വെറുതെ കിടന്ന കെട്ടിടത്തിനെ ഇങ്ങനെയൊക്കെ ചെയ്യാമോ? വൈറലായി യുവാക്കളുടെ പെയിന്റിങ്

Published : Mar 14, 2022, 10:44 PM IST

പുതിയ കെട്ടിടമായിരുന്നു. നമ്മുടെ 'നാട്ടുനടപ്പ്' അനുസരിച്ച് അധികൃതര്‍ ശ്രദ്ധിക്കാതെ നശിക്കാനിട്ടിരിക്കുകയായിരുന്നു. എന്നാല്‍ പിന്നെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്ന് ഒരു പറ്റം യുവതീയുവാക്കളും ചിന്തിച്ചു. ആ ചിന്ത പ്രാവര്‍ത്തികമാക്കിയപ്പോഴാകാട്ടെ ഒരു നാട് മുഴുവന്‍ ഇവരെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. സംഗതി സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആവുകയും ചെയ്തു. വയനാട്ടില്‍ നടന്ന ആ സംഭവത്തെ ഇങ്ങനെ വിവരിക്കാം.

PREV
15
വെറുതെ കിടന്ന കെട്ടിടത്തിനെ ഇങ്ങനെയൊക്കെ ചെയ്യാമോ? വൈറലായി യുവാക്കളുടെ പെയിന്റിങ്

ചീയമ്പം ആദിവാസി കോളനിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കെട്ടിടമുണ്ട്. ഇതു പുതിയ കാലത്തിനനുസരിച്ച് ചിത്രങ്ങള്‍ വരച്ചും പെയിന്റും ചെയ്തും വീണ്ടെടുത്തിരിക്കുകയാണിപ്പോള്‍. തിരൂര്‍ സ്വദേശിയും വയനാട്ടില്‍ ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ഇടപെടല്‍ നടത്തുകയും ചെയ്യുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകനുമായ ജയ്ശ്രീകുമാറും സംഘവുമാണ് മാതൃകാപ്രവൃത്തിക്ക് പിന്നില്‍. കെട്ടിടം നന്നാക്കിയെടുത്താല്‍ കോളനിയിലെ കാട്ടുനായ്ക, പണിയ വിഭാഗങ്ങളിലെ 310 കുടുംബങ്ങളില്‍ നിന്നുള്ള 60 കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു ഇടമാവുമെന്നുള്ള കാര്യം തന്നോട് പറഞ്ഞത് സുഹൃത്തായ സുമവിഷ്ണുദാസ് ആയിരുന്നുവെന്ന് ജയ്ശ്രീകുമാര്‍ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

25

അതിനുശേഷം താന്‍ ജോലി ചെയ്യുന്ന ടോട്ടം റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ചീയമ്പത്തെ കെട്ടിടത്തില്‍ ചിത്രം വരക്കാനും പെയിന്റ് ചെയ്യാനും കൂട്ടുകാരെ ക്ഷണിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടത്. കണ്ട ഉടനെ ചിത്രകാരനായ അഖില്‍ ജേക്കബും സാമൂഹ്യ പ്രവര്‍ത്തകയായ ഗായത്രിയും വിളിച്ച് കൂടെയുണ്ടാകുമെന്ന് അറിയിച്ചു. പിന്നീട് ഇവരുടെ കൂടെ സഹായത്തോടെ നിരവധി കുട്ടികള്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കെത്തി ചേരുകയായിരുന്നു. ജയ്ശ്രീകുമാറിന്റെ കൂട്ടുകാരായ അതുല്‍ തോമസ്, ശശിധരന്‍, ഷമീം, അനില, ദിബിന്‍ ഘോഷ് എന്നിവര്‍ ചേര്‍ന്ന് പെയിന്റും ബ്രഷും വാങ്ങാനുള്ള പണം നല്‍കി.

35

പിന്നീട് ഒരു നിമിഷം പോലും ശങ്കിച്ചു നില്‍ക്കേണ്ടി വന്നില്ലെന്ന് ജയ്ശ്രീകുമാര്‍ പറഞ്ഞു. മൂന്ന് ദിവസം കൊണ്ട് പലയിടങ്ങളില്‍ നിന്ന് വന്നുചേര്‍ന്നവര്‍  ചുമരുകളില്‍ വര്‍ണ്ണങ്ങള്‍ കൊണ്ട് മായാജാലം തീര്‍ത്തു. ഡോണ്‍ ബോസ്‌കോ കോളേജിലെ വിദ്യാര്‍ഥികളായ ഫസല്‍, സോന, ജോബി, വൈഷ്ണവി, ഹ്യൂം സെന്ററിലെ ആതിര, നിലമ്പൂരില്‍ നിന്നുള്ള അജീഷ്, സഫ, നിതിന്‍, പഞ്ചാബില്‍ നിന്നുമുള്ള കൂട്ടുകാരി സൈമ, ടോട്ടം റിസോഴ്‌സ് സെന്ററിലെ അനുശ്രീ, അയന, ജോമോള്‍, ഷിബിന, ലബീബ, ആദില്‍, ജെബിന്‍, പൊലീസുകാരനും ജയ്ശ്രീകുമാറിന്റെ കൂട്ടുകാരനും കൂടിയായ ഷിജു, ഷിഹാബ് നാട്ടുകാരായ സുകു, സീന, അഖില്‍ എന്നിവരെല്ലാം കൈമെയ് മറന്ന് ഒന്നിച്ചു. 

45

അതിലപ്പുറം ആവേശം പകരുന്നതായിരുന്നു കൊച്ചു കുട്ടികളുടെയും കോളനിയിലെ തന്നെ അമ്മമാരുടെയും സഹായം. കെട്ടിടം കഴുകി വൃത്തിയാക്കാനും പെയിന്റ് ചെയ്യാനുമൊക്കെ മറ്റുള്ളവരോടൊപ്പം കോളനിവാസികളും ഉണ്ടായിരുന്നു. ഒറ്റ നോട്ടത്തില്‍ ആരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് കെട്ടിത്തിലെ വകള്‍ ഓരോന്നും. എങ്കിലും കുറച്ചു കാര്യങ്ങള്‍ കൂടി ഇവര്‍ക്ക് ചെയ്തു തീര്‍ക്കാനുണ്ട്. 

55

കെട്ടിടത്തിന്റെ വാതില്‍ ദ്രവിച്ച് പോയതിന് പകരം പുതിയത് വെക്കണം. ജനാലകള്‍, മേശ, കസേര എന്നിവയും വേണം. വയറിങ് ജോലിയും ബാക്കിയുണ്ട്. ഇതല്ലാം തീര്‍ത്ത് കഴിഞ്ഞിട്ട് വേണം വൈദ്യുതി കണക്ഷന്‍ എടുക്കാന്‍. നല്ല മനസ്സുള്ളവര്‍ മുന്നോട്ടുവരുമെന്ന ്പ്രതിക്ഷയിലാണ് ജയ്ശ്രീകുമാറും കൂട്ടുകാരും. സഹായിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് 9496612577 എന്ന ജയ്ശ്രീകുമാറിന്റെ നമ്പറില്‍ വിളിക്കാം.

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories