വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന് കരുതുന്ന 'ജനനായകന്‍' ഭഗവന്ത് കേസരിയുടെ റീമേക്ക് ആണോ എന്ന ചര്‍ച്ചകള്‍ക്ക് മറുപടിയുമായി സംവിധായകന്‍ എച്ച് വിനോദ്
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ജനനായകന്‍. തമിഴ് സിനിമയില്‍ ഏറ്റവും താരമൂല്യമുള്ള നടന്‍ വിജയ്‍യുടെ കരിയറിലെ അവസാന ചിത്രം എന്നതാണ് ഈ ഹൈപ്പിന് കാരണം. പുതുവര്‍ഷത്തിലെ പൊങ്കല്‍ റിലീസ് ആയി 9-ാം തീയതി തിയറ്ററുകളില്‍ എത്താനിരിക്കുകയാണ് ചിത്രം. ഇപ്പോഴിതാ പ്രേക്ഷകര്‍ മാസങ്ങളായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ചോദ്യത്തിന് ഒരിക്കല്‍ക്കൂടി മറുപടി പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ എച്ച് വിനോദ്. ജനനായകന്‍ നന്ദമൂരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്ക് ആണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെക്കാലമായി പ്രചരണമുണ്ട്. ചിത്രത്തിന്‍റെ മലേഷ്യയില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ വിനോദ് ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ അക്കാര്യം കുറച്ചുകൂടി വിശദീകരിച്ചിരിക്കുകയാണ് അദ്ദേഹം.
എച്ച് വിനോദിന് പറയാനുള്ളത്
തമിഴ് മാസികയായ ആനന്ദ വികടന് നല്‍കിയ അഭിമുഖത്തിലാണ് വിനോദിന്‍റെ പുതിയ പ്രതികരണം. റീമേക്ക് പ്രചരണങ്ങള്‍ക്ക് ആണെന്നോ അല്ലെന്നോ വിനോദ് പറയുന്നില്ല. “ഈ ചോദ്യത്തിന് എനിക്ക് അതെ എന്നോ അല്ല എന്നോ പ്രതികരിക്കാന്‍ കഴിയില്ല. ഇത് ശരിക്കും ഒരു ദളപതി ചിത്രമാണ്. ഒരു ഷോ കഴിയുമ്പോള്‍ പ്രേക്ഷകര്‍ക്ക് അതിന്‍റെ ഉത്തരം കിട്ടും. വരും ദിവസങ്ങളില്‍ വരാനിരിക്കുന്ന ട്രെയ്‍ലറും പാട്ടുകളുമൊക്കെ ചിത്രം എത്തരത്തിലുള്ളതാണെന്ന കൃത്യമായ സൂചന തരും. ഇതൊരു റീമേക്ക് ആണോ എന്ന് പ്രേക്ഷകര്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ഇത് മറ്റൊരു ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒന്നാണെന്നോ സമാനമായ ചില രംഗങ്ങള്‍ ഉണ്ടെന്നോ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും ആശങ്ക വേണ്ട. ചിത്രം തന്നെ അതിനുള്ള ഉത്തരം തരും”, വിനോദ് പറയുന്നു. വിനോദിന്‍റെ പ്രതികരണം ചിത്രം റീമേക്ക് ആണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍ വെപ്പിച്ചിട്ടുണ്ട്. റീമേക്ക് പ്രചരണത്തിന് ഓഡിയോ ലോഞ്ച് വേദിയില്‍ എച്ച് വിനോദ് നല്‍കിയ പ്രതികരണം ഇങ്ങനെ ആയിരുന്നു- “ഇതൊരു റീമേക്ക് ആണെന്ന് ചിലര്‍ പറയുന്നു. ഞാന്‍ അത് വ്യക്തമാക്കട്ടെ. ഇത് 100 ശതമാനം ഒരു ദളപതി ചിത്രമാണ്”, വിനോദ് പറഞ്ഞിരുന്നു.
ചിത്രത്തിലെ രാഷ്ട്രീയം
ചിത്രം രൂപപ്പെട്ട വഴിയെക്കുറിച്ചും ആനന്ദ വികടന്‍ അഭിമുഖത്തില്‍ വിനോദ് പറയുന്നുണ്ട്. രാഷ്ട്രീയ ജീവിതത്തിന് മുന്‍പ് ഒരു അവസാന ചിത്രം ചെയ്യാന്‍ വിജയ് ആലോചിക്കുന്നുവെന്ന് കേട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ മാനേജരോട് താന്‍ കഥ പറയുകയായിരുന്നെന്ന് വിനോദ് പറയുന്നു. വിജയ്‍യുടെ രാഷ്ട്രീയ പ്രവേശം ഉടന്‍ ഉണ്ടാവുമെന്ന തിരിച്ചറിവില്‍ കഥയിലേക്ക് രാഷ്ട്രീയത്തിന്‍റേതായ ചില ഘടകങ്ങള്‍ താന്‍ ചേര്‍ത്തിരുന്നുവെന്നും വിനോദ് പറയുന്നു." ചിത്രത്തിന്‍റെ രാഷ്ട്രീയം നിര്‍മ്മാതാവ് അംഗീകരിക്കുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയം കഥയില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ എന്നെ പ്രോത്സാഹിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്", വിനോദ് പറഞ്ഞവസാനിപ്പിക്കുന്നു.



