Gender Neutral Uniform: വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ലിംഗ സമത്വ യൂണിഫോം, സ്വീകരിച്ച് വിദ്യാര്‍ത്ഥികള്‍

Published : Dec 16, 2021, 11:51 AM ISTUpdated : Dec 16, 2021, 11:56 AM IST

ജനാധിപത്യ സമൂഹത്തില്‍ പൌരനെന്നാല്‍ സ്ത്രീയും പുരുഷനും ട്രാന്‍സ് വിഭാഗങ്ങളും ചേരുന്നതാണ്. അവിടെ യാതൊരു വിധത്തിലുള്ള മാറ്റിനിര്‍ത്തലുകള്‍ക്കും സ്ഥാനമില്ല. നമ്മുടെ സമൂഹം രാഷ്ട്രീയ ജനാധിപത്യം (Political Democracy) നേടിയിട്ട് കാലമേറെയായെങ്കിലും സാമൂഹിക ജനാധിപത്യത്തിന് പുറത്തായിരുന്നു. എന്നാല്‍, ഇന്ന് കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ ദൃശ്യമായി തുടങ്ങിയിരിക്കുന്നു. അതിന്‍റെ ആദ്യ പടികളിലൊന്നാണ് സ്കൂളില്‍ യൂണിഫോമുകളില്‍ ഉണ്ടായിരിക്കുന്ന കാലോചിതമായ മാറ്റം. ആണ്‍ പെണ്‍ കുട്ടികളെ അടിസ്ഥാനപരമായി വേര്‍തിരിച്ചിരുന്ന യൂണിഫോം, ഏകീരിക്കുന്നതിലൂടെ കുട്ടികളിലെ ഈ വേര്‍തിരിവിനെ ഇല്ലാതാക്കുകയും അതുവഴി കൂറെ കൂടി ജനാധിപത്യബോധ്യമുള്ള ഒരു തലമുറയെ സൃഷ്ടിച്ചെടുക്കുകയും ചെയ്യാമെന്ന് ഭരണകൂടം (State) കണക്കുകൂട്ടുന്നു. ഇന്നലെ  ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു (Higher Education Minister R Bindu) ഓൺലൈനായി ജൻഡർ നൂട്രൽ യൂണിഫോം (Gender Neutral Uniform) പദ്ധതി ഉദ്ഘാടനം ചെയ്യു. അതേ ദിവസം തന്നെ സംസ്ഥാനത്താദ്യമായി ഒരു സര്‍ക്കാര്‍ സ്കൂളില്‍ ലിംഗസമത്വ യൂണിഫോം ധരിച്ച് കുട്ടികള്‍ പഠിക്കാനെത്തിയത് വലിയ വാര്‍ത്തയായി. എന്നാല്‍,  കുട്ടികളുടെ വസ്ത്രം ധരിക്കാനുള്ള അവകാശത്തില്‍ സര്‍ക്കാര്‍ കൈ കടത്തുന്നുവെന്ന എതിര്‍ ശബ്ദവുമായി ചിലര്‍ രംഗത്തെത്തിയത് ഏറെ നേരം ആശങ്ക സൃഷ്ടിച്ചു. ചിത്രങ്ങളും റിപ്പോര്‍ട്ടും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്രീധരൻ കുറിയേടത്ത്.   

PREV
110
Gender Neutral Uniform: വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ലിംഗ സമത്വ യൂണിഫോം, സ്വീകരിച്ച് വിദ്യാര്‍ത്ഥികള്‍

പെട്ടെന്നൊരു നാള്‍ ആരംഭിച്ചതല്ല, ലിംഗ സമത്വ യൂണിഫോം എന്ന സ്കൂള്‍ പദ്ധതി. 2019 ല്‍ തന്നെ ഇത്തരത്തിലുള്ള ലിംഗ സമത്വ  യൂണിഫോം സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ച് തുടങ്ങിയിരുന്നു. വളയംചിറങ്ങര സര്‍ക്കാര്‍ എല്‍പി സ്കൂളിലെ പെണ്‍കുട്ടികള്‍ 2019 ഓഗസ്റ്റില്‍ തന്നെ പാവാട ഉപേക്ഷിച്ചത് വാര്‍ത്തയായിരുന്നു. സ്കൂളില്‍ ലിംഗ ഭേദം തിരിച്ചറിയാത്ത തരത്തിലുള്ള യൂണിഫോം ധരിച്ചാണ് കുട്ടികള്‍ സ്കൂളിലെത്തുന്നത്. പുതിയ വസ്ത്രം പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ സഹായിക്കുമെന്ന് അന്ന് ഹെഡ്മിസ്ട്രസ് രാജി അഭിപ്രായപ്പെട്ടിരുന്നു. കുട്ടികളും മാതാപിതാക്കളും ഈ തീരുമാനത്തില്‍ സന്തുഷ്ടരാണെന്നും ഇതുമൂലം സ്കൂളില്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുമുണ്ടായെന്നും ഹെഡ്ഡ്മിട്രസ് രാജി അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

 

210

ഇന്നലെ ജൻഡർ നൂട്രൽ യൂണിഫോം പദ്ധതി മന്ത്രി ആര്‍ ബിന്ദു ഔദ്ധ്യോഗീകമായി ഉദ്ഘാടനം ചെയ്യു. ഉദ്ഘാടന ദിവസം തന്നെ ഒരേ തരം യൂണിഫോം ധരിച്ചെയത്തിയ  ബാലുശ്ശേരി എച്ച്എസ്എസ് സ്കൂൾ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍, കേരളത്തിന്‍റെ വിദ്യാഭ്യാസ ചരിത്രത്തിൽത്തന്നെ ഇടംപിടിച്ചു. വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും രാഷ്ട്രീയം സജീവ ചർച്ചയാകുന്നയിടത്താണ് , വസ്ത്രത്തിലെ തുല്യതയെന്ന സന്ദേശവുമായി ബാലുശ്ശേരി ഗേൾസ് ഹയർസെക്കന്‍ററി സ്കൂൾ മുമ്പേ നടക്കുന്നത്. 

 

310

പെൺകുട്ടികളുടെ സ്കൂളെങ്കിലും ഹയർ സെക്കന്‍ററിയിൽ ആൺകുട്ടികളുമുണ്ട് ഇവിടെ. ഇക്കുറി പ്രവേശനം നേടിയ പ്ലസ് വൺ ബാച്ചിലാണ് ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കിയത്. 260 കുട്ടികളും ഇന്നലെ മുതൽ ഏകീകൃതവേഷത്തിലാണ് സ്കൂളിലെത്തിയത്. "ഞങ്ങള്‍ക്ക് ഇത് വളരെ കംഫര്‍ട്ടഫിളാണ്. ഒരു പാട് ഇഷ്ടപ്പെട്ട യൂണിഫോമാണിത്. എല്ലാകാര്യങ്ങളും കുറച്ചൂടെ നന്നായിട്ട് ചെയ്യാന്‍ കഴിയുന്നുണ്ട്. ചുരിദാരിനെക്കാളും ഏറെ ഫ്ലക്സിബിളാണ് പുതിയ യൂണിഫോം. വളരെ ഫ്രീയായിട്ടാണ് ഞങ്ങള്‍ക്കീ യൂണിഫോം ഫീല്‍ ചെയ്യുന്നത്." സ്കൂളിലെ ശിവനന്ദ എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

 

410

കുട്ടികളും രക്ഷിതാക്കാളും ഈ മാറ്റത്തോട് വളരെ കാര്യമായാണ് പ്രതികരിച്ചത്. ആദ്യമൊക്കെ എതിര്‍പ്പുകളുണ്ടാകാമെങ്കിലും പിന്നീട് ഈ യൂണിഫോം അംഗീകരിക്കപ്പെടും. കേരളത്തിലെ മൊത്തം കുട്ടികള്‍ക്കും ഞങ്ങളുടെ കുട്ടികള്‍ മാതൃകയാകുന്നുവെന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ബാലുശ്ശേരി ഗേൾസ് ഹയർസെക്കന്‍ററി സ്കൂൾ ഹെഡ്മിസ്ട്രസ് ഇന്ദു ടീച്ചര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രക്ഷിതാക്കൾക്കോ, കുട്ടികൾക്കോ ഇല്ലാത്ത ആശങ്കയാണ് എതിർക്കുന്നവർക്കെന്ന് സ്കൂൾ അധികൃതർ പറയുന്നു. പ്രതിഷേധങ്ങളുയരുമെങ്കിലും മാതൃകയാവുന്ന തീരുമാനവുമായി മുന്നോട്ടുതന്നെയെന്ന് അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ പറയുന്നു.

 

510

അതേസമയം, ജൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ പ്രതിഷേധവുമായി വിവിധ മുസ്ലിം യുവജന സംഘടനകൾ (Muslim Organisations) രംഗത്തെത്തി. 'വസ്ത്ര സ്വാതന്ത്ര്യം ഞങ്ങളുടെ അവകാശം' എന്ന മുദ്രാവാക്യമുയർത്തിയാണ് ഇവർ ബാലുശ്ശേരി സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. എംഎസ്എഫ്, യൂത്ത് ലീഗ്, എസ്എസ്എഫ്, സോളിഡാരിറ്റി എന്നീ മുസ്ലീം വിദ്യാര്‍ത്ഥി സംഘടനളും സമസ്ത, ജമാത്തെ ഇസ്ലാമി പ്രവര്‍ത്തകരുമാണ് സ്കൂളുകളിലെ ലിംഗ സമത്വ യൂണിഫോമിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ലിംഗ സമത്വ യൂണിഫോം, വസ്ത്രധാരണത്തിന് മേലുള്ള സര്‍ക്കാറിന്‍റെ കടന്ന് കയറ്റമാണെന്നാണ് പ്രതിഷേധക്കാരുടെ പരാതി. 

 

610

ആണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രം ധരിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുകയാണെന്നും പെണ്‍കുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കുന്നില്ലെന്നും മുസ്ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു. പെണ്‍കുട്ടികള്‍ക്ക് പ്രശ്നമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. ജന്‍ഡര്‍ ന്യൂട്രല്‍ നടപ്പാക്കണമെങ്കില്‍ അധ്യാപികമാര്‍ക്ക് മുണ്ടും കുപ്പായവും ഇട്ട് വന്നുകൂടെയെന്നും മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാവ് മജീദ് സഖാഫി ചോദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് യൂണിഫോമെന്നും ഇവര്‍ ആരോപിച്ചു. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയതിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ ധര്‍ണയും പ്രതിഷേധ റാലിയും നടത്തിയിരുന്നു  

 

710


കുട്ടികളില്‍ ലിബറല്‍ ആശയം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. 200 പെണ്‍കുട്ടികളും 60 ആണ്‍കുട്ടികളും പഠിക്കുന്ന സ്‌കൂളില്‍ പെണ്‍കുട്ടികളോട് ആണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രം ധരിച്ച് വരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ജനാധിപത്യ വിരുദ്ധമായ തീരുമാനമാണ്. ഭൂരിപക്ഷം പേരുടെയും അഭിപ്രായം പരിഗണിക്കാതെയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയതെന്ന് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു. യൂണിഫോം മാറ്റാനുള്ള തീരുമാനത്തില്‍ സ്‌കൂളും പിടിഎയും പിന്‍മാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

 

810

സ്വാതന്ത്ര്യത്തിന്‍റെയും സമത്വത്തിന്‍റെയും സ്വച്ഛന്ദമായ അന്തരീക്ഷത്തിലാണ് കുട്ടികൾ പഠിച്ചുവളരേണ്ടത്. ഒന്നിനെയുംകുറിച്ച് ആശങ്കകളില്ലാതെ പഠനം നടത്താൻ അവർക്ക് കഴിയണം. ജൻഡർ ന്യൂട്രൽ യൂണിഫോം പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തും. ഏറ്റവും സൗകര്യപ്രദമെന്നത് തന്നെയാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രാധാന്യമെന്ന് തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

 

910

ഒരുപാട് അലിഖിത നിയമങ്ങളും അരുതുകളും നേരിട്ടാണ് നമ്മുടെ പെൺകുട്ടികൾക്ക് വളരേണ്ടിവരുന്നത്. അവയിൽ, വസ്ത്രധാരണത്തിലെ ഏറ്റവും വലിയ വിവേചനം നാം ശ്രദ്ധിക്കാതെ പോവുകയാണ്. ആൺകുട്ടികൾക്കും പുരുഷന്മാർക്കും സൗകര്യപ്രദമായ വസ്ത്രം തിരഞ്ഞെടുക്കാൻ സാധിക്കുമ്പോൾ, പെൺകുട്ടികൾക്കും സ്ത്രീകൾക്കും അങ്ങനെയല്ല. മറ്റുള്ളവരുടെ കാഴ്ചയ്ക്കിണങ്ങുന്ന, അവരുടെ കാഴ്ചയുടെ സൗന്ദര്യസങ്കല്പത്തിൽ അധിഷ്ഠിതമായ വസ്ത്രം ധരിക്കാൻ നിർബന്ധിതരാകുന്ന സ്ഥിതിയുണ്ടെന്നും മന്ത്രി കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. 

 

1010

എൻജിനീയറിങ് മേഖല പോലെ എത്രയോ പഠനയിടങ്ങളിൽ ജൻഡർ ന്യൂട്രൽ യൂണിഫോമിലേക്ക് മാറിക്കഴിഞ്ഞു. എന്നിട്ടും കുട്ടികള്‍ക്ക് അസൌകര്യങ്ങളായ വസ്ത്രങ്ങള്‍ പല സ്ഥലങ്ങളിലും അടിച്ചേല്‍പ്പിക്കുന്നു. അതിനെതിരെ പ്രതികരിക്കാത്തവര്‍ കുട്ടികൾക്ക് സൗകര്യപ്രദമായ ഒരു വസ്ത്രം കൊണ്ടുവരുമ്പോൾ എതിർക്കുന്നതിൽ അസ്വാഭാവികതയുണ്ട്. പുതിയ മാറ്റങ്ങളെ എതിർക്കാൻ ആളുകളുണ്ടാവുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. കുട്ടികളോട് സ്നേഹമുള്ളവർ ഈ മാറ്റങ്ങളെ എതിർക്കില്ല. മറിച്ച്, നമ്മുടെ കാലാവസ്ഥയ്ക്കിണങ്ങുന്ന, കുട്ടികൾക്ക് ചലനസ്വാതന്ത്ര്യം നൽകുന്ന, മാനസികമായി അവരെ സ്വതന്ത്രരാക്കുന്ന, വസ്ത്രം സ്വീകരിക്കാനവരെ സഹായിക്കുകയാണ് ചെയ്യുക. അങ്ങനെ പഠനപ്രക്രിയയിൽ തടസ്സങ്ങളില്ലാതെ മുഴുകാൻ കുട്ടികൾക്ക് കഴിയുന്നതുകണ്ട് സന്തോഷിക്കുകയാണ് ചെയ്യേണ്ടതെന്നും  മന്ത്രി തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഇത്തരമൊരു കാര്യത്തിന് മുന്‍കൈയെടുത്തിന് ബാലുശ്ശേരി ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ രക്ഷിതാക്കൾക്കും, ഏറ്റവും സന്തോഷത്തോടെ ഇതേറ്റെടുത്ത വിദ്യാർത്ഥിനികൾക്കും, നമുക്കൊരുമിച്ച് അഭിവാദനമർപ്പിക്കാമെന്ന് പറഞ്ഞാണ് ആര്‍ ബിന്ദു തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

click me!

Recommended Stories