പഠിക്കണം, കരയും കടലുമെന്ന് സമരക്കാര്‍; പുനരധിവാസത്തിന് 17 ഏക്കര്‍ നല്‍കാമെന്ന് സര്‍ക്കാര്‍

Published : Aug 16, 2022, 12:31 PM ISTUpdated : Aug 16, 2022, 12:36 PM IST

തീരദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മൽസ്യത്തൊഴിലാളികൾ ഇന്ന് കരിദിനം ആചരിക്കുന്നു. രാവിലെത്തെ കുർബാനയ്ക്ക് ശേഷം വിഴിഞ്ഞം ഭാഗത്തെ തീരദേശത്തെ എല്ലാ പള്ളികളിലും കരിങ്കൊടി ഉയ‍ർത്തി. വിഴിഞ്ഞം തുറമുഖ നിർമാണത്തിന്‍റെ പേരില്‍, വികസനം എന്ന  ഓമനപ്പേരിൽ മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്നും ഇതിനെതിരെയാണ് സമരമെന്നും ലത്തീന്‍ അതിരൂപ അറിയിച്ചു. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ‌തുറമുഖത്തിന് മുന്നിൽ ആയിരക്കണക്കിന്  മത്സ്യത്തൊഴിലാളികളും വിശ്വാസികളും ഉപരോധ സമരം തുടങ്ങി. സമരസ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് റോബര്‍ട്ട്. 

PREV
110
പഠിക്കണം, കരയും കടലുമെന്ന് സമരക്കാര്‍; പുനരധിവാസത്തിന് 17 ഏക്കര്‍ നല്‍കാമെന്ന് സര്‍ക്കാര്‍

2023 മാര്‍ച്ചോട് കൂടി ആദ്യ കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുമെന്നാണ് വിഴിഞ്ഞം പോര്‍ട്ട് ട്രസ്റ്റ് അറിയിച്ചിരുന്നത്. തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചാല്‍ പിന്നെ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടില്ലെന്ന ആശങ്കയിലാണ് തീരദേശവാസികള്‍. ഈ ആശങ്കയില്‍ നിന്നാണ് ഇപ്പോഴത്തെ സമരം ഉടലെടുത്തതും. ഇതുവരെയായി വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് സമരക്കാരും ആരോപിച്ചു. തീരദേശത്ത് നിന്ന് കരിങ്കൊടിയുമായി തുറമുഖ കവാടത്തിലേക്ക് ബൈക്ക് റാലി നടത്തിയ ശേഷം മുല്ലൂരിൽ അദാനിയുടെ വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നിലാണ് ഇന്ന് രാവിലെ മുതല്‍ മത്സ്യത്തൊഴിലാളികള്‍ രാപ്പകൽ ഉപരോധ സമരം തുടങ്ങിയത്. 

210

സമരം ലത്തീന്‍ അതിരൂപത സഹായ മെത്രാൻ ആർ ക്രിസ്തുദാസ് ഉത്‌ഘാടനം ചെയ്തു. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ സമരസന്ദേശം വായിച്ചു. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെച്ച് കൃത്യമായ പഠനം നടത്തുക, പുനരധിവാസ പദ്ധതികൾ വേഗത്തിൽ നടപ്പാക്കുക, അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം ഉറപ്പാക്കുക, തീരശോഷണം തടയാൻ നടപടി സ്വീകരിക്കുക തുടങ്ങി ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

310

തങ്ങളുടെ ആവശ്യം നിറവേറുന്നതുവരെ സമരരംഗത്ത് തന്നെയുണ്ടാകുമെന്നും സമരക്കാര്‍ അറിയിച്ചു. സമരരംഗത്ത് പ്രധാനമായും യുവാക്കളുള്ളത്. യാതൊരുതരത്തിലുള്ള മനുഷ്യാവകാശങ്ങളും ഇല്ലാത്തതരത്തിലാണ് മത്സ്യത്തൊഴിലാളികള്‍ തീരദേശങ്ങളില്‍ താമിസിക്കുന്നതെന്നും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇത് വരെ തയ്യാറായിട്ടില്ലെന്നും വിന്‍സന്‍റ് എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

410

അതേസമയം ഈ മാസം 22 ന് മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാൻ മന്ത്രിമാരുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് മന്ത്രി ആന്‍റണി രാജു അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾക്ക് അടിസ്ഥാനമുണ്ടെന്നും സംസ്ഥാനത്തിന് മാത്രം ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉൾപ്പെടെ ഉറപ്പാക്കാൻ 17 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

510

മന്ത്രിസഭാ ഉപസമിതി ചർച്ചയ്ക്ക് മുൻകൈ എടുക്കുമെന്നും സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നു. മുട്ടത്തറയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ പതിനേഴര ഏക്കർ ഭൂമി ഭവനപദ്ധതിക്കായി വിട്ടുനല്‍കാമെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. തീരശേഷണത്തില്‍ മത്സ്യത്തൊഴിലാളികള്‍ സമരം കടുപ്പിച്ചതോടെയാണ് മത്സ്യത്തൊഴിലാളികളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ അറിയിച്ചത്. കഴിഞ്ഞ പത്താം തിയതി തലസ്ഥാനത്ത് ലത്തീൻ സഭയും മത്സ്യത്തൊഴിലാളികളും തലസ്ഥാന നഗരത്തിലേക്ക് ലോറികളില്‍ വള്ളം അടക്കം ഇറക്കി കടുത്ത പ്രതിഷേധസമരം നടത്തിയിരുന്നു. 

610

തീരമേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിനെതിരെ വള്ളവുമായി സമരത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ പോലീസ് തടഞ്ഞത് നേരത്തെ സംഘർഷത്തിനിടയാക്കി. ഇതിന് പിന്നാലെയാണ് വിഴിഞ്ഞം തുറമുഖത്ത് പുതിയ രാപ്പകല്‍ സമരം ആരംഭിച്ചത്. മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേൾക്കാൻ തയാറാകണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പേരേര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

710

സർക്കാർ ജനാധിപത്യപരമായി ചർച്ചയ്ക്ക് തയാറാകണം. ക്യാബിനറ്റ് സബ് കമ്മിറ്റികളുടെ ചർച്ച എങ്ങുമെത്തിയിട്ടില്ല. ഡ്രഡ്ജിങ് അടക്കം വലിയ വിഷയങ്ങളിൽ നടപടികൾ വേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടലിലും കരയിലും ഒരുപോലെ പഠനം നടത്തി, വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നുള്ള ആഘാതം കൃത്യമായി പഠിക്കണമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പേരേര ആവശ്യപ്പെട്ടു.

810

ഈ മാസം പത്താം തിയതി ലത്തീന്‍ സഭയുടെ മത്സ്യത്തൊഴിലാളികളും സെക്രട്ടേറിയേറ്റിലേക്ക് വള്ളവുമായി സമരം നടത്തിയതിന് പിന്നാലെ ഈ മാസം 13 -ാം തിയതി സിഐടിയു കൊല്ലത്ത് മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിച്ച് സമരം നടത്തിയിരുന്നു. തിരുവനന്തപുരത്ത് ലത്തീൻ സഭയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ  പ്രക്ഷോഭം ശക്തമാക്കിയത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനിടയിലാണ് മത്സ്യത്തൊഴിലാളികളെ  അണിനിരത്തി തങ്കശ്ശേരി കടപ്പുറത്ത് സിഐടിയുവും പരിപാടി സംഘടിപ്പിച്ചത്. 

910

കേന്ദ്ര സര്‍ക്കാരാണ് തീരദേശ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് സിഐടിയുവിന്‍റെ ആരോപണം. ഇന്ധന വിലവര്‍ധനവ് കേന്ദ്ര സര്‍ക്കാർ പിൻവലിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. സിഐടിയുവിന്‍റെ സമരം ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. മത്സ്യബന്ധനത്തിനാവശ്യമായ മണ്ണെണ്ണ അനുവദിക്കുക. മത്സ്യഫെഡിനെ തകര്‍ക്കാനുള്ള ഗൂഢാലോചന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സിഐടിയു പരിപാടി സംഘടിപ്പിച്ചത്.  

1010

തിരുവനന്തപുരത്ത് ലത്തീൻ സഭയുടെ പ്രതിഷേധങ്ങൾക്ക് കാരണം ഉമ്മൻ ചാണ്ടി സര്‍ക്കാരെടുത്ത തീരുമാനങ്ങളാണെന്നായിരുന്നു സിഐടിയുവിന്‍റെ ആരോപണം. പ്രളയ കാലത്ത് മത്സ്യത്തൊഴിലാളികളെ കേരളത്തിന്‍റെ സൈന്യമെന്ന് വിശേഷിപ്പിച്ചത് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനാണ്. അതേ മുഖ്യമന്ത്രിയുടെ രണ്ടാം ഭരണകാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കിയത് രണ്ടാം പിണറായി സര്‍ക്കാറിനേറ്റ വലിയ ക്ഷീണമായി. ഇതോടെ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ മുനയൊടിക്കാനാണ് സിഐടിയുവിന്‍റെ ശ്രമമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 

Read more Photos on
click me!

Recommended Stories