ഗിരീഷ് കർണാടിന്റെ അവിസ്മരണീയമായ റോളുകളിലൂടെ

First Published Jun 10, 2019, 6:02 PM IST

കന്നഡ നാടകരംഗത്തിന് പുത്തനുണർവ് നൽകിയ ഒരു രചയിതാവ് എന്ന നിലയിൽ മാത്രമല്ല ഗിരീഷ് കർണാട് ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തപ്പെടാൻ പോവുന്നത്. കന്നഡ, ഹിന്ദി സിനിമകളിൽ അദ്ദേഹം അഭിനയിച്ച അപൂർവ സുന്ദരമായ ചില കഥാപാത്രങ്ങളുടെ പേരിൽ കൂടിയായിരിക്കും.

ഗിരീഷ് കർണാടിന്റെ അഭിനയ, തിരക്കഥാ അരങ്ങേറ്റങ്ങൾ 1970 -ൽ പുറത്തിറങ്ങിയ സംസ്കാര എന്ന ചിത്രത്തിലൂടെയായിരുന്നു. യു ആർ അനന്തമൂർത്തിയുടെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു അത്. മോക്ഷസിദ്ധിയെ ജീവിത വ്രതമാക്കി നടക്കുന്ന പ്രാണേശാചാര്യ എന്ന ഒരു ബ്രാഹ്മണന്റെ റോളിലായിരുന്നു കർണാട്. ജാതിവ്യവസ്ഥയ്‌ക്കെതിരെയുള്ള വളരെ ശക്തമായ ഒരു കലാവിഷ്കാരമായിരുന്ന ഈ സിനിമയിലൂടെയാണ് ആദ്യമായി പ്രസിഡന്റിന്റെ സുവർണ്ണ കമലം കന്നഡ സിനിമയ്ക്ക് സ്വന്തമാവുന്നത്.
undefined
ശ്യാം ബെനഗൽ എന്ന കൃതഹസ്തനായ സംവിധായകൻ 1975 -ൽ സംവിധാനം ചെയ്ത ചിത്രമാണ് നിഷാന്ത്. ഒരു സ്‌കൂൾ മാഷുടെ റോളിലായിരുന്നു കർണാട് ഈ ചിത്രത്തിൽ. നിരന്തര ചൂഷണത്തിന് വിധേയരാവുന്ന ഒരു ഗ്രാമത്തിലെ ജനങ്ങളെ, അവരുടെ ചൂഷകർക്കെതിരെ അണിനിരത്താൻ പ്രചോദിപ്പിക്കുന്ന, ലൈംഗിക പീഡനത്തിനിരയാവുന്ന ഭാര്യയ്ക്ക്( ശബാനാ ആസ്മി) നീതി കിട്ടാൻ വേണ്ടി പോരാടുന്ന ആ സ്‌കൂൾ മാസ്റ്റർ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട റോളുകളിൽ ഒന്നാണ്. 1976-ലെ കാൻ ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരം കിട്ടിയ ഈ ചിത്രം 1977-ൽ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടുകയുണ്ടായി.
undefined
അതേ പേരിലുള്ള ഒരു ബംഗാളി ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ബസു ചാറ്റർജി 1977-ൽ സംവിധാനം ചെയ്ത സ്വാമി എന്ന ചിത്രം. തന്റെ ഇഷ്ടങ്ങൾക്ക് വിരുദ്ധമായി ഘനശ്യാം(കർണാട്) എന്നൊരാളുമായി വിവാഹിതയാവുന്ന സൗദാമിനി എന്ന സ്ത്രീയുടെ ആത്മസംഘർഷങ്ങളാണ് ചലച്ചിത്രത്തിന്റെ കഥാ തന്തു. സദാ സമയം അനിഷ്ടം പ്രകടിപ്പിച്ചിട്ടും സൗദാമിനിയെ വളരെയധികം ക്ഷമയോടെ എതിരിടുന്ന ഘനശ്യാമിന്റെ റോൾ കർണാട് അനായാസം കൈകാര്യം ചെയ്യുകയുണ്ടായി.
undefined
ഏറെ നാളുകൾക്ക് ശേഷം കർണാട് വീണ്ടും സംവിധാനത്തിൽ കൈവെച്ച ചിത്രമായിരുന്നു കാനൂരു ഹെഗ്ഗദിതി. കന്നഡ സാഹിത്യകാരനായ കുവേമ്പുവിന്റെ കാനൂരു സുബ്ബമ്മ ഹെഗ്ഗദിതി എന്നുപേരായ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഇത്. ചന്ദ്ര ഗൗഡെ എന്ന ഒരു ധനികന്റെ റോളായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യയായ താര പുരുഷ മേധാവിത്വത്തിനെതിരെ നടത്തുന്ന ചെറുത്തുനിൽപ്പുകളുടെ ആവിഷ്കാരമാണീ ചിത്രം. ഒരു ജ്ഞാനപീഠം ജേതാവ് മറ്റൊരു ജ്ഞാനപീഠം ജേതാവിന്റെ സാഹിത്യ കൃതിയെ ആസ്പദമാക്കി എടുത്ത ആദ്യത്തെ ചിത്രമാണിത്.
undefined
ചലച്ചിത്രമല്ലെങ്കിലും ഗിരീഷ് കർണാട് എന്ന അതുല്യ നടനെ നമ്മളിൽ പലരും ഓർത്തിരിക്കുന്ന ഒരു റോളാണ് മാൽഗുഡി ഡെയ്സിലെ സ്വാമിയുടെ അച്ഛന്റേത്. ആർ കെ നാരായണിന്റെ പ്രസിദ്ധമായ ചെറുകഥാ സീരീസിന്റെ സീരിയൽ ആവിഷ്കാരം ഒരുക്കിയത് പ്രസിദ്ധ നടൻ ശങ്കർ നാഗ് ആയിരുന്നു.
undefined
click me!