പാർപ്പിടം ഒരുങ്ങുന്നുവെന്ന് സർക്കാർ പറയുമ്പോഴും എന്ന് പൂർത്തിയാകുമെന്ന സംശയം ബാക്കിയാണ്. ദുരിതബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തളളുന്ന കാര്യത്തില്‍ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ല

കല്‍പ്പറ്റ: കേരളത്തിന്‍റെ തീരാനോവായ വയനാട് ദുരന്തത്തിന് നാളെ ഒരു വയസ്.വയനാട്ടിൽ ആർത്തലച്ച് വന്ന ഉരുൾ ഒരു നാടിനെ ഇല്ലാതാക്കിയിട്ട് നാളെ ഒരു വർഷം. ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ബാക്കിയായ മനുഷ്യർക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വഴികൾ തുറന്നിട്ടില്ല. ഒരു വർഷത്തിനിപ്പുറവും അവർ വാടകവീടുകളിൽ ആണ്. അവർക്കായി പാർപ്പിടം ഒരുങ്ങുന്നുവെന്ന് സർക്കാർ പറയുമ്പോഴും എന്ന് പൂർത്തിയാകുമെന്ന സംശയം ബാക്കിയാണ്.

ദുരിതബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തളളുന്ന കാര്യത്തില്‍ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരോടുള്ള നീതി നിഷേധത്തിനെതിരെ ഇന്ന് വയനാട്ടിൽ പ്രതിപക്ഷ യുവജന സംഘടനകളുടെ സമരം നടക്കും. ദുരന്തത്തെ അതിജീവിച്ചവരിൽ ഏറെപ്പേർക്കും ഇന്നും ജീവിതമാർഗം തുറന്നില്ല.

മൂന്ന് ഘട്ടമായി ദുരിതബാധിതരുടെ പട്ടിക സർക്കാർ പുറത്ത് ഇറക്കിയെങ്കിലും ദുരന്തത്തിൽ സകലതും നഷ്ടമായ മുണ്ടക്കൈയിലെയും പുഞ്ചിരിമട്ടത്തെയും പടവെട്ടി കുന്നിലെയും നിരവധി കുടുംബങ്ങളാണ് ഇപ്പോഴും ദുരിതബാധിതരുടെ പട്ടികയ്ക്ക് പുറത്താണുള്ളത്. 402 പേരുടെ പട്ടികയാണ് സർക്കാർ ഇതുവരെ പുറത്തിറക്കിയത്. നിലവിൽ 52 പേരുടെ അപ്പീൽ സർക്കാരിന്‍റെ പരിഗണനയിൽ ഉണ്ട്.

കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടറിലായി 410 വീടുകളാണ് ദുരന്തബാധിതർക്കായി ഒരുങ്ങുന്നത്. ആദ്യ സോണിലെ 140 വീടുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിൽ ടൗൺഷിപ്പിലെ മാതൃകാ വീടിന്‍റെ നിർമ്മാണം നാളെ പൂർത്തിയാക്കാൻ ആണ് ശ്രമം. ബാക്കിയുള്ള വീടുകളുടെ നിർമ്മാണം പ്രാരംഭഘട്ടത്തിലാണ്. ഒരൊറ്റ കുടുംബം പോലെ ഒരുമിച്ച് കഴിഞ്ഞിരുന്ന ചൂരൽമലക്കാർ ഇന്ന് പലയിടത്തായി വാടക വീടുകളിലും ബന്ധുവീടുകളിലുമാണ് താമസം.

ഉരുൾപൊട്ടലിൽ വ്യാപാര സ്ഥാപനങ്ങൾ നഷ്ടമായ കച്ചവടക്കാർക്ക് ഒരാനുകൂല്യവും നൽകിയില്ലെന്ന പരാതി വ്യാപകമാണ്. സഹായം വാക്കുകളിൽ ഒതുങ്ങിയെന്നും അധികൃതർ പ്രഖ്യാപനങ്ങൾ മറന്നുവെന്നും കച്ചവടക്കാർക്ക് ആനുകൂല്യങ്ങളൊന്നും കിട്ടിയില്ലെന്നുമാണ് ആരോപണം.

ഉരുൾപൊട്ടലിൽ ചിന്നിച്ചിതറിയ മുണ്ടക്കൈയിലെ മനുഷ്യരെല്ലാം തീരാനോവായി മനസിലേക്ക് പലപ്പോഴും കടന്നുവരാറുണ്ടെന്ന് നൂറിലധികം മൃതദേഹം തിരിച്ചറിയാൻ സഹായിച്ച വാർഡ് മെമ്പറും ആശാ പ്രവർത്തകയുമായ ഷൈജ പറയുന്നു.ഇപ്പോഴാണ് ശരിക്കുമുള്ള വേദന അനുഭവിക്കുന്നത്. വെള്ളരിമല വില്ലേജിലെ മുഴുവൻ ജനങ്ങളെയും ഘട്ടം ഘട്ടമായി പുനരധിവസിപ്പിക്കണമെന്നും ഷൈജ ആവശ്യപ്പെടുന്നു.അതിജീവിച്ചവരിൽ ഏറെയും ഇന്നും മാനസിക ആഘാതത്തിൽ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

പ്രിയപ്പെട്ടവരെയും പ്രിയപ്പെട്ടതിനെയുമെല്ലാം കവർന്നെടുത്തിട്ട് ഒരാണ്ട് തികയുമ്പോഴും ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. അവർക്ക് വെളിച്ചമാകേണ്ട, ധൈര്യം നൽകേണ്ട അധികാരികൾ ഇത്ര നിസംഗതയോടെ നോക്കി നിന്ന മറ്റൊരു ഇടവും ചരിത്രത്തിൽ പോലും വേറെ കാണില്ല. അവർക്ക് സ്വന്തമായി ഒരു കിടപ്പാടം ഇനിയെന്നാണ്? അവരുടെ തുടർചികിത്സകൾ ഇനി എങ്ങനെയാണ്? ഉപജീവനമാർഗ്ഗം ഇല്ലാതായവർ എങ്ങനെ മുന്നോട്ട് പോകും? ഇനിയെത്ര കാലം ആ മനുഷ്യരെ നമ്മൾ ഈ പെരുമഴത്ത് തന്നെ നിർത്തും?, ഈ ചോദ്യങ്ങള്‍ക്കെല്ലാം അധികൃതര്‍ മറുപടി നൽകണം. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഉള്ളുലഞ്ഞ ഒരാണ്ട് എന്ന വാര്‍ത്താപരമ്പരയിലൂടെ വയനാട് ദുരന്തഭൂമിയുടെ ഇന്നത്തെ അവസ്ഥയുടെ ഒട്ടേറെ റിപ്പോർട്ടുകളാണ് ഏഷ്യാനെറ്റ് ന്യൂസ് നൽകിയത്.

YouTube video player