യൂറോപ്പില്‍ വീണ്ടും കൊവിഡ് വ്യാപനം; നിയന്ത്രണത്തിനെതിരെ ഇറ്റലിയില്‍ ജനം തെരുവില്‍

First Published Oct 27, 2020, 1:14 PM IST

ഇടവേളക്ക് ശേഷം യൂറോപ്പില്‍ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുകയാണ്. ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കേസുകളുടെ എണ്ണം കഴിഞ്ഞ ആഴ്ചയില്‍ ഇരട്ടിയിലധികം വര്‍ധിച്ചു. പല രാജ്യങ്ങളും നിയന്ത്രണത്തിലേക്ക് പോകുകയാണ്. എന്നാല്‍, ആദ്യ ഘട്ടത്തില്‍ ലോക്ക്ഡൗണില്‍ ജനം സഹകരിച്ചതുപോലെയല്ല ഇപ്പോള്‍ കാര്യങ്ങള്‍. നിയന്ത്രണങ്ങളില്‍ ജനത്തിന് ശക്തമായ എതിര്‍പ്പുണ്ട്. കഴിഞ്ഞ ദിവസം കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്.
 

യൂറോപ്പില്‍ കൊവിഡ് വീണ്ടും വ്യാപിക്കുന്നതിനിടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനെതിരെ ഇറ്റലിയില്‍ ജനം തെരുവില്‍. പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. ടൂറിനില്‍ പ്രതിഷേധക്കാര്‍ പെട്രോള്‍ ബോംബെറിഞ്ഞു.
undefined
മിലാനില്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ നേരിട്ടത്. നേപ്പിള്‍സിലും പ്രതിഷേധക്കാര്‍ തെരുവിലറങ്ങി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റസ്റ്റോറന്റുകള്‍, ബാറുകള്‍, തിയറ്ററുകള്‍ എന്നിവ അടക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇറ്റലിയില്‍ പ്രക്ഷോഭമുണ്ടായത്.
undefined
നിരവധി നഗരങ്ങളില്‍ രാത്രി നിരോധനം നിലനില്‍ക്കുന്നുണ്ട്. ചെറുനഗരങ്ങളിലും പ്രതിഷേധക്കാര്‍ തെരുവിലറങ്ങി. അടച്ചിടല്‍ നിര്‍ദേശത്തെ തുടര്‍ന്ന് രാജ്യത്തെ പ്രധാന ബിസിനസ് സ്ഥാപനങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
undefined
നവംബര്‍ 24വരെയാണ് പുതിയ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സാമൂഹിക അകലം പാലിച്ച് സ്‌കൂളുകള്‍ തുറക്കാമെന്ന് പ്രാദേശിക ഭരണകൂടങ്ങള്‍ നിര്‍ദേശം നല്‍കിയെങ്കിലും വിദ്യാഭ്യാസ മന്ത്രി ലൂസിയ അസോലിന അംഗീകരിച്ചിട്ടില്ല.
undefined
കഴിയുന്നതും പൊതു ഗതാഗതം ഒഴിവാക്കണമെന്നും സിറ്റി വിട്ടുള്ള യാത്ര അത്യാവശ്യമാണെങ്കില്‍ മാത്രം മതിയെന്നുമാണ് സര്‍ക്കാര്‍ ആളുകള്‍ക്ക് നല്‍കിയ നിര്‍ദേശം. നിയന്ത്രണങ്ങളോട് ആളുകള്‍ സഹകരിക്കണമെന്നും ഡിസംബറോടുകൂടി എല്ലാം സാധാരണരീതിയിലാകുമെന്നും പ്രധാനമന്ത്രി ഗിസെപ്പെ കോണ്ടെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
undefined
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബെല്‍ജിയത്തും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. ഫ്രാന്‍സിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ നിയന്ത്രണങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ചെക്ക് റിപ്പബ്ലിക്കിലും സ്‌പെയിനിലും രാത്രി നിരോധനം ഏര്‍പ്പെടുത്തി.
undefined
ചൈനയിലെ കൊവിഡ് വ്യാപനത്തിന് ശേഷം യൂറോപ്പിലായിരുന്നു കൊവിഡ് പടര്‍ന്ന് പിടിച്ചത്. ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കൊവിഡ് വ്യാപകമായി പടര്‍ന്നിരുന്നു. ആദ്യഘട്ടത്തില്‍ ലോക്ക്ഡൗണിനോട് സഹകരിച്ച ജനം ഇപ്പോള്‍ പലയിടത്തും തെരുവിലിറങ്ങുന്ന അവസ്ഥയാണ്.
undefined
click me!