അന്ന് മോട്ടോര്‍ സൈക്കിളില്‍ രാജ്യം ചുറ്റിയ ആഫ്രിക്കന്‍- അമേരിക്കന്‍ യുവതി; കാണാം ചിത്രങ്ങള്‍

First Published Jul 7, 2020, 9:02 AM IST

ഒരു മോട്ടോര്‍സൈക്കിളില്‍ രാജ്യം ചുറ്റുകയെന്നത് വലിയ ധീരപ്രവൃത്തിയാണോ? ഈ പുതുകാലത്ത് ഒരുപക്ഷേ ആയിരിക്കണമെന്നില്ല. എന്നാല്‍, 1930 -ല്‍ അമേരിക്കയിലെ ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ യുവതിയെ സംബന്ധിച്ചിടത്തോളം അതൊരു സാഹസികത തന്നെയാണ് അല്ലേ? ബെസി സ്ട്രിംഗ്‍ഫീല്‍ഡാണ് ആ സാഹസികത കാണിച്ച യുവതി. ഇന്നും അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ വിവേചനം നേരിടുന്നുണ്ട്. ജോര്‍ജ് ഫ്ലോയ്‍ഡും ബ്രൂക്സുമെല്ലാം അതിന് ഉദാഹരണമാണ്. അപ്പോള്‍ പിന്നെ അന്നത്തെ കാലത്ത് എങ്ങനെയായിരിക്കും? എന്നാല്‍, അന്ന് ബെസി സ്ട്രിംഗ്‍ഫീല്‍ഡ് എന്ന ആഫ്രിക്കന്‍- അമേരിക്കന്‍ സ്ത്രീ കാണിച്ച ധൈര്യം അത്ഭുതപ്പെടുത്തുന്നതാണ്. 

1911 -ലാണ് ബെസി ജനിച്ചത്. പതിനാറാമത്തെ വയസ്സിലാണ് അവള്‍ ഒരു മോട്ടോര്‍സൈക്കിള്‍ ഓടിക്കാന്‍ പഠിക്കുന്നത്. അവളുടെ സാഹസികയാത്രകളിലേക്കുള്ള തുടക്കവും അവിടെനിന്നും തന്നെയാണ്. അതിന് മുമ്പൊരിക്കലും ആരും സഞ്ചരിച്ചിട്ടില്ലാത്തൊരു വഴിയിലൂടെ സഞ്ചരിക്കുക എന്നത് അവളെ സംബന്ധിച്ചിടത്തോളം വെല്ലുവിളി തന്നെയായിരുന്നു.
undefined
ബെസിയെ കുറിച്ച് എഴുതിയവര്‍ പറയുന്നത്, അന്ന് അവളുടെ യാത്രകളില്‍ ആഫ്രിക്കന്‍-അമേരിക്കനായതിന്‍റെ പേരില്‍ പലപ്പോഴും അവള്‍ക്ക് താമസിക്കാനിടം പോലും കിട്ടിയിരുന്നില്ല എന്നാണ്. അതിനാല്‍ത്തന്നെ ഒന്നുകില്‍ വഴിയരികില്‍ കാണുന്ന കറുത്ത വര്‍ഗക്കാരുടെ വീട്ടിലോ അല്ലെങ്കില്‍ തന്‍റെ ഹാര്‍ലി മോട്ടോര്‍സൈക്കിളിലോ അവള്‍ കിടന്നുറങ്ങി. അതുപോലെ തന്നെ ഒരു റേസില്‍ പങ്കെടുത്തെങ്കിലും സ്ത്രീയാണ് എന്ന ഒറ്റക്കാരണത്തിന്മേല്‍ അവള്‍ക്ക് സമ്മാനം നിഷേധിക്കപ്പെട്ടു. എന്നാല്‍, അതിലൊന്നും തോറ്റുകൊടുക്കാനും തളര്‍ന്നുപോവാനും അവള്‍ ഒരുക്കമായിരുന്നില്ല. ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ സ്ത്രീ എന്ന നിലയില്‍ അന്നാര്‍ക്കും ചെയ്യാനാവാത്തത് ചെയ്‍തുകൊണ്ട് ചരിത്രത്തിലിടം നേടി അവര്‍.
undefined
വംശീയവും ലിംഗപരവുമായ തടസ്സങ്ങളെ മറികടന്ന് യുഎസ്എ, യൂറോപ്പ്, ബ്രസീൽ തുടങ്ങി മറ്റ് ഏഴ് ദീർഘദൂര യാത്രകൾ നടത്തിയ ഏക ആഫ്രിക്കൻ-അമേരിക്കൻ വനിതയായി ബെസി മാറി. ഒപ്പം തന്നെ കാർണിവലുകളിൽ മോട്ടോർ സൈക്കിൾ സ്റ്റണ്ടുകൾ നടത്തി, രണ്ടാം ലോകമഹായുദ്ധസമയത്ത് യുഎസ് ആർമിയില്‍ കൊറിയര്‍ സര്‍വീസില്‍ സേവനമനുഷ്ഠിച്ചു. മോട്ടോർ സൈക്കിൾ രംഗത്തെ സാന്നിധ്യമായി മാധ്യമശ്രദ്ധ ആകർഷിക്കുകയും 'മിയാമിയിലെ മോട്ടോർസൈക്കിൾ രാജ്ഞി' എന്ന പദവി നേടുകയും ചെയ്‍തു ബെസി.
undefined
മത്സരങ്ങളില്‍ പങ്കെടുക്കുന്നത് നിഷേധിക്കപ്പെട്ടുവെങ്കിലും കാര്‍ണിവലുകളിലും മറ്റ് ഷോകളിലും പങ്കെടുത്ത് കാണികളെ അമ്പരപ്പിക്കുകയും പണം നേടുകയും ചെയ്‍തിരുന്നു അവര്‍. അവര്‍ക്ക് മോട്ടോര്‍സൈക്കിള്‍ പ്രണയവും ഹരവുമായിരുന്നു. അതില്‍ അവര്‍ സന്തോഷം കണ്ടെത്തി. സാഹസികതയെ കൂടെക്കൂട്ടി.
undefined
1950 -ല്‍ അവര്‍ മിയാമിയില്‍ സെറ്റില്‍ഡാവുകയും ഒരു നഴ്‍സായി സേവനമനുഷ്ടിക്കുകയും ചെയ്‍തു. ഒപ്പം തന്നെ അയണ്‍ ഹോഴ്‍സ് മോട്ടോര്‍സൈക്കിള്‍ ക്ലബ്ബിന് തുടക്കമിടുകയും ചെയ്‍തു. ബെസി ആറ് തവണ വിവാഹിതയാവുകയും വിവാഹമോചനം നേടുകയും ചെയ്‍തിട്ടുണ്ട്. മൂന്നാമത്തെ ഭര്‍ത്താവിന്‍റെ സര്‍നെയിമാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്.
undefined
1993 -ൽ അന്തരിച്ചുവെങ്കിലും ബെസി സ്ട്രിംഗ്‍ഫീല്‍ഡ് മെമ്മോറിയല്‍ അവാര്‍ഡിലൂടെ അവര്‍ ആദരിക്കപ്പെടുകയും ഓര്‍മ്മിക്കപ്പെടുകയും ചെയ്യുന്നു. ഇന്ന് പലരും മോട്ടോര്‍സൈക്കിളുകളില്‍ സോളോ ട്രിപ്പുകള്‍ പോകാറുണ്ട്. സാഹസികയാത്രകളും കുറവല്ല. എന്നാല്‍, അന്നത്തെക്കാലത്ത് ബെസി ഒരത്ഭുതം തന്നെയായിരുന്നുവെന്നതില്‍ സംശയം വേണ്ട.
undefined
click me!