ദ്രാവിഡ രാഷ്ട്രീയമല്ല ആത്മീയ രാഷ്ട്രീയം; പുതിയ പാര്‍ട്ടി പ്രഖ്യാപന തിയതി പ്രഖ്യാപിച്ച് രജനീകാന്ത്

First Published Dec 4, 2020, 3:50 PM IST

മിഴ്നാടിന്‍റെ രാഷ്ട്രീയ ഭൂമികയില്‍ പുതിയൊരു പാര്‍ട്ടിയായി രജനീകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഈ മാസം 31 ന് ഉണ്ടാകുമെന്ന് ഉറപ്പായി. ഇത് സംബന്ധിച്ച് രജനീകാന്തിന്‍റെ ട്വീറ്റ് വന്നതിന് പുറകേ രജനീകാന്ത്, ബിജെപിക്ക് തമിഴ് ദ്രാവിഡ രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാനുള്ള വഴിവെട്ടുകയാണെന്ന ആരോപണങ്ങളും ശക്തമായി. "നമ്മളെല്ലാം തിരുത്തിക്കുറിക്കും. ഇപ്പോഴല്ലെങ്കിൽ പിന്നെയൊരിക്കലുമില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ നമ്മൾ വിജയിക്കും. സത്യസന്ധവും സുതാര്യവും അഴിമതിരഹിതവുമായ ഭരണം കാഴ്ചവെക്കും. മതേതരവും ആത്മീയത നിറഞ്ഞതുമായ രാഷ്ട്രീയമായിരിക്കും അത്. അത്ഭുതം സംഭവിക്കും"- വർഷങ്ങൾ നീണ്ട ആകാംക്ഷയ്ക്ക് വിരാമമിട്ട്, പഞ്ച് ഡയലോ​ഗിലൂടെയാണ് തമിഴ്നാടിന്റെ സ്റ്റൈൽ മന്നൻ രജനീകാന്ത് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചത്. ബിജെപി മാത്രമാണ് രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തത്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ചെന്നൈ ക്യാമറാമാന്‍ അനൂപ് കൃഷ്ണ.

ഡിസംബർ 31ന് രാഷ്ട്രീയപാർട്ടിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടും. 2021 ജനുവരിയിൽ പാർട്ടി പ്രഖ്യാപനം ഉണ്ടാകും. തമിഴ്നാടിന്റെ മാറ്റം ഇപ്പോഴല്ലെങ്കിൽ പിന്നെയൊരിക്കലുമില്ലെന്ന് പറയുമ്പോള്‍ തന്നെ രജനിയുടെ നിലപാട് വ്യക്തമാണ്.
undefined
കാലങ്ങളായി ദ്രാവിഡിയൻ രാഷ്ട്രീയത്തിലൂന്നിയുള്ള ഭരണത്തിന്‍റെ മാത്രം രുചിയറിഞ്ഞ തമിഴ്നാടിനെ ആത്മീയ രാഷ്ട്രീയത്തിന്‍റെ പുതിയൊരു വഴിയിലേക്ക് നയിക്കാനാണ് രജനിയുടെ ശ്രമം. ഇതോടെ രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെച്ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് വിരാമമാകുകയാണ്.
undefined
"തമിഴ്ജനതയ്ക്കായി ജീവിതം ത്യജിക്കാൻ എനിക്ക് യാതൊരു മടിയുമില്ല. തമിഴ്നാട്ടിൽ ഭരണ, രാഷ്ട്രീയ വ്യതിയാനം ഉണ്ടാവണമെന്ന അനിവാര്യത നമ്മുടെ കാലത്തിന്‍റെ ആവശ്യമാണ്"- രജനി ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. പല കാരണങ്ങളിൽ തട്ടി നിരവധി തവണ 'വേണ്ട- വേണം' ആശയക്കുഴപ്പത്തിൽ രാഷ്ട്രീയപ്രവേശത്തെ തളച്ചിട്ടുകയായിരുന്നു രജനി.
undefined
കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പൊതുരം​ഗത്തേക്കിറങ്ങേണ്ട എന്ന് ഡോക്ടർമാർ നൽകിയ നിർദ്ദേശമായിരുന്നു രജനിയെ പിന്നോട്ടുവലിച്ച ഏറ്റവുമൊടുവിലത്തെ കാരണം. കൂടാതെ ഭാര്യയും മക്കളും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്തിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
undefined
രജനിയെ എങ്ങനെയും രാഷ്ട്രീയത്തിലിറക്കാൻ ബിജെപിയും ആ നീക്കത്തിന് ആവുംവിധം തടയിടാൻ അണ്ണാഡിഎംകെയും ശ്രമിച്ചിരുന്നു. രജനിയുടെ ആത്മീയ രാഷ്ട്രീയം സംഘപരിവാറിന്‍റെ ഹിന്ദുരാഷ്ട്രീയമാണെന്ന് ഇതിനകം ആരോപണമുയര്‍ന്നു കഴിഞ്ഞു. രജനിയുടെ രാഷ്ട്രീയ പ്രവേശനം ബിജെപിയെ സഹായിക്കാനാണെന്നാണ് വിലയിരുത്തലുണ്ട്.
undefined
ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്ന ബിജെപിക്ക് രജനിയുടെ തീരുമാനം ​ഗുണകരമാവുമെന്ന് തന്നെയാണ് നിലവിലെ വിലയിരുത്തലുകൾ. വെട്രിവേൽ യാത്രയുമായി തമിഴ്നാട്ടിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് നടത്തിയ ചരടുവലികളെത്തുടർന്നാണ് രജനീകാന്ത് സമ്മർദ്ദത്തിലായതെന്നാണ് വിവരം.
undefined
അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി ആർഎസ്എസ് സൈദ്ധാന്തികൻ എസ് ​ഗുരുമൂർത്തി രജനിയുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു. സന്ദർശനവേളയിലാവട്ടെ ബിജെപിയുടെ സൈദ്ധാന്തികനേതാവ് അർജുന മൂർത്തിയുമായും രണ്ട് ദിവസം അമിത് ഷാ ചർച്ച നടത്തിയിരുന്നു.
undefined
ഇതേ അർജുനമൂർത്തിയാണ് ഇന്ന് രജനീകാന്തിന്‍റെ പാർട്ടി കോർഡിനേറ്ററായി നിയമിതനായിരിക്കുന്നത്. അർജുന മൂർത്തിയും സംഘവുമാണ് ഇനി രജനീകാന്തിന്‍റെ സാമൂഹ്യമാധ്യമ ഇടപെടലുകള്‍ നിയന്ത്രിക്കുക. അതായത് ബിജെപിയുടെ തമിഴ്നാട്ടിലെ 'ബി' ടീമായിരിക്കും രജനിയുടെ പുതിയ പാര്‍ട്ടിയെന്ന് വ്യക്തം.
undefined
കഴിഞ്ഞ ദിവസമാണ് അർജുനമൂർത്തി ബിജെപിയിൽ നിന്ന് രാജിവച്ചത്. വിശദീകരണമൊന്നും ആവശ്യപ്പെടാതെ തന്നെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കാരു നാ​ഗരാജൻ ആ രാജി സ്വീകരിക്കുകയും ചെയ്തു.
undefined
ദേശീയനേതാക്കളുമായി പോലും വളരെയടുപ്പമുള്ള അർജുന മൂർത്തിയുടെ പെട്ടന്നുള്ള രാജിയും തുടർനീക്കങ്ങളും കണ്ണുമടച്ച് വിശ്വസിക്കാനാവുന്നതല്ലെന്ന് അഭിപ്രായങ്ങളുയരുന്നുണ്ട്. തന്‍റെ ആത്മീയ രാഷ്ട്രീയമാണ് എന്നത് രജനീകാന്ത് ആവർത്തിച്ചു പറയുന്ന കാര്യമാണ്. ദ്രാവിഡ രാഷ്ട്രീയപാതയല്ല തന്‍റെതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
undefined
ബിജെപിയുടെ ഹിന്ദുത്വയുമായി ഈ 'ആത്മീയരാഷ്ട്രീയ'ത്തെ കൂട്ടിക്കലർത്തിക്കൊണ്ടുള്ള നീക്കമാണോ ഇനി നടക്കാനുള്ളതെന്ന് കണ്ടറിയണം. ബിജപിയുടെ ആശയങ്ങൾ നേരിട്ട് തമിഴ്മണ്ണിലേക്ക് ആഴ്ന്നിറങ്ങില്ല. അപ്പോൾ പിന്നെ മൃദുഭാവത്തിൽ അവതരിപ്പിച്ചു കൂടായ്കയില്ലല്ലോ എന്നാതാണ് ആരോപണങ്ങളുടെ അടിസ്ഥാനം.
undefined
31ന് രാഷ്‍ട്രീയ പാര്‍ട്ടിയുടെ ലോഞ്ചിംഗ് നടത്തുമെന്നാണ് രജനികാന്ത് പ്രഖ്യാപിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ പേര് സംബന്ധിച്ച് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. രജനികാന്ത് ബിജെപിയിൽ ചേരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
undefined
അനുയായികളുടെ കൂട്ടായ്മയായ രജനി മക്കൾ മൺഡ്രം ഉചിത തീരുമാനം കൈകൊള്ളാൻ തന്നെ ചുമതലപ്പെടുത്തിയതായിയെന്നായിരുന്നു രജനികാന്ത് അന്ന് അറിയിച്ചത്. പുതിയ രാഷ്ട്രീയ പാർട്ടി വേണമോ, ബിജെപിയുടെ ഭാഗമാകണമോ എന്ന തീരുമാനം കൈകൊണ്ടതിന് ശേഷം രജനികാന്ത് പ്രഖ്യാപനം നടത്തും എന്നായിരുന്നു റിപ്പോർട്ടുകൾ.
undefined
എന്തായാലും രാഷ്‍ട്രീയ പ്രഖ്യാപനം സംബന്ധിച്ച വിവരങ്ങള്‍ പറയവേ പുതിയ സിനിമയുടെ ചിത്രീകരണത്തെ കുറിച്ചും രജനികാന്ത് സൂചിപ്പിച്ചത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
undefined
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയിലായിരുന്നു രജനികാന്ത് അഭിനയിച്ചുകൊണ്ടിരുന്നത്. ഹൈദരാബാദില്‍ റാമോജി ഫിലിം സിറ്റിയിലായിരുന്നു ചിത്രീകരണം തുടങ്ങിയത്. കൊവിഡിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവയ്‍ക്കുകയായിരുന്നു. അടുത്ത വര്‍ഷം ആദ്യം അണ്ണാത്തെയുടെ ചിത്രീകരണം തുടങ്ങും. രജനികാന്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
undefined
സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ രാഷ്‍ട്രീയ പാര്‍ട്ടിയുടെ രജിസ്‍ട്രേഷൻ സംബന്ധിച്ച കാര്യങ്ങള്‍ ചെയ്യാൻ തമിളരുവി മണിയൻ തന്നെ സഹായിക്കുമെന്നും രജനികാന്ത് പറഞ്ഞു.മീന, ഖുശ്‍ബു, കീര്‍ത്തി സുരേഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രമാണ് അണ്ണാത്തെ.ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു സിനിമയായിരുന്നു രജനികാന്തിനെ നായകനാക്കി സിരുത്തൈ ശിവ ഒരുക്കുക.
undefined
undefined
click me!