രക്തത്തില്‍ 'ഷുഗര്‍' കൂടാന്‍ ഇടയാക്കുന്ന ചില സാഹചര്യങ്ങള്‍...

First Published Oct 24, 2021, 10:49 PM IST

രക്തത്തില്‍ ഷുഗര്‍നില കൂടുന്നത് പ്രമേഹത്തിലാണെന്ന് നമുക്കെല്ലാം അറിയാം. പ്രമേഹത്തെ അത്ര അപകടകാരിയല്ലാത്തൊരു പ്രശ്‌നമായിട്ടാണ് പൊതുവേ കാണപ്പെടുന്നത്. എന്നാല്‍ ഇത് മറ്റ് പല സങ്കീര്‍ണതകളിലേക്കും നമ്മെ എളുപ്പത്തില്‍ എത്തിച്ചേക്കാം. അതിനാല്‍ പ്രമേഹമില്ലെങ്കില്‍ പോലും രക്തത്തില്‍ ഷുഗര്‍നില വര്‍ധിക്കുന്നത് നന്നല്ല. ഏതായാലും അത്തരത്തില്‍ രക്തത്തില്‍ ഷുഗര്‍നില കൂടാനിടയാക്കുന്ന ചില സാഹചര്യങ്ങള്‍ ഒന്ന് അറിഞ്ഞുവയ്ക്കാം.

മറ്റ് ആരോഗ്യപ്രശ്‌നങ്ങളുടെയോ അസുഖങ്ങളുടെയോ ഭാഗമായും രക്തത്തിലെ ഷുഗര്‍നില ഉയരാം. ഇക്കാര്യം എപ്പോഴും കരുതിയിരിക്കുക.
 

ചില ഹോര്‍മോണ്‍ വ്യതിയാനം മൂലവും രക്തത്തിലെ ഷുഗര്‍നില കൂടാം. അഡ്രിനാല്‍ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന 'അഡ്രിനോ കോര്‍ട്ടികോ ട്രോപിക്' ഹോര്‍മോണ്‍ ഇതിനുദാഹരണമാണ്.

പാന്‍ക്രിയാസിനെ ബാധിക്കുന്ന അസുഖം പിടിപെട്ടാലും, അതിന്റെ ഭാഗമായി രക്തത്തിലെ ഷുഗര്‍നില ഉയരാം. കോശങ്ങളില്‍ നിന്ന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതിനും പുറത്തുവിടുന്നതിനും കാരണമാകുന്ന പാന്‍ക്രിയാറ്റിക് കോശങ്ങള്‍ക്ക് തകര്‍ച്ച സംഭവിക്കുന്നത് മൂലമാണിങ്ങനെ ഉണ്ടാകുന്നത്. 

സ്ത്രീകളിലാണെങ്കില്‍ 'പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം' ഉള്ളവരില്‍ ഇതും രക്തത്തിലെ ഷുഗര്‍നില ഉയര്‍ത്താറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.
 

മാനസിക സമ്മര്‍ദ്ദം അധികരിക്കുന്ന സാഹചര്യങ്ങളിലും ഷഗര്‍ നില കൂടാം. 'സ്‌ട്രെസ്' ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നത് മൂലമാണിത് ഉണ്ടാകുന്നത്.
 

ഏതെങ്കിലും തരത്തിലുള്ള പരിക്കുകളും ചില സന്ദര്‍ഭങ്ങളില്‍ രക്തത്തിലെ ഷുഗര്‍നില കൂട്ടാറുണ്ട്. മുറിവുകള്‍, പൊള്ളലുകള്‍ എന്നിങ്ങനെ ഏത് തരം പരിക്കുമാകാം ഇത്.
 

അമിതവണ്ണമുള്ളവരില്‍ ശാരീരികമായ ഈ സവിശേഷത രക്തത്തിലെ ഷുഗര്‍നില കൂട്ടിയേക്കാം. കോശങ്ങളില്‍ കൊഴുപ്പ് അടിയുന്നതാണ് ഇതിന് കാരണമായി വരുന്നത്.
 

click me!