പ്രശസ്തമായ ഫോർബ്സ് ട്രാവൽ ഗൈഡിന്‍റെ സമഗ്രമായ ഗുണനിലവാര പരിശോധനയിൽ റെഡ് സീ ഇൻറർനാഷണലിന് ചരിത്ര നേട്ടം. ലോകത്തിലെ ആദ്യത്തെ സമ്പൂർണ അംഗീകൃത വിനോദസഞ്ചാര കേന്ദ്രമെന്ന അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്. വ്യക്തിഗത ഹോട്ടലുകൾക്ക് മാത്രം നൽകിവന്നിരുന്ന റേറ്റിങ് രീതിയിൽ നിന്ന് മാറി, ഒരു വിനോദസഞ്ചാര കേന്ദ്രത്തിലെ മുഴുവൻ സേവനങ്ങളെയും കോർത്തിണക്കിയുള്ള പുതിയ മൂല്യനിർണയ രീതിയാണിത്.
24
അഞ്ച് ഘട്ടങ്ങൾ
ഒരു വർഷം നീണ്ടുനിന്ന തന്ത്രപരമായ ആസൂത്രണത്തിനും കഠിനമായ പരിശോധനകൾക്കും ശേഷമാണ് ഈ അംഗീകാരം പ്രഖ്യാപിച്ചത്. അതിഥികളുടെ യാത്രയിലെ പ്രധാനപ്പെട്ട അഞ്ച് ഘട്ടങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു മൂല്യനിർണയം. ബുക്കിംഗ് നടപടികൾ, വ്യോമഗതാഗതം, കര-സമുദ്ര ഗതാഗത സൗകര്യങ്ങൾ, വിനോദസഞ്ചാര അനുഭവങ്ങൾ, താമസസൗകര്യം എന്നീ ഘടകങ്ങളെയാണ് മൂല്യനിർണയത്തിന് വിധേയമാക്കിയത്.
34
റെഡ് സീ ഇൻറർനാഷണൽ
യഥാർത്ഥ ആഡംബരം എന്നത് സ്ഥലത്തിെൻറ ഭംഗിയിൽ മാത്രമല്ല, മറിച്ച് അതിഥിക്ക് ലഭിക്കുന്ന തടസ്സമില്ലാത്തതും മികച്ചതുമായ അനുഭവത്തിലാണെന്ന് റെഡ് സീ ഇൻറർനാഷണൽ സി.ഇ.ഒ ജോൺ പാഗാനോ പറഞ്ഞു. സേവനരംഗത്ത് തങ്ങൾ പുലർത്തുന്ന സമാനതകളില്ലാത്ത സംസ്കാരത്തിനുള്ള അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള ഹോസ്പിറ്റാലിറ്റി രംഗത്തെ സുപ്രധാന നാഴികക്കല്ലാണിതെന്ന് ഫോർബ്സ് ട്രാവൽ ഗൈഡ് സി.ഇ.ഒ ഹെർമൻ എൽഗർ പ്രശംസിച്ചു. സേവനത്തിലെ കൃത്യത, കാര്യക്ഷമത, ശുചിത്വം, ആഡംബരം, ജീവനക്കാരുടെ സാങ്കേതിക മികവ് തുടങ്ങി 182 കടുപ്പമേറിയ മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ പദവി നൽകിയിരിക്കുന്നത്. കൂടാതെ, റെഡ് സീ ഡെസ്റ്റിനേഷനിലെ മൂന്ന് പ്രമുഖ റിസോർട്ടുകൾ 2026-ലെ ഫോർബ്സ് 'സ്റ്റാർ അവാർഡ്‌സ്' പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. ഇതോടെ ലോകത്തെ മുൻനിര ആഡംബര വിനോദസഞ്ചാര ഭൂപടത്തിൽ തങ്ങളുടെ സ്ഥാനം റെഡ് സീ കൂടുതൽ ഉറപ്പിച്ചു.