
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ ആകെ 298 പേര്‍ മരിച്ചതായാണ് സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക കണക്ക്. ദുരന്തത്തിൽപെട്ട 32 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. രണ്ട് മാസം മുൻപ് സർക്കാർ ഇനിയും കണ്ടെത്താനാകാത്ത ഈ 32 പേരെയും മരിച്ചതായി കണക്കാക്കി. ഇവരുടെ ഉറ്റവർക്ക് മരണ സർട്ടിഫിക്കറ്റും നൽകി. ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ടവരും ഉറ്റവരെ നഷ്ടപ്പെട്ടവരുമായി നൂറ് കണക്കിന് പേരാണ് ഇപ്പോഴും ദുരന്തമേല്‍പ്പിച്ച മാനസികാഘാതത്തില്‍ നിന്ന് മുക്തരാകാതെ ജീവിക്കുന്നത്.
വനറാണി എസ്റ്റേറ്റിനോട് ചേർന്ന വനമേഖലയിലാണ് 2024 ജൂലൈ 30 ന് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. മലവെള്ളം കുത്തി ഒലിച്ച് മരങ്ങളും കൂറ്റൻ പാറകളുമായി പുഞ്ചിരിമട്ടത്ത് അടിഞ്ഞു. പൊട്ടാനിരിക്കുന്ന ഒരു വലിയ അണക്കെട്ടില്‍ വെള്ളം കൂടി വരും പോലെയായി പുഞ്ചിരിമട്ടം. പുഞ്ചിരിമട്ടത്ത് തങ്ങി നിന്ന പാറക്കെട്ടുകളും മരങ്ങളും വലിയ ശബ്‌ദത്തോടെ പൊട്ടി. കനത്ത മഴക്കിടയിലും കൂറ്റൻ പാറകള്‍ തമ്മിലിടിച്ച് തീപ്പൊരി ചിതറി. പുഞ്ചിരിട്ടമട്ടത്തും മുണ്ടക്കൈയിലും കൂട്ടനിലവിളി ഉയർന്നു.
ഇരുട്ടത്ത് എന്ത് സംഭവിച്ചുവെന്ന് പോലും മനസ്സിലാക്കാൻ ആർക്കും ആയില്ല. ദുരന്തം അവസാനിച്ചിരുന്നില്ല. സീതമ്മക്കുണ്ടെന്ന മുണ്ടക്കൈയിലെ ചെറിയ വെള്ളച്ചാട്ടത്തിലേക്കാണ് ഉരുള്‍ അവശിഷ്ടം വന്നടിഞ്ഞത്. നാലേ പത്തോടെ വീണ്ടും പൊട്ടലുണ്ടായി. ആദ്യ ഉരുള്‍പ്പൊട്ടലില്‍ ഒറ്റപ്പെട്ട് പോയ വീടുകളെ കൂടി തകർത്തെറിഞ്ഞത് മഹാദുരന്തമായി. അതിന്‍റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് പുറംലോകത്തിന് അറിയുമായിരുന്നില്ല. കനത്ത ഇരുട്ടില്‍ ഓടിയെത്തിയവരില്‍ എല്ലാവരും നിസ്സഹായരായിരുന്നു. ഫോണില്‍ രക്ഷിക്കാൻ അപേക്ഷിച്ചവരെ പോലും പിന്നീട് ബന്ധപ്പെടാനാകാതായായി.
പുലർച്ചെ 5.45 ഓടെ വെളിച്ചം വീണപ്പോള്‍ കണ്ട കാഴ്ച കണ്ട് എല്ലാവരും നടുങ്ങി. ചെളിയില്‍ കുതിർന്ന് പ്രാണ ഭയത്തോടെ നിലവിളിക്കുന്ന മനുഷ്യർ. നൂറ് കണക്കിന് പേരുടെ മൃതദേഹങ്ങള്‍ ചെളിയില്‍ പുതഞ്ഞ് കിടക്കുന്നു. 48 മണിക്കൂറിനിടെ 572 മില്ലിമീറ്റർ മഴയാണ് പ്രദേശത്ത് പെയ്തതെന്നാണ് കണക്ക്. എന്നാല്‍ അപകട മുന്നറിയിപ്പ് കൃത്യമായി നല്‍കുന്നതില്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു. അനാഥമായത് രണ്ട് ഗ്രാമത്തിലെ കുറെ ജീവനുകളാണ്.
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടൽ ദുരന്തത്തെ അതിജീവിച്ച തദ്ദേശ വാസികളായിരുന്ന മനുഷ്യരേറെയും ദുരന്താനന്തരം മാനസിക സംഘര്‍ഷങ്ങള്‍ നേരിടുന്നുണ്ട്. ഇത്തരത്തിൽ ഏറ്റവുമധികം ആളുകള്‍ക്ക് ചികില്‍സ നല്‍കിയ മേപ്പാടിയിലെ ഡോക്ടര്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ സംഘം ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഇരകളായവര്‍ മാത്രമല്ല രക്ഷാപ്രവര്‍ത്തകരും വിവിധ മാനസിക പ്രശ്നങ്ങളുമായി എത്തുന്നുവെന്ന് ഇവർ പറയുന്നു. ഇതില്‍ പലര്‍ക്കും ദീര്‍ഘകാല പരിചരണം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ ഒന്നാം വാര്‍ഷികം എത്തുമ്പോഴും ദുരിത ബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണ്. രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ തീരുമാനമറിയിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ ഹൈക്കോടതിയെ അറിയിച്ചത്. കേരള ബാങ്ക് നേരത്തെ തന്നെ ബാധ്യതകള്‍ എഴുതിത്തളളിയെങ്കിലും കൂടുതല്‍ വായ്പകളുളള ദേശസാല്‍കൃത ബാങ്കുകള്‍ ഇളവ് നല്‍കിയാലേ ദുരിബാധിതരുടെ ദുരിതം ഒഴിയൂ.
മഹാ ദുരന്തത്തിൽ മരണത്തിന്റെ താഴ്വരയായി മാറിയ മുണ്ടക്കൈയിൽ ഒരാണ്ട് പിന്നിടുന്പോഴും ആ മരവിപ്പ് വിട്ടു മാറിയിട്ടില്ല. ഉരുൾപൊട്ടലിനെ അതിജീവിച്ചവരെല്ലാം ഒഴിഞ്ഞു പോയതോടെ ഇവിടെ ആളനക്കം പേരിനു മാത്രമായി. ഉറ്റവരെ നഷ്ടമായ ആ നാട്ടിലെ എല്ലാ ചെറുപ്പക്കാരും നാല്‍പ്പത്തിയഞ്ച് ദിവസം ഒരു കടയിലെ വലിയൊരു മുറിയിലാണ് കഴിഞ്ഞത്.
എല്ലാം നഷ്ടമായ മനുഷ്യരെ ചേർത്തുപിടിച്ച് മലയാളി വീണ്ടും മാനുഷികതയുടെ പര്യായമായി മാറി. ഉള്ളതെല്ലാം നൽകി നിരപരാധികളായവരെ ഉയിരോടെ കാക്കാൻ നാട് മുന്നിട്ടിറങ്ങി. വിയർപ്പിൻറെ വിലയുള്ള സഹായം മുതൽ ഉള്ള ഭൂമിയുടെ പാതിവരെ നീട്ടിയവർ. അന്ന് അവരുടെയെല്ലാം വാക്കുകൾ അധികാരികളുടെ കാതുകളിൽ എത്തിച്ചത് ഏഷ്യാനെറ്റ് ന്യൂസാണ്. അന്ന് അതെല്ലാം പറഞ്ഞിരുന്നവർ ഞങ്ങളോട് ഒരു കാര്യം അഭ്യർത്ഥിച്ചിരുന്നു. വയനാട്ടിലെ ദുരിതബാധിതർക്കൊപ്പം് എന്നുമുണ്ടാകണം എന്ന്. മഹാ ദുരന്തത്തിന് ഒരാണ്ട് തികയുമ്പോൾ ഞങ്ങൾ വയനാട്ടിൽ തന്നെയുണ്ട്. ആളും ആരവവും ഒരുക്കാനോ ആർപ്പുവിളിക്കാനോ അല്ല. ആഴത്തിൽ അന്വേഷിക്കാൻ. ഉള്ളുലഞ്ഞ ഒരുവർഷത്തിൻറെ ബാക്കി എന്തെന്ന്…