ചൂട് കൂടി, വീടില്ല; ഉടമയ്ക്കൊപ്പം എ സി കാറില്‍ കഴിഞ്ഞത് 47 പൂച്ചകള്‍

First Published Jun 17, 2022, 9:44 AM IST

ടക്കേ അമേരിക്കയിലെ തെക്കുകിഴക്കൻ മിനസോട്ടയിലെ (Minnesota)വിശ്രമകേന്ദ്രത്തിൽ കൂറേ നേരമായി നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ പ്രാദേശിക കമ്മ്യൂണിറ്റി പ്രവര്‍ത്തകനെത്തി തട്ടി വിളിച്ചപ്പോള്‍ കണ്ടത് അസാധാരണമായ ഒരു കാഴ്ച. കാറില്‍ ഉടമയ്ക്കൊപ്പമുണ്ടായിരുന്നത് 47 പൂച്ചകള്‍. സംഗതി അന്വേഷിച്ചപ്പോഴാണ് ആ സാമൂഹിക പ്രവര്‍ത്തകന് കാര്യം മനസിലായത്. ചൂടാണ് വില്ലന്‍. പിന്നെ കാറിന്‍റെയും പൂച്ചകളുടെയും ഉടമയ്ക്ക് വീടും ഇല്ല. 

അനിമൽ ഹ്യൂമൻ സൊസൈറ്റി ഇൻവെസ്റ്റിഗേറ്റർ ആഷ്‌ലി പുഡാസ് ആയിരുന്നു ആ സാമൂഹിക പ്രവര്‍ത്തകന്‍. അദ്ദേഹം പറയുന്നത് ഇങ്ങനെ; കാറിനുള്ളില്‍ നിരവധി പൂച്ചകളെ കണ്ടാണ് അടുത്ത് ചെന്നത്. തട്ടിവിളിച്ചപ്പോള്‍ ഉടമ പുറത്തിങ്ങി. എന്നാല്‍, കാറിലുണ്ടായിരുന്ന പൂച്ചകള്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. അന്വേഷിച്ചപ്പോള്‍, കാറുടമയ്ക്ക് കുറച്ച് കാലം മുമ്പ് വീട് നഷ്ടമായി. 

എന്നാല്‍, തന്‍റെ വളര്‍ത്തോമനകളായിരുന്ന പൂച്ചകളെ ഉപേക്ഷിക്കാന്‍ അദ്ദേഹത്തിന് മനസ് വന്നില്ല. തുടര്‍ന്ന് അദ്ദേഹം താമസം തന്‍റെ കാറിലേക്ക് മാറ്റി. കൂടെ പൂച്ചകളും. ആദ്യം 61 പൂച്ചകളുണ്ടായിരുന്നു. എന്നാല്‍, പലപ്പോഴായി 14 പൂച്ചകള്‍ കൂട്ടം പിരിഞ്ഞ് പോയി. ബാക്കി വന്ന 47 എണ്ണവും അദ്ദേഹത്തോടൊപ്പം ആ കാറിലുണ്ടായിരുന്നു. 

മിനസോട്ടോയില്‍ കഴിഞ്ഞ ദിവസത്തെ ചൂട് 32 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു. അസാധാരണമായ ചൂടില്‍ പുറത്തിറങ്ങാന്‍ പറ്റാതെ കാറിലെ എ സിയുടെ തണുപ്പില്‍ കഴിയുകയായിരുന്നു 47 പൂച്ചകളും അവരുടെ ഉടമയും. ചൂട് നാള്‍ക്ക് നാള്‍ കൂടുകയാണെങ്കിലും തന്‍റെ അരുമകളെ ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. 

തന്നോടൊപ്പം കാറില്‍ അദ്ദേഹം അവയെയും കൂടെ കൂട്ടി. ആ കൂട്ടത്തില്‍ ഒരു വയസ് മുതല്‍ 12 വയസുവരെയുള്ള പൂച്ചകളുണ്ടായിരുന്നു. കാറിനുള്ളിലെ വൃത്തിഹീനമായ ചുറ്റുപാടിലും പൂച്ചകള്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. മൃഗഡോക്ടര്‍മാര്‍ പൂച്ചകളെ വിശദമായി പരിശോധിക്കുകയും അവയ്ക്ക് ആവശ്യമായ കുത്തിവയ്പ്പുകള്‍ നല്‍കുകയും ചെയ്തു. 

പൂച്ചകളെ വന്ധ്യംകരിച്ച് മറ്റുള്ളവര്‍ക്ക് ദത്തെടുക്കാനുള്ള അവസരം ഒരുക്കുമെന്നും അധികൃതർ അറിയിച്ചു. വടക്കേ അമേരിക്കയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്രമാനുഗതമായി ചൂട് കൂടുകയാണ്. പ്രദേശങ്ങളില്‍ കാട്ടുതീയും പതിവായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

click me!