Delhi winter: ദില്ലിയിലെ തെരുവുകളില്‍ തണുപ്പ് തീ കായുമ്പോള്‍...

First Published Jan 25, 2022, 10:13 PM IST

കൈയില്‍ ചെറു ചൂടോടെ കട്ടന്‍കാപ്പിയുമായി ഉത്തരേന്ത്യയിലെ മഞ്ഞുകാലം ആസ്വദിക്കാമെന്ന കാല്പനിക സ്വപ്നത്തിലാണ് സഞ്ചാരികള്‍ ദില്ലിയിലേക്ക് വണ്ടി കയറുന്നത്. അതിരാവിലെ എഴുന്നേറ്റ് നടന്നാല്‍ മഞ്ഞില്‍ മൂടിപ്പുതച്ചുറങ്ങുന്ന ദില്ലി കാണാം. തൊട്ടടുത്തുള്ളത് പോലും കാണാന്‍ കഴിയാത്തതരം മൂടലായിരിക്കും മഞ്ഞിന്. അതിനാല്‍ തന്നെ ട്രാഫിക് ബ്ലോക്ക് ശൈത്യ കാലത്ത് സ്ഥിരം കാഴ്ചയാണ്. പ്രൌഢഗംഭീരമായ തെരുവുകള്‍, ഗലികള്‍, ഘാട്ടുകള്‍... എങ്ങനെ തണുപ്പരിച്ചിറങ്ങാത്തൊരു ഇടവും ബാക്കിയുണ്ടാകില്ല. പുറത്ത് നിന്ന് കാഴ്ചകള്‍കാണാനെത്തുന്നവര്‍ക്ക് ദില്ലി ഒരു കാഴ്ചയാണ്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ദില്ലിയിലെ തണുപ്പറിഞ്ഞവരാരാണ്...? ദില്ലിയിലെ ശൈത്യകാലം ചിത്രങ്ങളും എഴുത്തും അനന്ദുപ്രഭ 

മഞ്ഞു തുള്ളികൾ തങ്ങി നിൽക്കുന്ന കാഴ്ചയുടെ കുളിരില്ലെങ്കിലും തണുപ്പ് നന്നായി ലഭിക്കുന്നതിനാലാവണം ദില്ലിയിൽ അവിടിവിടെയായി ചെറിയ തരം ഓറഞ്ചുകൾ പൂത്തു തളിർത്ത് നിൽപ്പുണ്ട്.

സാധാരണ ഓറഞ്ച് പോലെ മധുരം കലർന്ന പുളിപ്പല്ല മറിച്ച്  അത്യാവശ്യം നല്ല പുളിപ്പ് മാത്രമുള്ള ഓറഞ്ചുകൾ എത്തിപ്പറിക്കാൻ തക്ക ഉയരത്തിൽ കായ്ച്ച് നിക്കുന്നത് തന്നെ ഒരു കാഴ്ചയാണ്. 

പാർലമെന്‍റ്, രാഷ്ട്രപതിഭവൻ തുടങ്ങി ഇന്ത്യ ഗെയ്റ്റ് വരെ മറച്ചു കളയുന്ന തരത്തില്‍ മൂടൽ മഞ്ഞ് ചില നേരങ്ങളില്‍ നിറയും. മൂടല്‍ മഞ്ഞില്‍ പാതി മറഞ്ഞ ദില്ലിയുടെ അധികാര ഇടനാഴികളും അവിടേക്ക് നടന്നു നീങ്ങുന്ന ഉദ്യോഗസ്ഥരും ഒരു കാഴ്ച തന്നെയാണ്. 

അതിരാവിലെ തന്നെ വ്യായാമത്തിനും മറ്റുമായി നടക്കാനിറങ്ങുന്നവരുടെ എണ്ണത്തിനും  കുറവില്ല. പഴയ ദില്ലിയുടെ അതായത് ചാന്ദ്നി ചൌക്ക് ഭാഗത്തേക്ക് നീങ്ങിയാൽ  കാഴ്ചകൾക്ക്  അല്പം ചടുലത കൈവരും. 

ഭാഗിക ലോക്ഡൌണിൽ ജോലി ഇല്ലാതായവരും കിട്ടിയ സവാരിക്കിടെ ഒരു നേരത്തെ ഭക്ഷണമായി ഒരു പഴം മാത്രം കഴിച്ച് സൈക്കിള്‍ ചവിട്ടി ലോക് ടൌണിനെ തോൽപ്പിക്കാൻ ശ്രമിക്കുന്നവരും ഇവിടെ സ്ഥിരം കാഴ്ചയാണ്. 

കൊടും തണുപ്പിൽ ഏക ആശ്വാസം എപ്പോഴും തീ കായുകയെന്നത് തന്നെയാണ്. വല്ലപ്പോഴും മാത്രം കാണാൻ കിട്ടുന്ന വെയിലിൽ അവരുടെ കണ്ണുകള്‍ തിളങ്ങുന്നത് നിങ്ങള്‍ക്ക് കാണാം

വല്ലപ്പൊഴും വെയിലൊന്ന് എത്തി നോക്കിയാല്‍, അതിനിടെയില്‍ ചൂടോടെ വാര്‍ത്ത തിരയുന്നവരും കുറവല്ല. രാജ്യതലസ്ഥാനത്ത് വാര്‍ത്തകള്‍ക്ക് പഞ്ഞമില്ല.  

യമുനാ തീരം പതിവ് പോലെ തന്നെ ശാന്തമാണ്. ശൈത്യകാലമായി തുടങ്ങുമ്പോൾ തന്നെ ദേശാടന പക്ഷികളുടെ ബഹളമുയരുമെങ്കില്‍ കൂടിയും യമുനാ തീരത്ത് ഒരു പ്രത്യേകതരം ശാന്തതയുണ്ട്. പൂജാ കർമങ്ങൾക്കും പ്രാർഥനകൾക്കുമായി പുണ്യതീരത്തെത്തുന്നവരും കുറവല്ല 

കോവിഡ് വ്യാപനവും ഒമിക്രോണ്‍ കേസുകളുടെ വർദ്ധനവും ദില്ലിയിൽ നിയന്ത്രണങ്ങൾ  കടുപ്പിച്ചിരിക്കുന്നു. തണുപ്പ് കാലത്ത് വൈകീട്ട് 5 മണി കഴിയുന്നതോടെ വെളിച്ചം മങ്ങിത്തുടങ്ങും. പതുക്കെ ഇരുട്ട് മൂടിത്തുടങ്ങും. 

റോഡുകൾ വിജനമാകും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാവും പിന്നെ തുറന്നു വച്ചിട്ടുണ്ടാവുക. നേരം ഇരുട്ടുന്നതോട് കൂടി തണുപ്പ് കടുത്തുതുടങ്ങും. രാത്രി കർഫ്യു ഉള്ളതിനാൽ റോഡുകളിൽ നിറയെ പൊലീസ് സാന്നിധ്യമുണ്ട്. ഡ്യൂട്ടിക്കായി രാത്രി മുഴുവൻ റോഡിൽ കഴിച്ചു കൂട്ടേണ്ടി വരുന്ന പൊലീസുകാരുടെ കാര്യം ആലോചിക്കാൻ കൂടി വയ്യ. രാത്രികളിൽ താപനില 3 ഡിഗ്രിവരെ താഴാറുള്ള ദിവസങ്ങളും കുറവല്ല.  

വൈകുന്നേരമാവുന്നതോടെ വഴിയരികിൽ നിന്നും ചുള്ളിക്കമ്പുകൾ ഒക്കെ ശേഖരിച്ച് രാത്രി തീകൂട്ടി അതിനു ചുറ്റും തീ കായുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്. ഡിസംബർ  അവസാനത്തോടെ ഒരു ചെറിയ മഴയോട് കൂടി തണുപ്പ് അല്പം കുറയുകയാണ് പതിവ്.

 പക്ഷേ ഇത്തവണ സ്ഥിതി അല്പം വ്യത്യസ്തമാണ്. ജനുവരി പകുതി കഴിഞ്ഞിട്ടും നല്ല രീതിയിൽ വീശുന്ന കാറ്റ് തണുപ്പിനെ ഇരട്ടിപ്പിക്കുന്ന അവസ്ഥയാണ് ദില്ലിയില്‍. എന്നാല്‍, അത്രയ്ക്ക് കുളിരുള്ള കാഴ്ചകളല്ല പുറത്ത്, ദില്ലിയുടെ തെരുവുകളിലുള്ളത്. 

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുടുംബമായി ദില്ലിയില്‍ തൊഴിലന്വേഷിച്ചെത്തിയവര്‍, പകല്‍ പല പല ജോലികളിലേര്‍പ്പെട്ട് ഒടുവില്‍ ഇരുൾ വീഴുന്നതോടെ അന്തിയുറങ്ങാനായി   തെരുവുകളെ ആശ്രയിക്കുന്നു. 

കുളിരില്ലാത്ത ആ കാഴ്ചയിലേക്ക് ദില്ലിയുടെ തെരുവുകളിൽ നിന്ന് ട്രാഫിക് സിഗ്നലുകളിൽ  സാധനങ്ങൾ വിൽക്കാനായി കുട്ടികള്‍ ഓടിവരും. എല്ലാ ട്രഫിക് സിഗ്നലുകളിലും അരയില്‍ ഒരു വിധത്തിലുറപ്പിച്ച പാന്‍റുമായി ആണ്‍കുട്ടികളും പാവാടയും ബ്ലൌസുമിട്ട പെണ്‍കുട്ടികളും ഒരു സ്ഥിരം കാഴ്ചയാണ്. വിശപ്പിന്‍റെ വിളിക്കുമുകളില്‍ നല്ലൊരു ജാക്കറ്റ് പോലുമില്ലാതെ കുട്ടികള്‍ മഞ്ഞില്‍ നില്‍ക്കുന്ന കാഴ്ചയില്‍ നിന്ന് നിങ്ങളുടെ കണ്ണുകള്‍ താനേ മടങ്ങും. 

കർഫ്യു ആയതിനാൽ റോഡുകളിൽ വാഹനങ്ങൾ കുറവാണ്. അതുകൊണ്ടു തന്നെ ട്രാഫിക് സിഗ്നലുകളിലെ കച്ചവടം പേരിന് പോലുമില്ല. എങ്കിലും ഈ കൊടും തണുപ്പിൽ ഇങ്ങനെ റോഡിൽ നിന്ന് കച്ചവടം ചെയ്യുന്ന കുട്ടികൾ ദില്ലി തെരുവുകളിലെ മറ്റൊരു സങ്കട കാഴ്ചയാണ്. 

പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയാണ് കച്ചവട സാധനങ്ങൾ. റിപ്പബ്ലിക്ക് ദിനം അടുത്ത് വരുന്നതിനാൽ ദേശീയ പതാക വില്പന ആണ് ഇപ്പോള്‍ കൂടുതലും. ട്രാഫിക് സിഗ്നലുകളില്‍ കുരുക്കപ്പെട്ട കുട്ടിക്കാലം കൂടിയാണ് ദില്ലിയെന്ന് ചിലപ്പോള്‍ തോന്നും. 

ഒറ്റയ്ക്ക് കഴിയുന്നവർ ഒരുമിച്ചൊരു കുടുംബമായി മാറിയ കാഴ്ചകളും കാണാം. ശൈത്യകാലം പിടി മുറുക്കുമ്പോൾ എരിയുന്ന കനലിന് ചുറ്റും അറിയാതെ അവരൊരു കുടുംബമായി മാറുന്നു.  ദില്ലിയിലെ ശൈത്യകാലം തെരുവുകളുടെ അതിജീവനത്തിന്‍റെ കാലം കൂടുയാണ്. അതിന് കാല്പനികതയിലെ കട്ടൻ കാപ്പിയുടെ മധുരമില്ല.

click me!