ഫാഷൻ ലോകത്തെ ഏറ്റവും വലിയ വേദിയായ പാരീസ് ഹൗട്ട് കോച്ചർ വീക്കിൽ ഇന്ത്യയുടെ യശസ്സുയർത്തി ഒരിക്കൽ കൂടി രാഹുൽ മിശ്ര തന്റെ പ്രതിഭ തെളിയിച്ചിരിക്കുന്നു. 2026-ലെ സ്പ്രിംഗ് സമ്മർ സീസണിനായി അദ്ദേഹം അവതരിപ്പിച്ച 'അൽക്കെമി' എന്ന ശേഖരം കേവലം വസ്ത്രങ്ങളുടെ..

ഫാഷൻ ലോകത്തിന്റെ നെഞ്ചിടിപ്പായ പാരീസ് ഹൗട്ട് കോച്ചർ വീക്കിൽ ഇത്തവണയും വിസ്മയം തീർത്ത് ഇന്ത്യൻ ഡിസൈനർ രാഹുൽ മിശ്ര. തന്റെ പുതിയ ശേഖരമായ 'അൽക്കെമി' (Alchemy) പാരീസിലെ റാംപിൽ അവതരിപ്പിച്ചപ്പോൾ അത് കേവലം ഒരു ഫാഷൻ ഷോ എന്നതിലുപരി പ്രകൃതിയുടെയും കലയുടെയും ഒരു അപൂർവ്വ സംഗമമായി മാറി. സ്പ്രിംഗ് സമ്മർ 2026 സീസണിന്റെ ഭാഗമായുള്ള ഈ പ്രദർശനത്തിൽ ലോകത്തിന്റെ കണ്ണുതള്ളിച്ചത് 'ലവ് ഐലൻഡ്' താരം ഒലാൻഡ്രിയ കാർതന്റെ മിന്നും പ്രകടനമാണ്.

എന്താണ് 'അൽക്കെമി'?

സാധാരണ വസ്തുക്കളെ സ്വർണ്ണമാക്കി മാറ്റുന്ന പുരാതന വിദ്യയെയാണ് 'അൽക്കെമി' എന്ന് വിളിക്കുന്നത്. രാഹുൽ മിശ്രയെ സംബന്ധിച്ചിടത്തോളം, നൂലും തുണിയും കൊണ്ട് പ്രകൃതി വിസ്മയങ്ങൾ തീർക്കുന്നതാണ് ഈ രസവിദ്യ. ഇന്ത്യൻ തത്വചിന്തയിലെ പഞ്ചഭൂതങ്ങളായ ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവയെ ആസ്പദമാക്കിയാണ് ഈ ശേഖരം ഒരുക്കിയിരിക്കുന്നത്. റാംപിൽ ഓരോ വസ്ത്രവും നീങ്ങുമ്പോൾ കാറ്റും കടലും അഗ്നിയും വസ്ത്രങ്ങളിലൂടെ പുനർജനിക്കുന്ന പ്രതീതിയായിരുന്നു. വന്യമായ പൂക്കളും സമുദ്രത്തിലെ വിസ്മയങ്ങളും തുന്നിച്ചേർത്ത രാഹുലിന്റെ ഡിസൈനുകൾക്ക് പാരീസിൽ വലിയ സ്വീകരണമാണ് ലഭിച്ചത്.

സ്വർണ്ണത്തിൽ പൊതിഞ്ഞ 'ഹാർട്ട് ഓഫ് ഗോൾഡ്'

ഷോയുടെ ഏറ്റവും വലിയ ആകർഷണം ഒലാൻഡ്രിയ കാർതൻ ധരിച്ച 'ഗോൾഡൻ ഹാർട്ട്' എന്ന വസ്ത്രമായിരുന്നു. ഉരുകിയ സ്വർണ്ണത്തിൽ പൊതിഞ്ഞ ഒരു ശില്പം പോലെ റാംപിൽ അവരെത്തിയപ്പോൾ ആരാധകർ ആവേശത്തിലായി.

ആധുനികതയും പുരാതന കലാചാതുരിയും ഒന്നുചേർന്ന, തികച്ചും വ്യത്യാസ്നമായ രീതിയിൽ നിർമ്മിച്ച സ്വർണ്ണവർണ്ണ വസ്ത്രം. ലാൻഡ്രിയയുടെ ആത്മവിശ്വാസം നിറഞ്ഞ ചുവടുകൾ ആ ഡിസൈനിന് കൂടുതൽ മിഴിവ് നൽകി. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ തരംഗമായിക്കഴിഞ്ഞു.

കൈവേലകളുടെ മാന്ത്രികത

രാഹുൽ മിശ്രയുടെ ഡിസൈനുകളുടെ പ്രത്യേകത അവയിലെ 'സ്ലോ ഫാഷൻ' രീതിയാണ്. മെഷീനുകൾക്ക് പകരം നൂറുകണക്കിന് കരകൗശല വിദഗ്ധർ മാസങ്ങളോളം അധ്വാനിച്ച് കൈകൊണ്ട് തുന്നിയെടുത്തതാണ് ഓരോ ഡിസൈനും. തുണിയിൽ വിരിഞ്ഞ ആവാസ വ്യവസ്ഥകൾ എന്നാണ് ഫാഷൻ വിദഗ്ധർ ഇതിനെ വിശേഷിപ്പിച്ചത്. പ്രകൃതിയെ നശിപ്പിക്കാതെ, അതിനെ ആദരിക്കുന്ന തരത്തിലുള്ള ഡിസൈനുകൾക്ക് പ്രാധാന്യം നൽകുന്ന രാഹുൽ മിശ്ര, ഫാഷൻ ലോകത്തെ പുതിയ കാലത്തെ വിപ്ലവകാരിയാണ്.

പാരീസ് കോച്ചർ വീക്കിൽ ഇത്തവണ രാഹുൽ മിശ്രയെ കൂടാതെ മറ്റൊരു ഇന്ത്യൻ ഡിസൈനറായ ഗൗരവ് ഗുപ്തയും തിളങ്ങിയിരുന്നു. എങ്കിലും രാഹുൽ മിശ്രയുടെ 'അൽക്കെമി' ഒലാൻഡ്രിയ കാർതന്റെ സാന്നിധ്യം കൊണ്ടും ഇന്ത്യൻ സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന രീതിയിലെ അവതരണം കൊണ്ടും വേറിട്ടു നിന്നു. ഫാഷൻ എന്നത് വെറുമൊരു വസ്ത്രധാരണമല്ല, മറിച്ച് അതൊരു ചിന്തയും സംസ്കാരവുമാണെന്ന് പാരീസിന്റെ മണ്ണിൽ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു.