസണെ പ്രശംസിച്ച് നിരവധി ആരാധകരും രംഗത്തെത്തി. ടെസ്റ്റ് ക്രിക്കറ്റിലെ വലിയ ഇടവേളയ്‌ക്ക് ശേഷം പുല്ലുള്ള പിച്ചില്‍ 251 റണ്‍സ് നേടിയത് വമ്പന്‍ നേട്ടമാണ്. ടെസ്റ്റില്‍ കോലിക്കും സ്‌മിത്തിനും മുകളിലാണ് വില്യംസണ്‍ എന്നുമായിരുന്നു ഒരു ആരാധകന്‍റെ വാക്കുകള്‍.
undefined
click me!