ഇന്ത്യന്‍ മണ്ണില്‍ കുതിച്ച് പായാന്‍ ചീറ്റകളെത്തി!

Published : Sep 17, 2022, 01:53 PM IST

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ രാജ്യത്ത് നിന്നും വംശമറ്റ് പോയ ചീറ്റകള്‍, 70 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്ത്യയില്‍ പറന്നെത്തി. ഇന്ത്യന്‍ വനാന്തരങ്ങളെ വേഗത കൊണ്ട് കീഴടക്കിയിരുന്ന ചീറ്റകളെ അക്കാലത്തെ രാജാക്കന്മാരും ബ്രീട്ടീഷ് ഉദ്യോഗസ്ഥരും വേട്ടയാടി കൊല്ലുകയായിരുന്നു. മനുഷ്യന്‍റെ നിരന്തരമുള്ള വേട്ടയാടലിനെ തുടര്‍ന്ന് വംശം നിലനിര്‍ത്താനാകാതെ പോയ ചീറ്റകളെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ചീറ്റകളെ ഇന്ത്യയിലെത്തിക്കാന്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചിരുന്നെങ്കിലും പദ്ധതി മുന്നോട്ട് പോയില്ല. ഒടുവില്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുകയും ഒടുവില്‍ നരേന്ദ്രമോദിയുടെ 72 -ാം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ മണ്ണിലേക്ക് നമീബിയയില്‍ നിന്നും ഏട്ട് ചീറ്റകളെ കൊണ്ടുവരികയായിരുന്നു.   

PREV
114
ഇന്ത്യന്‍ മണ്ണില്‍ കുതിച്ച് പായാന്‍ ചീറ്റകളെത്തി!

പുതുമണ്ണില്‍ പുതുജീവിതത്തിലേക്കാണ് ഇന്ന് പകല്‍ എട്ട് ചീറ്റകളും ഉറക്കമുണര്‍ന്നത്. നമീബിയയിലെ വരണ്ട കാലാവസ്ഥയില്‍ നിന്നും കടല്‍ കടന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെത്തി ചേരുന്ന ഇവ, പ്രാദേശിക പരിസ്ഥിതിയുമായി ഇണങ്ങിച്ചേരാന്‍ ദിവസങ്ങളെടുക്കും. അതുവരെയ്ക്കും പ്രത്യേക നിരീക്ഷണത്തിലായിരിക്കും ഇവയെ പാര്‍പ്പിക്കുക. 

214

നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെ, തന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് മധ്യപ്രദേശിലെ കുമോ നാഷണല്‍ പാര്‍ക്കില്‍ ഇന്ന് രാവിലെ തുറന്ന് വിട്ടത്. തുറന്ന് വിട്ട ചീറ്റപ്പുലികളുടെ ചിത്രങ്ങള്‍ മോദി ക്യാമറയില്‍ പകര്‍ത്തുകയും അവ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 

314

ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന്‍ വാസത്തിന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.  8 ചീറ്റപ്പുലികളുമായി ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട പ്രത്യേക വിമാനം ഇന്ന് രാവിലെയാണ് ഗ്വാളിയാർ വിമാനത്താവളത്തില്‍ എത്തിയത്.

414

ടെറ ഏവിയ എന്ന മൊൾഡോവൻ എയർലൈൻസിന്‍റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ്  747 വിമാനത്തിലാണ് ചീറ്റകൾ അതിവേഗം ഇന്ത്യന്‍ മണ്ണില്‍ പറങ്ങിയത്. മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലായിരുന്നു വിമാന യാത്ര. ഡോക്ടർമാരടക്കം വിദഗ്ധ സംഘവും ചീറ്റകള്‍ക്കൊപ്പമുണ്ടായിരുന്നു. 

514

അഞ്ച് പെണ്ണ് ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റുകളിലാണ് ഇവയെ കൂനോ നാഷണൽ പാർക്കിലേക്ക് എത്തിക്കുകയായിരുന്നു. രണ്ട് വയസ് മുതൽ ആറ് വയസ് വരെ പ്രായമുള്ള ചീറ്റകളാണ് ജന്മദേശം വിട്ട്  ഇന്ത്യയിലേക്ക് എത്തിയത്. 

614

ആൺ ചീറ്റകളിൽ രണ്ട് പേർ സഹോദരങ്ങളാണ്. ഒത്ജിവരോംഗോ റിസർവിൽ നിന്നാണ് ഇവരെ പിടികൂടിയത്.  ഒറ്റ പ്രസവത്തിൽ ജനിക്കുന്ന ആൺ ചീറ്റകൾ ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കും. അതാണ് സഹോദരങ്ങളെ ഒരുമിച്ച് കൊണ്ടുവരാന്‍ കാരണം. മൂന്നാമത്തെ ആൺ ചീറ്റ എരിണ്ടി റിസർവിൽ നിന്നാണ്. നാല് വയസ് പ്രായം. 

714

സംഘത്തിലെ ആദ്യ പെൺ ചീറ്റയെ ചീറ്റ കൺസർവേഷൻ ഫണ്ട് തെക്ക് കിഴക്കൻ നമീബിയയിൽ നിന്ന് രക്ഷിച്ചെടുത്തതാണ്. കാട്ടുതീയിപ്പെട്ട് അമ്മയെ നഷ്ടപ്പെട്ട ഈ ചീറ്റ കുഞ്ഞ് 2020 സെപ്റ്റംബർ മുതൽ സിസിഎഫിന്‍റെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലായിരുന്നു പാര്‍പ്പിക്കപ്പെട്ടിരുന്നത്. 

814

ഒരു നമീബിയൻ വ്യാപാരിയുടെ സ്വകാര്യ ഭൂമിയിൽ നിന്ന് 2022 ജൂലൈയിൽ പിടികൂടിയതാണ് രണ്ടാമത്തെ പെൺ ചീറ്റയെ. മൂന്നാമത്തെ പെൺ ചീറ്റ എരിണ്ടി റിസർവിൽ നിന്നുള്ളയാളാണ്. നാലാം ചീറ്റയെ 2017-ൽ ഒരു കൃഷിയിടത്ത് നിന്നും അവശനിലയിൽ കണ്ടെത്തി. അതിന് ശേഷം ഇതും സിസിഎഫ് സംരക്ഷണത്തിലായിരുന്നു. സംഘത്തിലെ അവസാനത്തെ ചീറ്റയെ  2019 ഫെബ്രുവരിയിൽ  വടക്ക് പടിഞ്ഞാറൻ നമീബിയയിൽ നിന്നാണ് പിടികൂടിയത്. 

914

എട്ട് പേരെയും ആവശ്യമായ കുത്തിവയ്പ്പുകളും പരിശോധനയും കഴിഞ്ഞ ശേഷം, മയക്കി കിടത്തിയാണ് വിമാനത്തിൽ കയറ്റിയത്. തുടർന്നുള്ള നിരീക്ഷണത്തിനായി പ്രത്യേക ട്രാക്കിംഗ് ഉപകരണങ്ങളും ശരീരത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.  600 ഹെക്ടർ പ്രദേശമാണ് ചീറ്റകൾക്കായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്നത്. രാജ്യത്തെ വിവിധ നാഷണൽ പാർക്കുകളിലായി 50 ചീറ്റകളെ എത്തിക്കാനാണ് സർക്കാർ പദ്ധതി. 

1014

ഇതിന്‍റെ തുടക്കമാണ് കൂനൂവിലേക്കുള്ള വരവ്.  ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നുമാണ് ചീറ്റകളെ എത്തിക്കുന്നത്. ആദ്യമെത്തുന്ന എട്ട് ചീറ്റകൾ സാഹചര്യങ്ങളോട് എങ്ങനെ പൊരുത്തപ്പെടുന്നു എന്നത് അനുസരിച്ചിരിക്കും പദ്ധതിയുടെ ഭാവി.  1952 ലാണ് രാജ്യത്ത് ചീറ്റപുലികൾക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുന്നത്. എന്നാല്‍, പദ്ധതിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. 

1114

ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ കൊണ്ടുവരാനുള്ള നീക്കത്തിന് പിന്നിൽ തങ്ങളാണെന്നും മോദി സർക്കാർ ക്രെഡിറ്റ് തട്ടിയെടുക്കുക ആണെന്നും കോൺ​ഗ്രസ് ആരോപിച്ചു. 2010-ൽ, മൻമോഹൻസിം​ഗ് മന്ത്രിസഭയിൽ വനം പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ്, പദ്ധതിയുടെ ഭാ​ഗമായി ആഫ്രിക്കൻ പര്യടനം നടത്തുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ചാണ് കോൺ​ഗ്രസിന്‍റെ അവകാശവാദം. 

1214

2010 ൽ കോൺ​ഗ്രസ് ആവിഷ്കരിച്ച പദ്ധതി 2013 ൽ സുപ്രീംകോടതി നിരോധിക്കുകയായിരുന്നെന്ന് കോൺ​ഗ്രസ് അവകാശപ്പെട്ടു. എന്നാൽ, പിന്നീട് 2020 ൽ ഈ നിരോധനം കോടതി എടുത്തു കളഞ്ഞെന്നും പാർട്ടി പറയുന്നു.  കോൺ​ഗ്രസിന്‍റെ ശ്രമഫലമായാണ് 13 വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോൾ ചീറ്റപ്പുലികൾ ഇന്ത്യയിലേക്ക് എത്തുന്നതെന്നും പാർട്ടിയുടെ ട്വീറ്റര്‍ ഹാന്‍റിലിൽ കുറിച്ചു.

1314

ചീറ്റ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും രംഗത്തെത്തി.  ​ഗൗരവമുള്ള വിഷയങ്ങളിൽ മറുപടി പറയാതെ ഒഴിഞ്ഞുമാറുന്നതിൽ മോദിക്ക് ചീറ്റപ്പുലിയെക്കാൾ വേ​ഗതയാണെന്നായിരുന്നു ഒവൈസിയുടെ ആരോപണം. 

1414

പണപ്പെരുപ്പം തൊഴിലില്ലായ്മ, ചൈന എന്നീ വിഷങ്ങളെ കുറിച്ച് ചോദിച്ചാൽ ചീറ്റയെക്കാൾ വേ​ഗത്തിലാണ് പ്രധാനമന്ത്രി ഒഴി‍ഞ്ഞുമാറുന്നതെന്ന് ഒവൈസി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.  "ഇങ്ങനെയുള്ള വിഷയങ്ങളിൽ അദ്ദേഹത്തിന് അമിത വേ​ഗതയാണ്. പതുക്കെ പോകാൻ നമ്മൾ അദ്ദേഹത്തോട് പറയണം". ഒവൈസി പരിഹസിച്ചു. "ഞാനിതൊക്കെ പതുക്കെയാണ് പറയുന്നത്, കാരണം എനിക്കെതിരെ യുഎപിഎ ചുമത്തരുതല്ലോ" അദ്ദേഹം കൂട്ടിച്ചേർത്തു. 

Read more Photos on
click me!

Recommended Stories