വിമാനത്തിന് പണമില്ല, തന്നെത്തന്നെ പെട്ടിയിലാക്കി അയച്ച യുവാവ്, അവിശ്വസനീയമായ അനുഭവം!

First Published Apr 14, 2021, 1:45 PM IST

ഒരാവേശത്തിന് വെയില്‍സില്‍ നിന്നും ഓസ്ട്രേലിയയിലെത്തിയതാണ് കൌമാരക്കാരനായ ബ്രയാന്‍ റോബ്സണ്‍. എന്നാല്‍, ലോകത്തിന്‍റെ മറ്റേ അറ്റത്തേക്ക് താന്‍ നടത്തിയ കുടിയേറ്റം ഒരു അബദ്ധമായിപ്പോയി എന്ന് ഉടനെ തന്നെ ബ്രയാന് തിരിച്ചറിവുണ്ടായി. ഏതായാലും തിരിച്ചുപോകാനുള്ള പണമോ, വിമാനടിക്കറ്റിനുള്ള പണമോ ആ പത്തൊമ്പതുകാരന്‍റെ കയ്യില്‍ ഇല്ലായിരുന്നു. 1964 -ലാണ് സംഭവം എന്നോര്‍ക്കണം. ഏതായാലും തിരികെ പോകുന്നതിനെ കുറിച്ചുള്ള വഴികള്‍ വളരെ പരിമിതമാണ് എന്ന് തിരിച്ചറിഞ്ഞതോടെ അവനൊരു പ്ലാനിട്ടു. തന്നെത്തന്നെ നാട്ടിലേക്ക് കടത്തിക്കൊണ്ടുപോകാം. ഇത് അങ്ങനെ ദിവസങ്ങളോളം പെട്ടിയിൽ കഴിയേണ്ടി വന്ന ബ്രയാന്റെ അനുഭവമാണ്. ഇപ്പോൾ, 76 വയസായി ബ്രയാൻ റോബ്സണിന്. 

50 വര്‍ഷം മുമ്പ് തന്നെ പെട്ടിയിലാക്കി കടത്താന്‍ സഹായിച്ച ജോണെന്നും പോളെന്നും പേരായ രണ്ട് സുഹൃത്തുക്കളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ന് ബ്രയാന്‍. 'ജോണിനോടും പോളിനോടും അവസാനമായി ഞാന്‍ സംസാരിച്ചത് അവരെന്നെ ഒരു പെട്ടിയിലാക്കി ടേപ്പ് വച്ച് ഒട്ടിച്ചപ്പോഴാണ്. നീയിതില്‍ ഓക്കേ അല്ലേ എന്നാണ് അവരെന്നോട് ചോദിച്ചത്. ഞാന്‍ അതേ എന്ന് പറഞ്ഞു. അവർ ഗുഡ് ലക്ക് പറഞ്ഞു... പെട്ടി അടച്ചു... എനിക്ക് എന്റെയാ കൂട്ടുകാരെ കാണണം എന്ന് തോന്നുന്നുണ്ട്...' ബ്രയാന്‍ സിഎന്‍എന്നിനോട് പറഞ്ഞു.
undefined
ഓസ്ട്രേലിയയിൽ എത്തുന്നതിന് ഒരുവര്‍ഷം മുമ്പ് വെയില്‍സില്‍ ബസ് കണ്ടക്ടറായി ജോലി നോക്കുകയായിരുന്നു ബ്രയാന്‍. പിന്നെയാണ് വിക്ടോറിയന്‍ റെയില്‍വേയിലേക്ക് ജോലിക്ക് അപേക്ഷിച്ചത്. പത്തൊമ്പതാം പിറന്നാള്‍ കഴിഞ്ഞ് അധികം വൈകും മുമ്പ് മെല്‍ബോണില്‍ പുതിയ ജീവിതം തുടങ്ങുന്നതിനായി അവനവിടം വിട്ടു. ടെഹ്റാന്‍, ദില്ലി, സിംഗപ്പൂര്‍, ജക്കാര്‍ത്ത, സിഡ്നി ഇവിടങ്ങളെല്ലാം കടന്നു. 'അതൊരു നാശം പിടിച്ച യാത്രയായിരുന്നു. എന്നാലും തിരികെ പോകുന്നതിനേക്കാളും നല്ലതായിരുന്നു'വെന്ന് ബ്രയാന്‍ പറയുന്നു.
undefined
എന്നാല്‍, ഓസ്ട്രേലിയയിലെത്തി അവിടെ താമസിക്കേണ്ടുന്ന പരിസരവും മറ്റും കണ്ടപ്പോള്‍ തന്നെ ഇനിയവിടെ തുടരേണ്ടതില്ല എന്ന് ബ്രയാന് തോന്നി. എന്തെങ്കിലും മനസിലുറപ്പിച്ചാല്‍ അത് നടത്തിയേ തീരു എന്ന പ്രകൃതമായിരുന്നു അവന്. അങ്ങനെ വീട്ടിലേക്ക് തിരികെ പോകാന്‍ തന്നെ അവന്‍ തീരുമാനിച്ചു. ഏതായാലും ആറ് മാസം ജോലി ചെയ്തശേഷം ബ്രയാന്‍ ജോലി രാജിവെച്ചു. പക്ഷേ, തിരികെയുള്ള യാത്രക്ക് വേണ്ടത്ര തുക അവന്‍റെ കയ്യിലുണ്ടായിരുന്നില്ല.
undefined
അങ്ങനെ ആകെ സങ്കടപ്പെട്ട് ഹോസ്റ്റലില്‍ ഇരിക്കവെയാണ് അവന്‍ ജോണിനെയും പോളിനെയും കാണുന്നത്. അവര്‍, അടുത്തിടെ ഓസ്ട്രേലിയയില്‍ എത്തിയതേ ഉള്ളൂവായിരുന്നു. ഏതായാലും മൂവരും ഉടനെ തന്നെ സുഹൃത്തുക്കളായി. അവിടെ നടക്കുന്ന ഒരു ട്രേഡ് എക്സിബിഷന്‍ കാണാന്‍ പോയതാണ് മൂവരും. അവിടെ 'പിക്ഫ്രോഡ്സ്' എന്നൊരു കമ്പനിയുടെ സ്റ്റാളും ഉണ്ടായിരുന്നു. യുകെ കേന്ദ്രീകരിച്ചുള്ള എന്ത് വസ്തുക്കളും മറ്റൊരിടത്തേക്ക് കൊണ്ടുപോയെത്തിക്കുന്ന ഒരു കമ്പനി ആയിരുന്നു അത്. അപ്പോള്‍ ചിലപ്പോള്‍ അവര്‍ ആളുകളെയും അങ്ങനെ കടത്തുമായിരിക്കും എന്നും ബ്രയാന് തോന്നി. തമാശ ആയിട്ടാണ് അങ്ങനെ പറഞ്ഞതെങ്കിലും ആ ചിന്ത മനസില്‍ നിന്നും കളയാന്‍ ബ്രയാന് തോന്നിയില്ല.
undefined
പിറ്റേന്ന് രാവിലെ ബ്രയാന്‍ മെല്‍ബോണിലുള്ള ഓസ്ട്രേലിയന്‍ എയര്‍ലൈന്‍ ഖന്താസിന്‍റെ ഓഫീസില്‍ ചെന്നു. എത്ര വലിപ്പം വരെയുള്ള പാഴ്സലുകളാണ് അയക്കാനാവുന്നത് എത്ര രൂപയാവും തുടങ്ങി എല്ലാ കാര്യങ്ങളും അന്വേഷിച്ചു. തിരികെ ഹോസ്റ്റലിലെത്തി ജോണിനോടും പോളിനോടും താനൊരു വഴി കണ്ടെത്തിയിട്ടുണ്ട് എന്ന് പറഞ്ഞു. 'ഞാനെന്നെ തന്നെ മെയില്‍ ചെയ്യും. അതിനായി സ്റ്റാമ്പ് വാങ്ങി വരാമെ'ന്നും പറഞ്ഞു. ഏതായാലും ഐഡിയ മുഴുവനും പറഞ്ഞപ്പോള്‍ പോള്‍ കരുതിയത് ബ്രയാനെന്തൊരു വിഡ്ഢി ആണ് എന്നാണ്. ജോണിന് എന്നാല്‍ കുറച്ച് ആത്മവിശ്വാസം ഉണ്ടായിരുന്നു. മൂന്നുദിവസത്തോളം സുഹൃത്തുക്കള്‍ ഇക്കാര്യം തന്നെ സംസാരിച്ചിരുന്നു. ഒടുവില്‍ രണ്ടുപേരും ബ്രയാന്‍റെ ഐഡിയ തന്നെ നടപ്പിലാക്കാം എന്ന് തീരുമാനിച്ചു.
undefined
30 x 26 x 38 ഇഞ്ചുള്ള ഒരു ബോക്സ് വാങ്ങി ബ്രയാന്‍. ഒരു മാസത്തെ പ്ലാനിംഗ്. ബോക്സില്‍ ബ്രയാനും സ്യൂട്ട്കെയ്സിനും വേണ്ടത്ര സ്ഥലമുണ്ട് എന്ന് ഉറപ്പിച്ചിരുന്നു. ഒരു തലയണ, ഒരു ടോര്‍ച്ച്, ഒരുകുപ്പി വെള്ളം, മൂത്രമൊഴിക്കാനുള്ള ഒരു കുപ്പി, ലണ്ടനിലെത്തിയാല്‍ ബോക്സ് തുറക്കാനുള്ള ഒരു ചുറ്റിക എന്നിവയെല്ലാം കരുതി. ആദ്യം ട്രയല്‍ റണ്ണായിരുന്നു. ബ്രയാന്‍ അതിനകത്ത് കയറി പോളും ജോണും അത് പൊതിഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ വീണ്ടും അതുപോലെ തന്നെ അവനെ പെട്ടിയിലാക്കി. പൂട്ടുന്നതിന് മുമ്പ് പോളും ജോണും അവനോട് യാത്ര പറഞ്ഞു.
undefined
ആദ്യവിമാനം മെല്‍ബോണില്‍ നിന്നും സിഡ്നിയിലേക്കായിരുന്നു. 90 മിനിറ്റ് യാത്ര. വിമാനത്തിലേക്ക് പെട്ടിയെടുത്തുവച്ചു, ബ്രയാന്‍റെ കാലുകള്‍ കോച്ചിവലിച്ചു തുടങ്ങി. വല്ലാത്ത വേദന തോന്നി. അപ്പോഴാണ് ഓക്സിജനെ കുറിച്ച് ആദ്യമായി അവന്‍ ചിന്തിക്കുന്നത്. വളരെ കുറച്ച് ഓക്സിജന്‍ മാത്രമേ അതിനകത്ത് കിട്ടുന്നുണ്ടായിരുന്നുള്ളൂ. എന്നാല്‍, സിഡ്നി എത്തിയതോടെ കാര്യം പിന്നെയും മോശമായി. പെട്ടിവച്ചത് തല തിരിച്ച്. അതോടെ ബ്രയാന്‍റെ കാല്‍ മുകളിലും തല താഴെയും എന്ന അവസ്ഥയായി. 22 മണിക്കൂര്‍ അത് അങ്ങനെ കിടന്നു. പിന്നീട്, ബുക്ക് ചെയ്ത ഫ്ലൈറ്റ് ഫുള്ളായതിനാല്‍ അവിടെനിന്നും മറ്റൊരു ഫ്ലൈറ്റിലാണ് ബോക്സ് കയറ്റിയത്. അതോടെ യാത്രാസമയം പിന്നെയും കൂടി. അഞ്ച് ദിവസമായിരുന്നു ആ യാത്ര. വേദന സഹിക്കാനാവാത്തതായി, പലപ്പോഴും ബോധം പോയി. രാത്രികളില്‍ ബ്രയാന് അടക്കാനാവാത്ത ഭയമായി. യാഥാര്‍ത്ഥ്യമെന്താണ് തന്‍റെ ചിന്തകളെന്താണ് എന്നതൊക്കെ ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥ. തന്നെ അവര്‍ വിമാനത്തില്‍ നിന്നും വലിച്ചെറിയുമോ എന്നെല്ലാം അവന് സംശയമുണ്ടായി. വേദനയും ആശയക്കുഴപ്പങ്ങളുമെല്ലാം ചേര്‍ന്ന് അവനെ കൊന്നുതിന്നു. ഒരുഘട്ടത്തില്‍ താന്‍ മരിക്കാന്‍ പോവുകയാണ് എന്നുപോലും അവന് തോന്നി.
undefined
ഏതായാലും ആ വിമാനം അതിന്‍റെ ലക്ഷ്യസ്ഥാനത്ത് എത്തി. അതോടെ അടുത്ത പദ്ധതിക്കനുസരിച്ച് നീങ്ങാനാരംഭിച്ചു ബ്രയാന്‍. രാത്രി വരെ കാത്തിരിക്കുക. ശേഷം ഹാമ്മറുപയോഗിച്ച് ബോക്സ് തുറന്നശേഷം പുറത്തിറങ്ങുക ഇതായിരുന്നു പ്ലാന്‍. എന്നാല്‍, രണ്ട് എയര്‍പോര്‍ട്ട് ജോലിക്കാര്‍ അടുത്തേക്ക് വരുന്നത് ബ്രയാന്‍ കണ്ടു. ടോര്‍ച്ചിന്‍റെ വെളിച്ചം കണ്ടാണ് അവര്‍ അടുത്തെത്തിയത്. സൂക്ഷിച്ചുനോക്കിയപ്പോള്‍ പെട്ടിക്കകത്ത് ഒരു മനുഷ്യനിരിക്കുന്നത് അവര്‍ കണ്ടു. അയ്യോ, പെട്ടിയിലൊരാള്‍ എന്ന് അയാള്‍ അലറിവിളിച്ചു. എന്നാല്‍, ബ്രയാന് തിരികെ എന്തെങ്കിലും മിണ്ടാനോ അനങ്ങാനോ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. ജീവനക്കാര്‍ ഉടനെ തന്നെ സൂപ്പര്‍വൈസറെ വിളിച്ചു വന്നു. ബ്രയാന് ജീവനുണ്ട് എന്നും അപകടകാരിയല്ല എന്നും മനസിലായതോടെ അവര്‍ എത്രയും പെട്ടെന്ന് അവനെ ആശുപത്രിയിലെത്തിച്ചു.
undefined
ആറ് ദിവസമാണ് അവിടെ കിടന്നത്. അപ്പോഴേക്കും മാധ്യമങ്ങള്‍ കഥയറിഞ്ഞ് എത്തിത്തുടങ്ങിയിരുന്നു. സാങ്കേതികമായി പറഞ്ഞാല്‍ ബ്രയാന്‍ നിയമവിരുദ്ധമായിട്ടാണ് യുഎസ്സിലെത്തിയത്. എന്നാല്‍, അയാള്‍ക്കെതിരെ നിയമനടപടി ഒന്നും ഉണ്ടായില്ല. ലണ്ടനിലേക്ക് തിരികെ പോകാന്‍ അവനൊരു ഫസ്റ്റ് ക്ലാസ് ടിക്കറ്റും അവര്‍ നല്‍കി. യുകെയിലെ ലണ്ടന്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോഴേക്കും മാധ്യമങ്ങളുടെ ക്യാമറകള്‍ മിന്നിത്തുടങ്ങി. അത് 1965 മെയ് മാസത്തിലായിരുന്നു. കുടുംബത്തിന് സന്തോഷമായി. എന്നാല്‍, അവന്‍ എന്താണ് ചെയ്തത് എന്നതില്‍ അവര്‍ക്ക് ദേഷ്യം വന്നിരുന്നു. വെയില്‍സില്‍ കുടുംബത്തോടൊപ്പം ചേര്‍ന്നപ്പോള്‍ ഉണ്ടായ അനുഭവങ്ങളെല്ലാം മറക്കാന്‍ അവന്‍ ശ്രമിച്ചു.
undefined
പക്ഷേ, അപ്പോഴേക്കും മാധ്യമശ്രദ്ധ കിട്ടിയിരുന്ന ബ്രയാന്‍ എവിടെപ്പോയാലും തിരിച്ചറിയപ്പെടാന്‍ തുടങ്ങി. അതോടെ ആ കാലമെല്ലാം വീണ്ടും ഓര്‍മ്മ വരാനും. തിരികെ എത്തിയ ഉടനെ ജോണിനും പോളിനും ബ്രയാന്‍ എഴുതിയിരുന്നു. എന്നാല്‍, ആ കത്ത് അവിടെ എത്തിയിരുന്നോ എന്ന് അറിയില്ല. അന്ന് താന്‍ മരിച്ചിരുന്നു എങ്കില്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തപ്പെടുമായിരുന്നുവെന്ന ബോധം പിന്നീടാണ് ബ്രയാന് മനസിലാവുന്നത്. അവരെ കാണണം മാപ്പ് പറയണം എന്നതൊക്കെയാണ് ബ്രയാന്‍റെ ഏറ്റവും വലിയ ആഗ്രഹം. ഇനി എന്നെങ്കിലും ഓസ്ട്രേലിയയിലേക്ക് പോകുന്നുവെങ്കില്‍ അത് അതിനുവേണ്ടി മാത്രമാകും എന്നും ബ്രയാന്‍ പറയുന്നു. തന്‍റെ അനുഭവങ്ങള്‍ വിവരിക്കുന്ന 'ദ ക്രേറ്റ് എസ്കേപ്പ്' എന്നൊരു പുസ്തകവും ബ്രയാന്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ എന്നെങ്കിലും പോളിനെയും ജോണിനെയും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിലിരിക്കുകയാണ് അദ്ദേഹം.
undefined
click me!