കര്‍ഷക സമരം; വ്യക്തമായ അജണ്ടയുമായി വരൂ ചര്‍ച്ചയാകാമെന്ന് രാക്കേഷ് ടിക്കായ്ത്ത്

First Published Jul 22, 2021, 4:03 PM IST

ട്ടാം മാസത്തിലേക്ക് നീളുന്ന കര്‍ഷക സമരം ദില്ലി അതിര്‍ത്തിയില്‍ നിന്ന് ദില്ലിയുടെ ഹൃദയ ഭാഗമായ ജന്തര്‍ മന്തിറിലേക്ക് പ്രവേശിച്ചു. ഇന്ന് രാവിലെയാണ് കര്‍ഷകര്‍ ജന്തര്‍ മന്തിറിലേക്ക് കടന്നത്. പൊലീസ് അനുമതിയോടെ 200 പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ജന്തര്‍ മന്തിറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ് , ശിവകുമാര്‍ കക്കാജി , ഹനന്‍മല്ലേ തുടങ്ങിയ പ്രധാനപ്പട്ട കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ ഇന്നത്തെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നു. ബികെയു നേതാവ് യുദ്ധവീര്‍ സിംഗാണ് ജന്തര്‍ മന്തിര്‍ സമരത്തിന് നേതൃത്വം നല്‍കുന്നത്. സമരം നടക്കുന്ന ജന്തര്‍ മന്തിറിലേക്ക് ദില്ലി പൊലീസ് മാധ്യമങ്ങളെ കടത്തിവിടുന്നില്ല. ഇതിനെ തുടര്‍ന്ന് സമരത്തെ കുറിച്ച് വിശദീകരിക്കാന്‍ കര്‍ഷക നേതാക്കള്‍ ബാരിക്കേഡിനടുത്തേക്ക് വരികയായിരുന്നു. സമരം കണക്കിലെടുത്ത് ദില്ലിയിൽ അതീവ ജാഗ്രത നിർദ്ദേശമുണ്ട്. ചിത്രങ്ങള്‍: ജന്തര്‍ മന്തിറില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്തു പ്രഭ. 

കേന്ദ്ര സർക്കാർ വ്യക്തമായ അജണ്ട നൽകിയാൽ ചർച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത് വീണ്ടും ആവര്‍ത്തിച്ചു. നിലവിൽ ജന്തർ മന്തറിൽ ഇരുന്ന് പ്രതിഷേധിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. 

ജന്തര്‍ മന്ദറിലെ സമരത്തില്‍ ഓരോ ദിവസവും 200 കര്‍ഷകര്‍ വീതമാണ് പങ്കെടുക്കുക.സമ്മേളനം അവസാനിക്കുന്ന അടുത്തമാസം 13 വരെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം നടത്തും. സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നീ സമരകേന്ദ്രങ്ങളില്‍ നിന്ന് ബസുകളില്‍ എത്തുന്ന കര്‍ഷകര്‍ വൈകീട്ട് അഞ്ച് മണിവരെയാണ് ധര്‍ണ നടത്തുക. 

രാത്രിയില്‍ കര്‍ഷകര്‍ അതിര്‍ത്തികളിലെ സമരവേദികളിലേക്ക് മടങ്ങും. സമരത്തില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങളും തിരിച്ചറിയല്‍ രേഖയും ഓരോ ദിവസവും മുന്‍കൂട്ടി പൊലീസിന് നല്‍കും. സമരത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ദില്ലിയിലുള്ളത്. 

സുരക്ഷയുടെ ഭാഗമായി സമരവേദിയില്‍ കൂടുതല്‍ സിസിടിവികള്‍ സ്ഥാപിച്ചു. പൊലീസ് അനുമതിയുണ്ടായിരുന്നിട്ടും ധര്‍ണയ്ക്കായി സിംഘുവിലെ യൂണിയന്‍ ഓഫീസില്‍ നിന്ന് അഞ്ച് ബസുകളിലായി എത്തിയ കര്‍ഷകരെ പൊലീസ് അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. 

പിന്നീട് സുരക്ഷാ പരിശോധനയ്ക്കായി കര്‍ഷകര്‍ എത്തി ചേര്‍ന്ന ബസുകള്‍ അംബര്‍ ഫാം ഹൗസിലേക്ക് പൊലീസ് മാറ്റുകയായിരുന്നു. പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമാണ് കര്‍ഷകര്‍ക്ക് ജന്തര്‍ മന്ദറില്‍ പ്രവേശിക്കാന്‍ അനുവദിച്ചത്. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചുളള കര്‍ഷകരുടെ പാര്‍ലമെന്‍റ് ധര്‍ണയുടെ ഭാഗമായുള്ള സമരമാണ് ജന്തര്‍ മന്തിറില്‍ ഇന്ന് ആരംഭിച്ചത്.

സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നീ സമരകേന്ദ്രങ്ങളില്‍ നിന്ന് പൊലീസ് അകമ്പടിയോടെയാണ് കര്‍ഷകര്‍ അഞ്ച് ബസ്സുകളിലായി പുറപ്പെട്ടത്. ബസ്സുകള്‍ക്ക് മുന്നിലും പിന്നിലും മോട്ടോര്‍ ബൈക്കുകളില്‍ ദില്ലി പൊലീസ് അകമ്പടിയുണ്ടായിരുന്നു.  

കഴിഞ്ഞ എട്ട് മാസത്തിനിടെ ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന 500 ഓളം കര്‍ഷകര്‍ മരിച്ചതായി കര്‍ഷക സംഘടനകള്‍ നേരത്തെ അറിയിച്ചിരുന്നു. അതിശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും ചൂടിനും കര്‍ഷകരെ പിന്തിരിപ്പിക്കാനായില്ല. 

കര്‍ഷകരെ ദ്രോഹിക്കുകയും കോര്‍പ്പറേറ്റുകള്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്ന വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ കര്‍ഷക സമരം അവസാനിപ്പിക്കില്ലെന്നായിരുന്നു കര്‍ഷകര്‍ മുന്നോട്ട് വച്ച ആവശ്യം. 

ദില്ലി ചലോ എന്ന് പേരിട്ട പ്രക്ഷോഭത്തെ ദില്ലി പൊലീസ് അതിര്‍ത്തികളില്‍ തടഞ്ഞതോടെയാണ് കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളില്‍ സമരം ആരംഭിച്ചത്. സമരം അവസാനിപ്പിക്കാനായി സര്‍ക്കാര്‍ കര്‍ഷകരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കര്‍ഷകര്‍ സമരം നടത്തിയതെങ്കില്‍ നിമയങ്ങള്‍ പിന്‍വലിക്കുന്നതൊഴികെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്‍റെ നിലപാട്. ഇതേ തുടര്‍ന്ന് ഇരുകൂട്ടരും നടത്തിയ പന്ത്രണ്ടോളം ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞു.

ഇതിനിടെ .ജനുവരി 26 ന് കര്‍ഷകരുട പാര്‍ലമെന്‍റ് മാര്‍ച്ചിനിടെ ബിജെപി അനുഭാവിയും സിനിമാ നടനുമായ ദീപ് സിദ്ദുവിന്‍റെ നേതൃത്വത്തില്‍ അരങ്ങേറിയ കലാപശ്രമം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. 

എന്നാല്‍ ദീപ് സിദ്ദുവിനെ അന്ന് തന്നെ കര്‍ഷക നേതാക്കള്‍ തള്ളിക്കളയുകയും തൊട്ട് പുറകെ അമിത്ഷായോടും നരേന്ദ്രമോദിയോടും ഒപ്പം ദീപ് സിദ്ദു നില്‍ക്കുന്ന ചിത്രങ്ങളും പ്രചരിച്ചു. ഇത് കേന്ദ്ര സര്‍ക്കാറിനും ബിജെപിക്കും ഒരു പോലെ നാണക്കേടായി. സര്‍ക്കാര്‍ സമരം തകര്‍ക്കാന്‍ ഗൂഢശ്രമം നടത്തുകയാണെന്ന് കര്‍ഷക സംഘടനകളും ആരോപിച്ചു. 

കര്‍ഷക സമരം എട്ടാം മാസത്തിലേക്ക് കടന്നപ്പോഴും വിവാദ നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍. സമരത്തിൽ പങ്കെടുക്കുന്ന കര്‍ഷകരിൽ ഭൂരിഭാഗവും പഞ്ചാബ്, യു.പി, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവാണ്. 

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാരടക്കം ജന്തര്‍ മന്തിറിലെത്തിയിരുന്നു. എന്‍ കെ പ്രേമചന്ദ്രന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ , രമ്യാ ഹരിദാസ്, എന്നിവരടക്കം പങ്കെടുത്തു. 

കര്‍ഷക സമരം ഡോക്യുമെന്‍റ്  ചെയ്യുന്ന പഞ്ചാബില്‍ നിന്നുള്ള കുട്ടികള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!