തെരുവുനായകള്‍ക്ക് ഭക്ഷണം നൽകാം, പക്ഷേ എന്തെല്ലാം ശ്രദ്ധിക്കണം?

Published : Apr 18, 2026, 03:09 PM IST

ഇന്ത്യയില്‍ തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്ന മൃഗസ്നേഹികളായ ഒരുപാട് നല്ല മനുഷ്യരുണ്ട്. എന്നാല്‍, എന്തൊക്കെ കാര്യങ്ങളാണ് ഇങ്ങനെ ഭക്ഷണം നല്‍കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടത്? 

PREV
15
ശ്രദ്ധിക്കേണ്ടത്

തെരുവുനായകൾക്ക് ഭക്ഷണം നൽകുന്ന ഒരുപാടുപേരുണ്ട്. അത് വളരെ നല്ല കാര്യവുമാണ്. എന്നാൽ, അങ്ങനെ ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണ്? തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് വ്യക്തമായ പരിഹാരം നിർദ്ദേശിക്കുന്നതാണ് സുപ്രീം കോടതിയുടെ 2025 -ലെ ഉത്തരവ്. നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നിയമപരമായി അനുവദനീയമാണെങ്കിലും, പൊതുസ്ഥലങ്ങളിൽ എവിടെയും തോന്നിയതുപോലെ ഭക്ഷണം നൽകാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. മൃഗക്ഷേമവും പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കിക്കൊണ്ടുള്ള ഒരു മാർഗ്ഗമാണ് ഈ നിയമങ്ങളിലൂടെ ലക്ഷ്യമിടുന്നത്. പ്രധാന നിബന്ധനകൾ ഇവയാണ്:

25
നിശ്ചിത മേഖലകൾ

റോഡുകൾ, പാർക്കുകൾ, കെട്ടിടങ്ങളുടെ പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷണം നൽകാൻ പാടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓരോ പ്രദേശത്തും പ്രത്യേകമായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രമേ ഭക്ഷണം നൽകാവൂ.

35
റെസിഡന്റ് വെൽഫെയർ അസോസിയേഷനുകളുടെ (RWA) പങ്ക്

ഹൗസിംഗ് സൊസൈറ്റികളിലും ഫ്ലാറ്റുകളിലും നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് പൂർണ്ണമായി നിരോധിക്കാൻ അസോസിയേഷനുകൾക്ക് അധികാരമില്ല. എന്നാൽ, സൊസൈറ്റിക്കുള്ളിൽ നിശ്ചിത സ്ഥലങ്ങൾ കണ്ടെത്താനും അവിടെ കൃത്യമായ ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അസോസിയേഷനുകൾക്ക് ചട്ടങ്ങൾ നിർമ്മിക്കാം.

45
പൊതുജന സുരക്ഷയും ഉത്തരവാദിത്തവും

തിരക്കേറിയ ഇടങ്ങളിലും കുട്ടികൾ കളിക്കുന്ന സ്ഥലങ്ങളിലും ഭക്ഷണം നൽകുന്നത് ഒഴിവാക്കണം. അശാസ്ത്രീയമായ രീതിയിൽ ഭക്ഷണം നൽകുന്നത് നായകളുടെ ആക്രമണ സ്വഭാവം കൂടാനും ശുചിത്വ പ്രശ്നങ്ങൾക്കും കാരണമാകുന്നു എന്ന പരാതികളെ തുടർന്നാണ് ഈ നടപടി. നിയമവിരുദ്ധമായി ഭക്ഷണം നൽകുന്നവർക്കെതിരെ പ്രാദേശിക ചട്ടപ്രകാരം നടപടിയെടുക്കാനും വ്യവസ്ഥയുണ്ട്.

55
മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ

ഇന്ത്യൻ നിയമപ്രകാരം തെരുവ് നായ്ക്കൾക്ക് ഭക്ഷണത്തിന് അവകാശമുണ്ടെന്നും അവയെ ക്രൂരമായി നേരിടാൻ പാടില്ലെന്നും കോടതി ഓർമ്മിപ്പിക്കുന്നു. അനിമൽ ബർത്ത് കൺട്രോൾ പദ്ധതി പ്രകാരം നായ്ക്കളെ വന്ധ്യംകരിക്കുകയും വാക്സിനേഷൻ നൽകുകയും ചെയ്ത ശേഷം അവയെ പിടികൂടിയ സ്ഥലത്ത് തന്നെ തിരികെ വിടണമെന്നാണ് നിയമം. ചുരുക്കത്തിൽ നായ്ക്കളെ സ്നേഹിക്കുന്നവർക്കും ഭക്ഷണം നൽകുന്നവർക്കും അതിനുള്ള അവകാശമുണ്ട്. എന്നാൽ, അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ സർക്കാർ അംഗീകരിച്ച ഇടങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് നിയമം വ്യക്തമാക്കുന്നത്.

Read more Photos on
click me!

Recommended Stories