Wayanad Tiger Attack: കടുവ സ്വൈരവിഹാരത്തില്‍; നാട്ടുകാര്‍ക്ക് നേരെ ആയുധമെടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥന്‍

Published : Dec 17, 2021, 02:04 PM ISTUpdated : Dec 17, 2021, 02:20 PM IST

മാനന്തവാടിക്കാരുടെ  ഉറക്കം കെടുത്തിയ കടുവ അലയാന്‍ തുടങ്ങിയിട്ട് ഇരുപത് ദിവസമായി. എന്നാല്‍, കടുവയുടെ കാല്‍പാട് കാണിച്ച് കൊടുത്തിട്ടും പിടികൂടാന്‍ വനം വകുപ്പിന് ഭയമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഒടുവില്‍ നാട്ടുക്കാരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ ഇന്ന് രാവിലെ വാക്കേറ്റവും ഉന്തും തള്ളും കൈയേറ്റം വരെയുണ്ടായി. കൈയേറ്റത്തിനിടെ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥന്‍ നാട്ടുകാര്‍ക്ക് നേരെ അരയില്‍ തിരുകിയിരുന്ന കത്തി വലിച്ചൂരാന്‍ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചു. തങ്ങളെ അക്രമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കേസിന് ബലം കിട്ടാന്‍ ആശുപത്രിയില്‍ അഡ്മിറ്റായെന്നും നാട്ടുകാര്‍ ആരോപിച്ചു. അതിനിടെ കടുവാഭീതിയെത്തുടര്‍ന്ന് മാനന്തവാടി നഗരസഭയിലെ നാലു വാര്‍ഡുകളില്‍കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതോടെ മാനന്തവാടി നഗരസഭയിലെ എട്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞ നിലവില്‍ വന്നു. പയ്യമ്പള്ളി, പുതിയിടം, കൊയിലേരി, താന്നിക്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. കുറുക്കന്‍മൂല, ചെറൂര്‍, കാടന്‍കൊല്ലി, കുറുവാ വാര്‍ഡുകളില്‍ നേരത്തെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വി ആർ രാഗേഷ്.    

PREV
115
Wayanad Tiger Attack: കടുവ സ്വൈരവിഹാരത്തില്‍; നാട്ടുകാര്‍ക്ക് നേരെ ആയുധമെടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥന്‍

ഇരുപത് ദിവസമായിട്ടും കടുവാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാനന്തവാടി സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. കടുവയെ കണ്ടെത്തുന്നതിന് ഇന്ന് പുലര്‍ച്ചെമുതല്‍ പരിശോധന കര്‍ശനമാക്കാന്‍ യോഗം തീരുമാനിച്ചു. അതിനിടെ കടുവയുടെ കഴുത്തിന് പരിക്കേറ്റ ചിത്രങ്ങള്‍ വനം വകുപ്പിന്‍റെ രഹസ്യ ക്യാമറയില്‍ നിന്ന് ലഭിച്ചു. പരിക്കേറ്റ കടുവ കൂടുതല്‍ അക്രമകാരിയായിരിക്കുമെന്ന് നാട്ടുകാരും പറയുന്നു. 

 

215

അതിനിടെ, കടുവയെ പിടികൂടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ നിയോഗിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. 

 

315

കടുവയെ പുറത്തുചാടിച്ച് കണ്ടെത്താന്‍ നടപടികള്‍ സ്വീകരിക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. ഇതിനായി മൈക്ക് അനൗണ്‍സ്മെന്‍റും സമൂഹികമാധ്യമങ്ങള്‍ വഴിയും അറിയിപ്പും നല്‍കും. കടുവയെ കണ്ടെത്താനായുള്ള പരിശോധനയില്‍ വനംവകുപ്പ് ജീവനക്കാരോടൊപ്പം പ്രദേശവാസികളില്‍ വാച്ചര്‍മാരായി ജോലിചെയ്തവരും ഒപ്പംകൂട്ടുന്നത് പരിഗണിക്കാമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

 

415

കടുവ ഇറങ്ങുന്ന സ്ഥലങ്ങളിലൂടെ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ ഏതൊക്കെ പോയന്‍റില്‍ എത്ര എണ്ണംവേണം, അതിനാവശ്യമായ നെറ്റ്വര്‍ക്ക് കണക്ഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ എത്രയും പെട്ടെന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ വനംവകുപ്പിന് നിര്‍ദേശം നല്‍കി. 

 

515

ഏറുമാടം നിര്‍മിച്ച് കടുവയെ നിരീക്ഷിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. കടുവ ഇറങ്ങിയ സ്ഥലങ്ങളിലും വാട്‌സാപ്പ് കൂട്ടായ്മ രൂപവത്കരിച്ച് ജനങ്ങളെ വിവരമറിയിക്കും. അതേസമയം പയ്യമ്പള്ളി പുതിയടത്ത് ഇന്നലെ രാത്രി കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. 

 

615

എന്നാല്‍ കാല്‍ പാടുകള്‍ കടുവയുടേതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ഊര്‍ ജിതമാക്കും. 30 പേരടങ്ങുന്ന ആറ് സംഘങ്ങളെ ഇതിനായി നിയോഗിക്കും. പുതിയടത്ത് ട്രാക്കിംഗ് ടീം പരിശോധന നടത്തുന്നുണ്ട്. രാവിലെ 9 മണി മുതല്‍ വ്യാപക തെരച്ചില്‍ തുടങ്ങും. 180 വനം വകുപ്പ് ജീവനക്കാരും 30 പോലീസുകാരും സംഘത്തിലുണ്ട്.

 

715

വയനാട്ടില്‍ വീണ്ടും കടുവ ഇറങ്ങിയതിന് പിന്നാലെ ഇന്ന് രാവിലെ കുറുക്കന്‍മൂലയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. കുറുക്കന്‍മൂലയില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ പയ്യമ്പള്ളിയിലാണ് കഴിഞ്ഞ ദിവസം കടുവയെ കണ്ടിരുന്നത്. പയ്യമ്പള്ളി പുതിയടം വടക്കുംപാടത്ത് ജോണിന്‍റെ പശുവിനെ കടുവ കൊന്നിരുന്നു. 

 

815

ഇതോടെ കടുവ കൊല്ലുന്ന പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളുടെ എണ്ണം 16 ആയി. കാട്ടില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം അകലെയുള്ള പയ്യമ്പള്ളിയിലെ ജനവാസ മേഖലയില്‍ കടുവയുടെ കാല്‍പാടുകളും കണ്ടെത്തിയത് ജനങ്ങളില്‍ വലിയതോതില്‍ ആശങ്കയുണ്ടാക്കി. തുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. 

 

915

കടുവയെ പിടിക്കാന്‍ പ്രത്യേക ദൗത്യ സംഘം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കടുവ ഭീതി അകറ്റാന്‍ കാര്യമായി ഇടപെടുന്നില്ലെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. കഴിഞ്ഞ 20 ദിവസങ്ങളായി തങ്ങള്‍ ഭീതിയിലാണ് കഴിയുന്നതെന്നും വനം വകുപ്പ് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. 

 

1015

രാത്രിയില്‍ പശുവിനെ തൊഴുത്തില്‍ നിന്നും 20 മീറ്ററോളം വലിച്ചിഴച്ചുകൊണ്ടു പോയാണ് കൊന്നത്. രാത്രിയില്‍ പശു കരയുന്നത് കേട്ടതായും പ്രദേശവാസികള്‍ പറഞ്ഞു. അതിനിടെ പരുന്താനിയില്‍ ലൂസി ടോമിയുടെ ആടിനെയും കാണാതായതായി പരാതിയുണ്ട്. കുറുക്കന്‍മൂലയില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ പയ്യമ്പള്ളിയിലാണ് കടുവയെ ആദ്യം കണ്ടെത്തിയത്. 

 

1115

പയ്യമ്പള്ളി പുതിയടം വടക്കുംപാടത്ത് ജോണിന്‍റെ പശുവിനെ കടുവ അന്ന് കൊന്നിരുന്നു. കാട്ടില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം അകലെയുള്ള പയ്യമ്പള്ളിയിലെ ജനവാസ മേഖലയില്‍ കടുവയുടെ കാല്‍പാടുകളും കണ്ടെത്തിയിരുന്നു. ഇവിടെയും വനം വകുപ്പ് പരിശോധന നടത്തിയെങ്കിലും കടുവയെ മാത്രം കണ്ടെത്തിയില്ല.

 

1215

കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനയ്ക്ക് വരുന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കൈയില്‍ ടോര്‍ച്ചല്ലാതെ മറ്റ് ആയുധങ്ങളൊന്നുമില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. വനം വകുപ്പിലെ മേലുദ്യോഗസ്ഥര്‍ക്ക് അടക്കം ഇത് സംബന്ധിച്ച് പരാതിപ്പെട്ടെങ്കിലും കാര്യമായ നടപടികളൊന്നും വനം വകുപ്പിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. 

 

1315

ഇതിനിടെയാണ് മുല്ലപ്പെരിയാറിലെ മരം മുറിക്കാനുള്ള വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്നു ബെന്നിച്ചന്‍ തോമസ് തിരിച്ച് സര്‍വ്വീസിലെത്തിയത്. ഇതോടെ കടുവയെ പിടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ബെന്നിച്ചന്‍ തോമസിനെ നിയോഗിക്കുകയാണെന്ന് മന്ത്രി അറിയിച്ചത്. 

 

1415

സസ്പെന്‍ഷന്‍ കഴിഞ്ഞ് സര്‍വ്വീസില്‍ തിരിച്ചെത്തുന്ന ബെന്നിച്ചന്‍ തോമസിന് ലഭിക്കുന്ന ആദ്യ ദൌത്യമാണിത്. വനം മേധാവി പി കെ കേശവനാണ് ബെന്നിച്ചന്‍ തോമസിന്‍റെ പേര് നിര്‍ദ്ദേശിച്ചത്. വനം വകുപ്പ് കടുവയെ പിടിക്കുന്നതില്‍ പരാജയപ്പെട്ടന്ന ജനങ്ങളുടെ ആരോപണത്തെ തുടര്‍ന്നായിരുന്നു മന്ത്രി തലത്തില്‍ ഉന്നതയോഗം വിളിച്ചത്. 

 

1515

കടുവയെ പിടിക്കുന്നതില്‍ തുടക്കത്തില്‍ വീഴ്ചയുണ്ടായെന്ന് മന്ത്രി സമ്മതിച്ചു. നിലവില്‍ പകല്‍മാത്രമാണ് തിരച്ചില്‍ നടത്തുന്നത്. ഇനിമുതല്‍ രാത്രിയിലും തിരച്ചില്‍ നടത്താനാണ് തീരുമാനം. വനത്തിനുള്ളില്‍ കടന്ന തിരച്ചില്‍ നടത്തുന്ന കാര്യവും ആലോചനയിലാണ്. മയക്ക് വെടിവച്ച് കടുവയെ പിടികൂടാനുള്ള സാധ്യതയും നോക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാകും ബെന്നിച്ചന്‍ തോമസിന്‍റെ ചുമതല. 

 

കൂടതല്‍ കാഴ്ചയ്ക്ക് : നാട്ടുകാരുമായി സംഘര്‍ഷം;കത്തിയൂരാന്‍ ശ്രമിച്ച് ഉദ്യോഗസ്ഥന്‍, ദൃശ്യം

 

 

 

Read more Photos on
click me!

Recommended Stories