
എല്ലാവർഷവും ഒക്ടോബർ 20-ന് 'ലോക ഓസ്റ്റിയോപൊറോസിസ് ദിനം' ആചരിക്കുന്നു. അസ്ഥികളുടെ ആരോഗ്യത്തെക്കുറിച്ചും, ഓസ്റ്റിയോപൊറോസിസ്, മെറ്റബോളിക് അസ്ഥിരോഗങ്ങൾ എന്നിവയുടെ പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയെക്കുറിച്ചും ആഗോളതലത്തിൽ അവബോധം വളർത്തുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. ഓസ്റ്റിയോപൊറോസിസ് എന്നത് അസ്ഥികളെ ദുർബലവും നേർത്തതും പൊട്ടാൻ എളുപ്പമുള്ളതുമാക്കി മാറ്റുന്ന ഒരു അസ്ഥിരോഗമാണ്. ഇതിമൂലം അസ്ഥികൾ ഒടിയാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇന്ത്യയിലെ മുതിർന്നവരിൽ ഏകദേശം 22.9% പേർക്ക് ഓസ്റ്റിയോപൊറോസിസ് ഉണ്ടെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ഹെൽത്ത് സയൻസസ് വ്യക്തമാക്കുന്നു. ഈ രോഗാവസ്ഥ പലരെയും വാർദ്ധക്യവുമായി ബന്ധപ്പെടുത്തുന്നു. പക്ഷേ അസ്ഥിക്ഷയം പലപ്പോഴും 40 വയസ്സിലാണ് ആരംഭിക്കുന്നത്. ഏകദേശം 44.8% ഇന്ത്യക്കാർക്കും പ്രാരംഭ ഘട്ടത്തിലുള്ള അസ്ഥിക്ഷയം ഉണ്ട്. ഇത് ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും അസ്ഥി ആരോഗ്യം നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമാണ്.
ആർത്തവവിരാമത്തിലേക്ക് അടുക്കുന്ന സ്ത്രീകൾക്ക് ഓസ്റ്റിയോപൊറോസിസ് ബാധിക്കുന്നു. ഏകദേശം 30 വയസ്സോടെ അസ്ഥികളുടെ സാന്ദ്രത അതിന്റെ പരമാവധിയിലെത്തുന്നു. അതിനുശേഷം, ഹോർമോൺ വ്യതിയാനങ്ങൾ (പ്രത്യേകിച്ചും ഈസ്ട്രജന്റെ അളവ് കുറയുന്നത്) മൂലം അസ്ഥികളുടെ സാന്ദ്രതയിൽ മാറ്റങ്ങൾ വരികയും, അസ്ഥികളുടെ പിണ്ഡം (bone mass) ക്രമേണ കുറയാൻ തുടങ്ങുകയും ചെയ്യുന്നു. എന്നാൽ 40-കളിലെത്തുമ്പോൾ തന്നെ കൃത്യമായ നടപടികൾ സ്വീകരിച്ചാൽ ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള അസ്ഥി ഒടിവുകളും ഓസ്റ്റിയോപൊറോസിസ് (അസ്ഥിക്ഷയം) പോലുള്ള അവസ്ഥകളും തടയാൻ സാധിക്കും.
മിക്ക ആളുകളെയും സംബന്ധിച്ചിടത്തോളം ഓസ്റ്റിയോപൊറോസിസിന്റെ (അസ്ഥിക്ഷയം) ആദ്യത്തെ വ്യക്തമായ ലക്ഷണം എല്ല് ഒടിയുകയോ പൊട്ടുകയോ ചെയ്യുന്നതാണ്. സാധാരണയായി ഒരു പരിക്കിനും കാരണമാകാത്ത തരത്തിലുള്ള ചെറിയ വീഴ്ചകളോ, തട്ടലുകളോ, അല്ലെങ്കിൽ ലളിതമായ ചലനങ്ങളോ പോലും ഇതിന് കാരണമായേക്കാം.
ഇടയ്ക്കിടെ എല്ലുകളിലോ സന്ധികളിലോ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് എല്ലുകൾ ബലഹീനമാകുന്നതിന്റെ ലക്ഷണമാകാം. ഭക്ഷണക്രമത്തിലും പോഷക അനുബന്ധങ്ങൾ ഉപയോഗിക്കുന്നതിലൂടെയും ഇത് പരിഹരിക്കാവുന്നതാണ്. ചെറിയൊരു വീഴ്ച, കുനിയുക, ഭാരം ഉയർത്തുക, അല്ലെങ്കിൽ ശക്തമായി ചുമയ്ക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ പോലും, പ്രതീക്ഷിക്കുന്നതിലും വളരെ എളുപ്പത്തിൽ എല്ലുകൾ ഒടിയുന്ന അവസ്ഥയാണിത്. ഇടുപ്പെല്ല്, കൈത്തണ്ട, നട്ടെല്ല് എന്നിവിടങ്ങളിലാണ് ഇത്തരം ഒടിവുകൾ കൂടുതലായി കണ്ടുവരുന്നത്.
കഠിനമായ പ്രതലത്തിൽ വീഴുമ്പോൾ, വലിയ ആഘാതമൊന്നുമില്ലാതെ തന്നെ അസ്ഥി ഒടിയുകയാണെങ്കിൽ, അത് അസ്ഥികളിലെ ധാതു സാന്ദ്രതയുമായി (bone mineral density) ബന്ധപ്പെട്ട പ്രശ്നങ്ങളുടെ സൂചനയാകാം. പോഷകങ്ങളുടെ കുറവും അസ്ഥികളിലെ ധാതു സാന്ദ്രതയുടെ അളവും അസ്ഥി ഒടിയാനുള്ള സാധ്യതയെ സ്വാധീനിക്കുന്നു.
കാൽസ്യം അല്ലെങ്കിൽ വിറ്റാമിൻ ഡി കുറവുള്ള ഭക്ഷണക്രമം, ശരീരത്തിൽ പോഷകങ്ങൾ ആഗിരണം ചെയ്യപ്പെടുന്ന രീതിയെ ബാധിച്ചേക്കാം. ഇത്തരം പോഷകങ്ങളുടെ കുറവ് തുടരുകയാണെങ്കിൽ, അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നത് (bone loss) വേഗത്തിലാവുകയും ഇത് അസ്ഥികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യാം.
വിറ്റാമിൻ-ഡി യുടെ കുറവ് മൂലവും, അസ്ഥികളിൽ ബലക്ഷയം ഉണ്ടാകാം. ഒരു ദിവസം ശരാശരി അയ്യായിരം മുതൽ ആറായിരം ചുവടുകൾ വരെ നടക്കുന്നതും വിറ്റാമിൻ ഡിയുടെ കുറവുള്ള രോഗികൾ സപ്ലിമെനന്റുകൾ കഴിക്കുന്നതും കാൽസ്യം അടങ്ങിയ പോഷകാഹാരം കഴിക്കുന്നതുമെല്ലാം ഈ രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും. കാൽസ്യം ധാരാളമടങ്ങിയ ഭക്ഷണങ്ങൾ (പാൽ, തൈര്, റാഗി, ഇലക്കറികൾ) കഴിക്കുന്നത് കാൽസ്യം ലഭ്യത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam