വയനാടന്‍ മലനിരചുറ്റി, കോടമഞ്ഞിലും ആവേശം പകര്‍ന്ന് ബൈക്കേഴ്സ് ക്ലബ്ബിന്‍റെ സൈക്കിള്‍ റാലി

Published : Aug 23, 2022, 02:28 PM ISTUpdated : Aug 23, 2022, 02:38 PM IST

കഴിഞ്ഞ ഞായറാഴ്ച രാവിലെ  6.45 ന് വയനാട് ജില്ലയിലെ ലക്കിടിയില്‍ ഒരു കൂട്ടം സൈക്കിള്‍ പ്രേമികള്‍ ഒത്തുകൂടി. കൂട്ടത്തിലൊരാള്‍ വെള്ളയും കറുപ്പും കള്ളികളുള്ള കൊടി വീശിയപ്പോള്‍ നൂറ് കണക്കിന് സൈക്കിളുകള്‍ മൂടല്‍ മഞ്ഞിനെ വകഞ്ഞ് മാറ്റി കുതിച്ചു പാഞ്ഞു. ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച അന്തർദ്ദേശീയ സുസ്ഥിര പർവ്വത വികസന വർഷത്തോടനുബന്ധിച്ച് വയനാടന്‍ ബൈക്കേഴ്സ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബൈക്കേഴ്‌സ്‌ റാലിയായിരുന്നു അത്. കോടമഞ്ഞ് മൂടിയ മലനിരകള്‍ പിന്നിട്ട് ഇളം തണുപ്പിലും കാഴ്ചയെ ചൂട് പിടിപ്പിച്ച് അവര്‍ ഒരു മനസായി ഒഴുകിയിറങ്ങി. എഴുത്ത് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ശ്യാമില്‍ അമീന്‍ പി. ബൈക്കേഴ്‌സ്‌ റാലിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമാറാമാന്‍ വി ആര്‍ രാഗേഷ്.     

PREV
114
വയനാടന്‍ മലനിരചുറ്റി, കോടമഞ്ഞിലും ആവേശം പകര്‍ന്ന് ബൈക്കേഴ്സ് ക്ലബ്ബിന്‍റെ സൈക്കിള്‍ റാലി

ലക്കിടിയില്‍ നിന്ന് വയനാടന്‍ മലനിരചുറ്റി നൂറ് കണക്കിന് സൈക്കിളുകളാണ് കുതിച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ ആവേശമുയര്‍ത്തിയ ആ സൈക്കിള്‍ റാലി ഒടുവില്‍ സാഹസിക എക്കോ ടൂറിസം കേന്ദ്രമായ ചെമ്പ്രാപീക്കിലാണ് അവസാനിച്ച്. ഇതിനിടെ ലക്കിടിയില്‍ നിന്ന് ചെമ്പ്രാപീക്ക് വരെ പതിനാറിലും അറുപതിനും ഇടയില്‍പ്രായമുള്ള സംസ്ഥാനത്തന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് സവാരിക്കാര്‍ പങ്കെടുത്തു. 

214

മലയോര സൈക്കിൾ സവാരിയുടെ അനന്ത സാധ്യതകളിലേക്ക്‌ ശ്രദ്ധയാകർഷിക്കുക എന്ന ലക്ഷ്യവും പരിപാടിക്ക്‌ പിന്നിലുണ്ട്‌. എംടിബി, റോഡ്‌ സൈക്കിൾ, ഓപ്പൺ വുമൺ വിഭാഗങ്ങളിലായും കുട്ടികളുടെതുമായി  5 വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു. ജില്ലാ ടൂറിസം ഡിപ്പാർട്ട്മെന്‍റും സൈക്കിൾ അസോസിയേഷനും വയനാട്‌ പ്രസ്സ്‌ ക്ലബ്ബും പരിപാടിയുമായി സഹകരിച്ചു.

314

ചെറിയ മഴചാറ്റലും കോടമഞ്ഞും തണുപ്പും ഇടയ്ക്കിടെ എത്തിയ വെയിലും ഉയര്‍ന്ന മലനിരകളും തെയില തോട്ടങ്ങളും പിന്നിട്ട് അവര്‍ ഒരു മനസായി കുതിച്ചു. ഏതാണ്ട് 30 കിലോമീറ്റര്‍ ദൂരമുള്ള മത്സര ട്രാക്കില്‍ ആരാണ് ആദ്യമെത്തുകയെന്ന് അവരോരോരുത്തരും സ്വയം ചോദിച്ചിട്ടുണ്ടാകും. 

414

വയനാട് ലക്കിടിയില്‍ നിന്ന് ചങ്ങലപ്പൂട്ടില്‍ ബന്ധിക്കപ്പെട്ട കരിന്തണ്ടന്‍റെ ഓര്‍മ്മകളുറങ്ങുന്ന വഴികടന്ന്  കുന്നത്തിടവക കയറി സൈക്കിളുകള്‍ വൈത്തിരി ടൗണില്‍ പ്രവേശിച്ചു. അവിടെ നിന്നും ചേലോട്, ചുണ്ടേല്‍ വഴി കുന്നമ്പറ്റയ്ക്ക്. പിന്നെ മേപ്പാടി ടൗണ്‍. അവിടെ നിന്നും ചെമ്പ്രാമലയുടെ താഴ്വാരയിലേക്ക് നൂറ് കണക്കിന് സൈക്കിളുകള്‍ ഒഴുകിയിറങ്ങി. 

514

സൈക്കിള്‍ ചലഞ്ചില്‍ സീനിയര്‍ റൈഡരില്‍ രണ്ട് പേരെ പ്രത്യേകം പരിജയപ്പെടണം. കാരണം, ഇരുവര്‍ക്കും സൈക്കിള്‍ ജീവിതത്തിന്‍റെ ഭാഗമാണ്. ചെറുപ്പം തൊട്ടേയുള്ള സൈക്കിള്‍ യാത്രകള്‍ ഇന്ന് സൈക്കിള്‍ റൈഡുകളിലെത്തി നില്‍ക്കുന്നു.

614

അതിലൊരാള്‍ കോഴിക്കോട് കാപ്പാട് സ്വദേശി ഹംസ. 2017 ലാണ് ഹംസ സൈക്കിള്‍ റൈഡുകളിലേക്ക് തിരിയുന്നത്. റൈഡേഴ്സിന്‍റെ കൂട്ടായ്മ നടത്തിയ വിവിധ മത്സരങ്ങളില്‍ ഹംസയും പങ്കാളിയായിരുന്നു. 

714

തൃശ്ശൂര്‍ സ്വദേശിയായ ഹരിയാകട്ടെ 2013 ല്‍ തൃശ്ശൂരില്‍ നിന്ന് ലഡാക്കിലേക്ക് സൈക്കിള്‍ യാത്ര നടത്തിയ അഞ്ചംഗ സംഘത്തിലെ അംഗമായിരുന്നു. അന്ന് 52 ദിവസം നീണ്ട യാത്രയ്ക്കൊടുവിലാണ് സംഘം ലഡാക്കിലെത്തിയത്. 

814

പിന്നീട് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന റൈഡുകളില്‍ ഹരി പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴും സൈക്കിള്‍ റൈഡുകളില്‍ ഹരിയുടെ സാന്നിധ്യമുണ്ടായിരിക്കും. 2013 ന് മുമ്പ് വിവിധ സംഘടനകളുടെ ബോധവത്ക്കരണ പരിപാടികള്‍, ധനശേഖരണം, പ്രതിഷേധം തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഹരിയുടെയും ഹരിയുടെ സൈക്കിളിന്‍റെയും സാന്നിധ്യമുണ്ടായിരുന്നു. 

914

എന്നാല്‍, 2017 മുതലാണ് സൈക്കിള്‍ റൈഡുകളിലേക്ക് തിരിയുന്നതെന്ന് ഹരി പറയുന്നു. റൈഡേഴ്സ് കൂട്ടായ്മയുിലൂടെ വിവിധ മത്സരങ്ങളിലും ഹരി സാന്നിധ്യമറിയിച്ചു. കാപ്പാട് ബീച്ച് റൈഡേഴ്സ് എന്ന കൂട്ടായ്മയിലൂടെയാണ് ഹംസയും ഹരിയും സുഹൃത്തുക്കളാകുന്നത്. 

1014

സൈക്കിളോട്ടത്തില്‍ പ്രായമില്ലെന്നാണ് ഇരുവരുടെയും പക്ഷം. മനസിന് പ്രായമില്ലല്ലോ.. അപ്പോ മനസ് ഓക്കെയാണെങ്കില്‍ ശരീരവും ഓക്കെ. സൈക്കിളില്‍ ദീര്‍ഘ ദൂരയാത്രകള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന മാനസീകോല്ലാസത്തിനൊപ്പം നല്ല ആരോഗ്യവും സൈക്കിള്‍ സവാരിയിലൂടെ കിട്ടുമെന്നും ഇരുവരും പറയുന്നു. 

1114

കല്പറ്റ സ്വദേശികളായ മഹിസുധിയും മീരാസുധിയും സഹോദരിമാരാണ്. ഇരുവരും സൈക്കിള്‍ യാത്രയെ നെഞ്ചേറ്റിയവര്‍. ബൈക്കേഴ്സ് ക്ലബ്ബിന്‍റെ ഭാരവാഹിയും കെഎസ്ഇബി ഉദ്യോഗസ്ഥനുമായ സി പി സുധീഷിന്‍റെ മക്കളാണിരുവരും. മഹി പ്ലസ്ടു വിദ്യാര്‍ത്ഥിനിയും മീര ബിരുദ വിദ്യാര്‍ത്ഥിനിയുമാണ്. മത്സരത്തില്‍ മഹി ഒന്നാം സ്ഥാനം നേടിയപ്പോള്‍ മീര മൂന്നാം സ്ഥാനത്തെത്തി. 

1214

രണ്ട് വര്‍ഷം മുമ്പാണ് വയനാട് ജില്ലയില്‍ സൈക്കിള്‍ പ്രണയിനികള്‍ ഒത്തുകൂടുന്നത്. പുലര്‍കാല വയനാടന്‍ സൗന്ദര്യം നുകരുന്നതിനൊപ്പം ആരോഗ്യ സംരക്ഷണവും മുന്‍നിര്‍ത്തി നിരവധി പേര്‍ വയനാടന്‍ മലനിരകള്‍ ചവിട്ടിയിറങ്ങി. ഒടുവില്‍ ഈ സൈക്കിള്‍ പ്രേമികള്‍ ഒരു കൂട്ടായ്മയുണ്ടാക്കി, വയനാടന്‍ ബൈക്കേഴ്സ് ക്ലബ്. 

1314

കൊവിഡ് പ്രതിസന്ധിക്കിടെ ഒരു ഇടവേളയുണ്ടായെങ്കിലും രോഗവ്യാപനത്തില്‍ കുറവുണ്ടായപ്പോള്‍ വയനാടന്‍ മലനിരകളിലെ റോഡുകളില്‍ വീണ്ടും സൈക്കിളുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇന്ന് വയനാടില്‍ പുലര്‍ച്ച സൈക്കിള്‍ ചവിട്ടുന്ന നിരവധി പേരുണ്ടെന്ന് ക്ലബ്ബിന്‍റെ പ്രസിഡന്‍റ് ഡോ. മുഹമ്മദ് സാജിദും സെക്രട്ടറി സിപി സുധീഷും ഒരുപോലെ പറയുന്നു. 

1414

ലക്കിടിയിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി അജേഷ്‌,  ജില്ലാ സൈക്കിളിങ്‌  അസോസിയേഷൻ പ്രസിഡന്‍റ് സത്താർ വിൽട്ടൻ എന്നിവരാണ്‌ മത്സരത്തിന്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തത്‌. ജേതാക്കൾ: സീനിയർ ഹൈബ്രീഡ് : കെ എ ആദർശ്‌ (ആലപ്പുഴ).  ജൂനിയർ ഹൈബ്രീഡ്‌ : ആഥിത്യൻ (വയനാട്‌).  സീനിയർ എംടിബി: ജുനൈദ്‌ (വയനാട്‌).  ജൂനിയർ എംടിബി: സെയദ്‌ മുഹമ്മദ്‌ മസിൻ (വയനാട്‌) . മത്സര ഓട്ടം കഴിഞ്ഞതോടെ വയനാടന്‍ പ്രകൃതി ഭംഗി നുകര്‍ന്നുള്ള സൈക്കിള്‍ സവാരിക്കായി ജില്ലയില്‍ ഒരു റൈഡേഴ്സ് ട്രാക്ക് വേണമെന്ന ആവശ്യവും ഉയരുന്നു. 

Read more Photos on
click me!

Recommended Stories