മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ പ്രദര്‍ശിപ്പിച്ചു, ആ പണം ഉപയോഗിച്ചത് ഇതിനുവേണ്ടി

First Published Jul 4, 2020, 1:03 PM IST

പണ്ടുകാലത്ത് മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ വേണ്ട രീതിയില്‍ പരിചരിക്കാനുള്ള സൗകര്യങ്ങളുണ്ടായിരുന്നില്ല. മാത്രവുമല്ല, അതിനെക്കുറിച്ച് വേണ്ടത്ര വിവരവും അന്നുള്ളവര്‍ക്കുണ്ടായിരുന്നില്ല. അതിനാല്‍, അങ്ങനെ ജനിക്കുന്ന മിക്ക കുഞ്ഞുങ്ങളും ജീവിച്ചിരിക്കാന്‍ ഭാഗ്യമില്ലാത്തവരായി മാറുകയാണ് പതിവ്. ആ സമയത്ത് ആശുപത്രികളും ഇക്കാര്യത്തില്‍ പരിഗണനയൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍, അന്ന് അങ്ങനെ മാസം തികയാതെ കുഞ്ഞുങ്ങള്‍ ജനിക്കുന്ന ചിലര്‍ക്കെങ്കിലും ഒരാളെ പരിചയമുണ്ടായിരുന്നിരിക്കണം അയാളുടെ പേരാണ് മാര്‍ട്ടിന്‍ കൂനി. 

ആരായിരുന്നു മാര്‍ട്ടിന്‍ കൂനി? മാര്‍ട്ടിന്‍ കൂനി യാതൊരു തരത്തിലും മെഡിക്കല്‍ രംഗത്ത് എന്തെങ്കിലും പരിചയസമ്പത്തുള്ള ആളായിരുന്നില്ല എന്നാണ് കരുതപ്പെടുന്നത്. 1880 -ല്‍ പാരിസിലാണ് മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ തിരികെ കൊണ്ടുവരുന്നതിനായി ഇന്‍ക്യുബേറ്റര്‍ പ്രചാരത്തില്‍ വന്നത്. 1896 -ലാണ് മാര്‍ട്ടിന്‍ കൂനി അവ ആദ്യമായി ബെര്‍ലിന്‍ എക്സ്പോസിഷനില്‍ പ്രദര്‍ശിപ്പിച്ചത്. അവിടെനിന്നും പലയിടത്തേക്കും പ്രദര്‍ശനങ്ങളുമായി അദ്ദേഹം സഞ്ചരിച്ചു. എന്നാല്‍, 1903 -ല്‍ യു എസ്സില്‍ സ്ഥിരതാമസമാക്കുകയും 1940 വരെ ഇന്‍ക്യബേറ്ററിലുള്ള മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ പ്രദര്‍ശിപ്പിക്കുന്നത് തുടരുകയും ചെയ്‍തു.
undefined
എന്തിനായിരുന്നു ഇങ്ങനെ കുഞ്ഞുങ്ങളെ പ്രദര്‍ശിപ്പിച്ചത്? എന്തിനായിരുന്നു മാര്‍ട്ടിന്‍ കൂനി ഇങ്ങനെ മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ പ്രദര്‍ശിപ്പിച്ചത്? ഇന്‍ക്യുബേറ്ററോ ഈ കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം പരിചരണം നല്‍കുന്നതോ ഒന്നും അന്ന് അത്ര പ്രചാരത്തിലില്ലായിരുന്നു. മാത്രവുമല്ല, പലര്‍ക്കും ഇതേക്കുറിച്ച് അത്ര വലിയ അറിവുമില്ലായിരുന്നു. അതിനാല്‍ത്തന്നെ ഇങ്ങനെ ഇന്‍ക്യുബേറ്ററിലുള്ള കുഞ്ഞുങ്ങളെ കാണാന്‍ സന്ദര്‍ശകരെത്തിയിരുന്നു. അവരില്‍ നിന്നും മാര്‍ട്ടിന്‍ കൂനി പണമീടാക്കി. ഇങ്ങനെ കുഞ്ഞുങ്ങളെ കാണണമെങ്കില്‍ 25 സെന്‍റായിരുന്നു നല്‍കേണ്ടിയിരുന്നത്. ആ പണം മാര്‍ട്ടിന്‍ കൂനി ചെലവഴിച്ചത് ആ കുഞ്ഞുങ്ങളുടെ പരിചരണത്തിനായിട്ടായിരുന്നുവത്രെ. മരണവും ജീവിതവും തമ്മിലുള്ള ആ കുഞ്ഞുങ്ങളുടെ പോരാട്ടം തന്നെയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ മാര്‍ട്ടിന്‍ കൂനി പ്രദര്‍ശിപ്പിച്ചത്. Coney ദ്വീപിലെ വലിയ ആകര്‍ഷണങ്ങളിലൊന്നായി ഈ പ്രദര്‍ശനം പിന്നീട് മാറി.
undefined
ഈ പ്രദര്‍ശനം നടക്കുന്ന സമയത്ത് സമൂഹത്തില്‍ മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ട ശ്രദ്ധയോ പരിചരണമോ ഒന്നും നല്‍കിയിരുന്നില്ല. പകരം അവരെ മരണത്തിന് വിട്ടുകൊടുക്കുകയാണ് പലരും ചെയ്‍തത്. എന്നാല്‍, ഇത് മാര്‍ട്ടിന്‍ കൂനിയെ സംബന്ധിച്ച് സഹിക്കാനാവാത്തതായിരുന്നു. അതിനാല്‍ത്തന്നെ ഈ കാര്യത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് കൂനി തീരുമാനിക്കുകയായിരുന്നു. അങ്ങനെ ആധുനിക പ്രശ്‍നങ്ങള്‍ക്ക് ആധുനിക പരിഹാരമെന്നോണം കൂനി ഇന്‍ക്യുബേറ്റര്‍ അവതരിപ്പിച്ചു. മരണത്തിലേക്ക് പോയേക്കാവുന്ന കുഞ്ഞുങ്ങള്‍ക്ക് ഇന്‍ക്യുബേറ്റര്‍ സൗകര്യം ഒരുക്കി. പ്രദര്‍ശനത്തില്‍ നിന്നും കിട്ടുന്ന തുക അവരുടെതന്നെ പരിചരണത്തിനായി ചെലവഴിച്ചു. ആശുപത്രികളില്‍ കിട്ടാത്ത പരിചരണമാണ് ആ കുഞ്ഞുങ്ങള്‍ക്ക് കൂനിയുടെ അടുത്തുനിന്നും കിട്ടിയത്. വലിയ പണച്ചെലവ് ഇതിനുണ്ടായിരുന്നതിനാല്‍ത്തന്നെ വലിയ തുകയാണ് ഈ കുഞ്ഞുങ്ങളെ കാണാന്‍ കൂനി സന്ദര്‍ശകരില്‍ നിന്ന് ഈടാക്കിയത്. പിന്നീട് കൂനി 'ഇന്‍ക്യുബേറ്റര്‍ ഡോക്ടര്‍' എന്ന് അറിയപ്പെട്ടു. കുഞ്ഞുങ്ങളുടെ രക്ഷിതാക്കളില്‍ നിന്നും പണമൊന്നും തന്നെ കൂനി ഈടാക്കിയിട്ടില്ലെന്നും പറയുന്നു.
undefined
എന്നാല്‍, ആ സമയത്തെ ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ കൂനിയുടെ പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിച്ചു. കാരണം, യാതൊരു തരത്തിലുള്ള മെഡിക്കല്‍ രംഗത്തെ പഠനമോ പരിചയമോ കൂനിക്കുണ്ടായിരുന്നില്ല എന്നതുതന്നെ കാരണം. എന്നാല്‍, കൂനി പറഞ്ഞത് 'എന്ന് മെഡിക്കല്‍ രംഗം ഈ കുഞ്ഞുങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും അവര്‍ക്ക് ജീവിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യുന്നുവോ എന്ന് താനിത് അവസാനിപ്പിക്കും' എന്നാണ്. ഇന്‍ക്യുബേറ്റര്‍ ആ സമയത്ത് മെഡിക്കല്‍ രംഗത്തുണ്ടായിരുന്ന അത്ഭുതങ്ങളില്‍ ഒന്ന് തന്നെയായിരുന്നു. അവ വേണ്ട രീതിയില്‍ തയ്യാറാക്കി വെച്ചിരുന്നു കൂനി.
undefined
അതുപോലെ കുഞ്ഞുങ്ങള്‍ക്ക് ശുചിത്വം പാലിച്ചുകൊണ്ടാണോ പാല്‍ നല്‍കുന്നത് എന്നതും കൂനി ശ്രദ്ധിച്ചു. അവരെ പരിചരിക്കുന്നവരും പാല്‍ നല്‍കുന്നവരും പുകവലിക്കാതിരിക്കാനും മദ്യപിക്കാതിരിക്കാനും അയാള്‍ ശ്രദ്ധിച്ചിരുന്നു. അങ്ങനെയെന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അപ്പോള്‍ത്തന്നെ അവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. അതുപോലെ അലക്കി ഉണക്കിയെടുത്ത വൃത്തിയുള്ള വെള്ള യൂണിഫോം അവരെക്കൊണ്ട് ധരിപ്പിച്ചു. ഒപ്പം കുഞ്ഞുങ്ങളെ കിടത്തിയിരിക്കുന്ന സ്ഥലവും പരിസരവുമെല്ലാം വേണ്ടത്ര ശുചിയോടെയിരിക്കാനും എല്ലാ സമയത്തും കൂനി പരിശ്രമിച്ചിരുന്നു. കൂനിയുടെ ഭാര്യയും ഇവിടെത്തന്നെ ഒരു നഴ്‍സായിരുന്നു.
undefined
ഏകദേശം 6500 കുട്ടികളുടെയെങ്കിലും ജീവന്‍ ഇതുപോലെ കൂനി രക്ഷിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. അമേരിക്കയിലെ ആരോഗ്യരംഗത്ത് തന്നെ വലിയ മാറ്റങ്ങള്‍ ഇതുവഴി കൂനി ഉണ്ടാക്കിയെന്നും പറയപ്പെടുന്നു. 1940 -കളോടെ ഈ പ്രദര്‍ശനങ്ങളില്‍ ആളുകളെത്താതെയായി. എന്നാല്‍, ആ സമയമാകുമ്പോഴേക്കും ആശുപത്രികളില്‍ മാസം തികയാതെ കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക പരിചരണം നല്‍കാനാരംഭിച്ചിരുന്നു. അതിനായി പ്രത്യേകം യൂണിറ്റുകളും നിലവില്‍ വന്നു. കൂനിയുടെ സ്വപ്‍നം യാഥാര്‍ത്ഥ്യമായി. 1950 -ല്‍ കൂനി മരിച്ചു. എണ്‍പതാമത്തെ വയസ്സില്‍ ഒരു സമ്പാദ്യവും ഇല്ലാതെയാണ് കൂനി മരിച്ചത്. എന്നാല്‍, അദ്ദേഹത്തെ ഇന്നും ഓര്‍ക്കുന്നവരുണ്ട്.
undefined
പലതരത്തിലുള്ള ചര്‍ച്ചകള്‍ക്കും കൂനി വഴിവെച്ചിട്ടുണ്ട്. കുഞ്ഞുങ്ങളെ ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്നതിനെച്ചൊല്ലിയും അന്നുതന്നെ മെഡിക്കല്‍ രംഗത്തുള്ളവര്‍ ചോദ്യമുന്നയിച്ചിരുന്നു. മാത്രവുമല്ല, മെഡിക്കല്‍ രംഗത്തെ കൂനിയുടെ പരിചയമില്ലായ്‍മയും ചര്‍ച്ച ചെയ്യപ്പെട്ടു. എങ്കിലും പലരും പറഞ്ഞത്, ആരും നോക്കാനില്ലാത്ത എത്രയോ കുഞ്ഞുങ്ങളുടെ ജീവനാണ് ആ കാലത്ത് മാര്‍ട്ടിന്‍ കൂനി രക്ഷിച്ചത് എന്നാണ്. ആ രംഗത്ത് പുതിയൊരു ചര്‍ച്ചകള്‍ക്കെങ്കിലും കൂനിയുടെ പ്രവര്‍ത്തനങ്ങള്‍ വഴിവെച്ചിട്ടുണ്ട് എന്നും.
undefined
അന്ന് കൂനിയുടെ പരിചരണത്താല്‍ ജീവിതത്തിലേക്ക് തിരികെ വന്ന പലരും പിന്നീട് അദ്ദേഹത്തെ നന്ദിയോടെ സ്‍മരിക്കുകയും പല സന്ദര്‍ഭങ്ങളിലും അദ്ദേഹത്തെ കുറിച്ച് നന്ദിയോടെ പരാമര്‍ശിക്കുകയും ചെയ്‍തു. ഇങ്ങനെ കുഞ്ഞുങ്ങളെ ഇന്നത്തെ കാലത്ത് പ്രദര്‍ശിപ്പിച്ചാല്‍ നിയമനടപടി നേരിടേണ്ടി വരും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍, Neonatal Services at Cohen Children's Medical Center of New York and Northwell Health ഡയറക്ടര്‍ ഡോ. റിച്ചാര്‍ഡ് സ്‍കാന്‍ലര്‍ ഒരിക്കല്‍ പറഞ്ഞത്, ''ആ കാലത്തെ വച്ചുകൊണ്ടുവേണം നാം മാര്‍ട്ടിന്‍ കൂനി എന്താണ് ചെയ്‍തത് എന്ന് ചിന്തിക്കാന്‍'' എന്നാണ്. ഒരുപാടുപേര്‍ ഇതേ അഭിപ്രായം തന്നെയാണ് പങ്കുവെച്ചത്. ഇന്നും കൂനിയെ സ്നേഹത്തോടെ ആരാധനയോടെ കാണുന്ന നിരവധിപ്പേരുണ്ട്.
undefined
click me!