ബോംബെ'യിലൂടെ സിനിമാ പ്രേമികളുടെ ഹൃദയത്തിൽ ഇടംനേടിയ ശേഖർ നാരായണ പിള്ളയെയും ശൈല ഭാനുവിനെയും ഒരിക്കൽ കൂടി ബേക്കലിൽ കാണാം. ഇരുവരെയും അവതരിപ്പിച്ച സംവിധായകൻ മണിരത്‌നവും നായിക മനീഷാ കൊയ്‌രാളയും ഡിസംബർ 20-ന് ബേക്കലിൽ എത്തും
'ബോംബെ'യിലൂടെ സിനിമാ പ്രേമികളുടെ ഹൃദയത്തിൽ ഇടംനേടിയ ശേഖർ നാരായണ പിള്ളയെയും ശൈല ഭാനുവിനെയും ഒരിക്കൽ കൂടി ബേക്കലിൽ കാണാം. ഇരുവരെയും അവതരിപ്പിച്ച സംവിധായകൻ മണിരത്‌നവും നായിക മനീഷാ കൊയ്‌രാളയും ഡിസംബർ 20-ന് ബേക്കലിൽ എത്തും. പ്രശസ്ത ഛായാഗ്രാഹകൻ രാജീവ് മേനോനും ഉണ്ടാകും. വിദേശ പരിപാടികളിൽ മാറ്റം വന്നാൽ നടൻ അരവിന്ദ് സ്വാമിയും എത്തിയേക്കും. 'ബോംബെ' സിനിമയുടെ മുപ്പതാം വാർഷികാഘോഷങ്ങളുടെയും ബേക്കൽ റിസോർട്ട് ഡെവലപ്‌മെൻ്റ് കോർപറേഷൻ (ബി.ആർ.ഡി.സി.) രൂപീകരിച്ചതിൻ്റെ മുപ്പതാം വാർഷികത്തിൻ്റെയും ഭാഗമായാണ് ഈ ഒത്തുചേരൽ.
25
ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സാധ്യതകൾ
സിനിമാ ടൂറിസം പദ്ധതിയുടെ ഭാഗമായി ബേക്കൽ ഉടൻ തന്നെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷ. യൂറോപ്യൻ രീതിയിലുള്ള ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് (Destination Wedding) ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ബി.ആർ.ഡി.സി. ബേക്കലിൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. കേരളത്തിലെ മികച്ച വിവാഹ വേദികളിലൊന്നായി ഇപ്പോൾ ബേക്കൽ ബീച്ചും പരിസരവും മാറിക്കഴിഞ്ഞു. ഇതുവരെ 312 ആഡംബര വിവാഹങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. താരങ്ങൾ എത്തുന്നതോടെ ടൂറിസം രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
35
ബേക്കൽ കോട്ടയുടെ പ്രാധാന്യം
കേരളത്തിലെ ഏറ്റവും വലിയ ചെങ്കൽ കോട്ടകളിലൊന്നായ ബേക്കൽ കോട്ട, പതിനേഴാം നൂറ്റാണ്ടിൽ ഇക്കേരി നായ്ക്കരിലെ ശിവപ്പ നായ്ക് നിർമ്മിച്ചതാണ്. സൂര്യോദയവും സൂര്യാസ്തമയവും ഒരുമിച്ച് കാണാനാകുന്ന ഏക കോട്ട കൂടിയാണിത്. 400 വർഷത്തോളം പഴക്കമുള്ള ഈ കോട്ടയും സമീപത്തെ ബീച്ചും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തിൽ ഇടംനേടിയ കോട്ടയിൽ മലയാളികൾക്ക് പുറമെ ഇതര സംസ്ഥാന വിനോദ സഞ്ചാരികളും ധാരാളമായി എത്തുന്നുണ്ട്. അടുത്തിടെ കോട്ടയിലെ സന്ദർശന സമയം വർധിപ്പിച്ചത് കാഴ്ചക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
കേരളത്തിൻ്റെ ഭംഗിയെ പശ്ചാത്തലമാക്കി നിരവധി അനശ്വര സിനിമകളാണ് ഉണ്ടായിട്ടുള്ളത്. ആ ഓർമ്മകളെ നിലനിർത്തി വിനോദസഞ്ചാരികളെ ആകർഷിക്കുന്നതാണ് സിനിമാ ടൂറിസം പദ്ധതിയുടെ കാതൽ. ബോംബെ സിനിമ റീലീസ് ചെയ്‌തവർഷം തന്നെയാണ് സംസ്ഥാന സർക്കാർ ബി.ആർ.ഡി.സി.യും രൂപീകരിച്ചത്. ഇപ്പോഴും ബേക്കലിൽ എത്തുന്ന വിനോദസഞ്ചാരികൾ 'ബോംബെ'യിലെ ഗാനരംഗം ചിത്രീകരിച്ച സ്ഥലം കാണാതെ മടങ്ങാറില്ല എന്നതിൽ നിന്ന് ഈ സിനിമയും കോട്ടയും തമ്മിലുള്ള ബന്ധം എത്ര വലുതാണെന്ന് മനസ്സിലാക്കാം.
55
'സിനിമാ ടൂറിസം' പദ്ധതിയുടെ ഭാഗം
'സിനിമാ ടൂറിസം' പദ്ധതിയുടെ ഭാഗം കേരള ടൂറിസം വകുപ്പിൻ്റെ പുതിയ പദ്ധതിയായ സിനിമാ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 'ബോംബെ'യുടെ ശിൽപികളെ ബേക്കലിൽ എത്തിക്കുന്നത്. മണിരത്‌നവും മനീഷാ കൊയ്‌രാളയും എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അരവിന്ദ് സ്വാമിയും താൽപര്യം അറിയിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങൾ ആലോചിച്ചു വരികയാണെന്നും ബി.ആർ.ഡി.സി. എം.ഡി. ഷിജിൻ പറമ്പത്ത് പറഞ്ഞു. ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസും ചടങ്ങിൽ പങ്കെടുക്കും. ബോംബെ സിനിമയിലെ സൂപ്പർഹിറ്റ് ഗാനമായ 'ഉയിരേ' ചിത്രീകരിച്ചത് ബേക്കൽ കോട്ടയിലും പരിസരത്തുമാണ്. ഈ സിനിമയാണ് പാറക്കെട്ടുകൾ നിറഞ്ഞ മനോഹരമായ ബോട്ടയും ബീച്ചും ലോകത്തിന് പരിചയപ്പെടുത്തിയത്.