'വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ജീവിതം തകര്‍ക്കുന്നു'; വള്ളങ്ങളുമായി സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ തീരദേശവാസികള്

First Published Aug 10, 2022, 3:58 PM IST

ദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തങ്ങളുടെ കിടപ്പാടം ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ച് തീരദേശവാസികളുടെയും ലത്തീന്‍ സഭയുടെയും ശക്തമായ സമരം ഇന്ന് രാവിലെ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടന്നു. കഴിഞ്ഞ 20 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ ഇതേ ആവശ്യം ഉന്നയിച്ച് സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ഇന്ന് നഗരത്തിലേക്ക് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ തീരദേശവാസികള്‍ വള്ളങ്ങളുമായി സമരത്തിനെത്തിയത്. എന്നാല്‍, പ്രകടനത്തിന് അനുമതി നല്‍കിയിരുന്ന പൊലീസ് വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പ്രകടനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് വള്ളങ്ങള്‍ തടഞ്ഞത് ഏറെ നേരം സംഘര്‍ഷത്തിന് ഇടയാക്കി. ഒടുവില്‍ സമരക്കാരുടെ സമരവീര്യത്തിന് അടിയറ പറഞ്ഞ പൊലീസ് വള്ളങ്ങളുപയോഗിച്ചുള്ള സമരത്തിന് അനുമതി നല്‍കുകയായിരുന്നു. തീരദേശവാസികളുടെ സമര ചിത്രങ്ങള്‍ പകര്‍ത്തിയത് ശിവ പ്രസാദ്. 

തീരത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും നഗരത്തിലേക്ക് ബോട്ടുമായി പുറപ്പെട്ട മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞത്തും പൂന്തുറയിലും പൊലീസ് ആദ്യം തടഞ്ഞു. പൊലീസിനെ അവഗണിച്ച് ലോറികളിൽ ബോട്ടു കയറ്റി വന്നവരെ തിരുവന്തപുരം ജനറല്‍ ആശുപത്രിയുടെ മുന്നില്‍ വച്ചും ഈഞ്ചക്കല്‍ വെച്ചും പൊലീസ് തടഞ്ഞതോടെ പ്രതിഷേധം കനത്തു. മത്സ്യത്തൊഴിലാളികളും പൊലീസും ഏറ്റുമുട്ടുന്ന രീതിയിലേക്ക് വരെ കാര്യങ്ങളെത്തി. ഏതാണ്ട് പതിനഞ്ച് മിനിറ്റോളം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. 

സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലന്ന് മത്സ്യത്തൊഴിലാളികൾ പ്രഖ്യാപിച്ചതോടെ പൊലീസും മത്സ്യത്തൊഴിലാളികളും തമ്മിൽ ഉന്തും തള്ളുമായി. ഒടുവില്‍ മത്സ്യത്തൊഴിലാളികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സമരത്തിന് പൊലീസിന് മാര്‍ച്ചിന് അനുമതി നല്‍കേണ്ടി വന്നു. ഇതേ തുടര്‍ന്ന് മ്യൂസിയത്തില്‍ നിന്നും സെക്രട്ടേറിയേറ്റിലേക്ക് തീരദേശവാസികള്‍ വള്ളങ്ങളുമായി മാര്‍ച്ച് നടത്തി. സൂസേപാക്യം ഉള്‍പ്പെടെയുള്ള ലത്തീന്‍ അതിരൂപതയിലെ പ്രധാന വ്യക്തികളെല്ലാം സമരത്തിനെത്തിയിരുന്നു. 

വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലമുണ്ടാകുന്ന തീരശോഷണം പരിഹരിക്കണം, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവർക്ക് പുനരിധവാസം ഉറപ്പാക്കുക, മുതലപ്പൊഴിയടക്കമുള്ള സ്ഥലങ്ങളിൽ സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കുക, മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണയുടെ വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു തീരദേശവാസികളുടെ സമരം.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടെ നൂറ് കണക്കിനാളുകളാണ് സമരത്തിനായി രാവിലെ തന്നെ വിവിധ വാഹനങ്ങളിലായി നഗരത്തിലേക്ക് എത്തിയിരുന്നു. ഇവര്‍ക്ക് പുറകെയാണ് ലോറികളിലും മറ്റുമായി നഗരത്തിലേക്ക് മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങളെത്തിച്ചത്. കഴിഞ്ഞ 20 ദിവസത്തിലേറെയായി ഇതേ ആവശ്യം ഉന്നയിച്ച്  തീരദേശവാസികള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍സമരത്തിലാണ്. 

കാലവര്‍ഷത്തില്‍ തീരശോഷണം ശക്തമാകുമ്പോള്‍ വീടുകളും നഷ്ടമാകുന്നുവെന്നും ഇതിന് ശാശ്വതമായ ഒരു പരിഹാരം വേണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ സര്‍ക്കാറില്‍ നിന്ന് ഇതുവരെയായും ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്ന് തീരദേശവാസികളും പറയുന്നു. 

തീരശേഷണത്തിന് കാരണം അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണമെന്നാണ് തീരദേശവാസികളുടെ ആരോപണം. ശരിയായ പഠനത്തിന്‍റെ അടിസ്ഥാനത്തിലല്ല വിഴിഞ്ഞം തുറമുഖ നിര്‍മ്മമാണമെന്നും തീരദേശവാസികള്‍ ആരോപിക്കുന്നു. 

തുറമുഖ നിര്‍മ്മാണം ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും തീരദേശവാസികള്‍ ആരോപിക്കുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്ന് തീരദേശത്ത് ഏതാണ്ട് 500 ഓളം വീടുകള്‍ കടലെടുത്തെന്ന് സമരക്കാര്‍ ആരോപിച്ചു. 

അതോടൊപ്പം തീരദേശത്ത് ഇപ്പോഴുള്ള വീടുകളും കടലെടുക്കുമെന്ന് ഭീഷണി നേരിടുകയാണ്. തീരശോഷണം തീരദേശത്തെ ജീവിതം തന്നെ തകിടം മറിച്ചെന്നും അതോടൊപ്പം മണ്ണെണ്ണ വില കുതിച്ചുയരുകയാണെന്നും സമരക്കാര്‍ ആരോപിച്ചു. 

തമിഴ്നാട്ടില്‍ ലിറ്ററിന് 25 രൂപയുള്ള മണ്ണെണ്ണെ കേരളത്തിലെത്തുമ്പോള്‍ 125 രൂപയായി ഉയരുന്നു. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയാണ് ബാധിക്കുന്നതെന്നും സമരക്കാര്‍ പറയുന്നു. കൃത്യമായ പഠനത്തിന് ശേഷം മാത്രം വിഴിഞ്ഞം തുറമുഖത്തിന്‍റെ നിര്‍മ്മാണം ആരംഭിക്കാന്‍ പാടൊള്ളൂവെന്നും അതുവരെ തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. 

അതോടൊപ്പം മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി വിഴിഞ്ഞം തുറമുഖം തുറന്ന് കൊടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഇരുപതോളം വള്ളങ്ങളാണ് സമരത്തിന്‍റെ ഭാഗമായി സെക്രട്ടേറിയേറ്റിന് മുന്നിലെത്തിച്ചത്.  

സെക്രട്ടേറിയേറ്റിന് മുന്നിലെത്തിയ സമരക്കാര്‍ വലയുപയോഗിച്ച് പ്രതീകാത്മകമായി മീന്‍ പിടിച്ചും വല നന്നാക്കിയും നടുറോട്ടില്‍ ചീട്ടുകളിച്ചും വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെയാണ് പ്രതിഷേധിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്തുമ്പോള്‍ തന്നെ തീരദേശത്തും മത്സ്യത്തൊഴിലാളികള്‍ സമരത്തിലാണ്. 

നഷ്ടപ്പെട്ട തീരത്തിന് പകരം, സെക്രട്ടേറിയറ്റ് പരിസരം തീരദേശവാസികളുടെ വീടും പരിസരവുമായി മാരുമെന്ന് തോമസ് ജെ നെറ്റൊ പറഞ്ഞു. സമരം തടയാൻ അധികാരികൾ വിചിത്രമായ കുതന്ത്രം പ്രയോഗിച്ചെന്നും തോമസ് ജെ നെറ്റോ ആരോപിച്ചു. സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ലത്തീൻ അതിരൂപത ആർച്ച്‌ ബിഷപ്പും രംഗത്തെത്തി. 

click me!