ലോയ് ക്രാത്തോങ്ങ്; കൊവിഡാനന്തരം ഉത്സവമാഘോഷിച്ച് തായ് ജനത

First Published Nov 20, 2021, 4:06 PM IST

കേരളം, തമിഴ്നാട്, ശ്രീലങ്ക എന്നീ പ്രദേശങ്ങളിലെ ഹിന്ദു വിശ്വാസികള്‍ക്കിടയില്‍ ഇന്നലെ (19.11.'21) കാര്‍ത്തിക വിളക്ക് ആഘോഷമായിരുന്നു. വടക്കന്‍ കേരളത്തില്‍ അത്ര പ്രചാരമില്ലെങ്കിലും തിരുവന്തപുരം അടക്കമുള്ള തെക്കന്‍ കേരളത്തില്‍ കാര്‍ത്തിക വിളക്ക് ഏറെ പ്രധാനമുള്ള ആഘോഷമാണ്. കാർത്തികൈ ദീപം, കാർത്തികൈ വിളക്ക് അല്ലെങ്കിൽ തൃകാർത്തിക എന്നും ഈ ദിവസം അറിയപ്പെടുന്നു. വീടുകളിലേക്ക് ശക്തി ദേവിയെ വിളക്ക് വച്ച സ്വീകരിക്കുന്നതാണ് സങ്കല്‍പം. എന്നാല്‍, അങ്ങ് കടലുകള്‍ക്കുമപ്പുറത്ത് തായ്‍ലന്‍ഡിലും ഇന്നലെ വിളക്കുത്സവമായിരുന്നു. "ആചാര പാത്രം അല്ലെങ്കിൽ വിളക്ക് പൊങ്ങിക്കിടക്കുക" എന്നര്‍ത്ഥം വരുന്ന ലോയ് ക്രാത്തോങ് ( Loi Krathong) ഉത്സവം. പൂക്കള്‍ വച്ച് അലങ്കരിച്ച കൊട്ടകള്‍ നദിയില്‍ ഒഴുക്കുന്നതാണ് ഉത്സവത്തിന്‍റെ പ്രധാന ചടങ്ങ്. 

ലോയ് ക്രാത്തോങ് ഉത്സവം അങ്ങ് തായ്‍ലാന്‍റിലാണെങ്കിലും അതിന്‍റെ വേരുകള്‍ ഇങ്ങ് ഇന്ത്യയിലാണ്. ഹിന്ദു ജലദേവതയായ ഗംഗയില്‍ മണ്‍ചിരാത് ഒഴുക്കുന്ന ചടങ്ങുകളുമായി ലോയ് ക്രാത്തോങ് ഉത്സവത്തിന് ബന്ധമുണ്ടെന്ന് കരുതുന്നു.എന്നാല്‍, ആ ബന്ധം കേരളവും തമിഴ്നാടുമായല്ല. മറിച്ച് ഉത്തരേന്ത്യയിലെ ഗംഗാ നദിയുമായി ബന്ധപ്പെട്ടതാണെന്നാണ് വിശ്വാസം. 

ഹിന്ദു ജലദേവതയായ ഗംഗയ്ക്ക് നന്ദി പറയാനാണ് ചിരാതുകള്‍ ഒഴുക്കുന്നതെങ്കില്‍ തായ് വംശജര്‍ തങ്ങളുടെ ജലദേവതയായ ഫ്ര മേ ഖോങ്കയ്ക്ക് നന്ദി പറയാനാണ് നദിയില്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ച കൂട്ടകള്‍ (ലോയ് ക്രാത്തോങ് ) ഒഴുക്കുന്നത്. 

പരമ്പരാഗത തായ് ചാന്ദ്ര കലണ്ടറിലെ 12-ാം മാസത്തിലെ പൗർണ്ണമി ദിവസം വൈകീട്ടാണ് ലോയ് ക്രാതോംഗ് ആഘോഷിക്കുന്നത്.  ചന്ദ്രന്‍റെ വൃദ്ധിക്ഷയം അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍ ആയത് കൊണ്ട് തന്നെ ഉത്സവത്തിന്‍റെ ദിവസത്തില്‍ എല്ലാവര്‍ഷവും വ്യത്യാസമുണ്ടോകുന്നു. 

ഗ്രിഗോറിയന്‍ കലണ്ടറില്‍ ഇത് സാധാരണയായി നവംബർ മാസത്തിലാണ് വരുന്നത്. ചിയാങ് മായിൽ, ഉത്സവം മൂന്ന് ദിവസത്തോളം നീണ്ടുനിൽക്കും. കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി തായ്‍ലന്‍ഡില്‍ ഉത്സവാഘോഷങ്ങള്‍ ഇല്ലായിരുന്നു. 

തായ്‌ലൻഡിൽ ഈ ഉത്സവം ലോയി ക്രാത്തോങ് എന്നാണ് അറിയപ്പെടുന്നത്. തായ്‌ലൻഡിന് പുറത്താകട്ടെ ഇതേ ഉത്സവം വ്യത്യസ്ത പേരുകളിൽ ആഘോഷിക്കപ്പെടുന്നു. മ്യാൻമറില്‍  "തസാങ്‌ഡിംഗ് ഫെസ്റ്റിവൽ" എന്നും ശ്രീലങ്ക "ഇൽ ഫുൾമൂൺ പോയ" എന്നും  ചൈനയില്‍ "ലാന്‍റൺ ഫെസ്റ്റിവൽ" എന്നും അറിയപ്പെടുന്നത് ഇതേ ഉത്സവമാണ്.'

പരമ്പരാഗത തായ് വിഭവമായ മധുരപലഹാരങ്ങള്‍ സൂക്ഷിക്കുന്നതിനായി ഇലകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന, വെള്ളത്തില്‍ പെങ്ങിക്കിടക്കുന്ന കൂടെ പോലുള്ള ഒന്നാണ്  ക്രാത്തോംഗ്.  ഉത്സവത്തിൽ വെള്ളത്തില്‍ പൊങ്ങിക്കിടക്കാൻ ഉപയോഗിക്കുന്ന പരമ്പരാഗത ക്രത്തോങ്ങിന്  വാഴത്തടിയോ അല്ലെങ്കിൽ സ്പെഡര്‍ ലില്ലി ചെടിയിൽ നിന്നാ ആണ് നിര്‍മ്മിക്കുന്നത്. 

ആധുനിക ക്രാത്തോംഗുകൾ പലപ്പോഴും ബ്രെഡ് അല്ലെങ്കിൽ സ്റ്റൈറോഫോം കൊണ്ടാണ് നിർമ്മിക്കുന്നത്. ഒരു ബ്രെഡ് ക്രാത്തോംഗ് കുറച്ച് ദിവസങ്ങൾക്ക് ശേഷം സ്വയം നശിക്കുന്നു. മാത്രമല്ല ഇത് മത്സ്യങ്ങള്‍ക്ക് ഭക്ഷണവുമാണ്. 

നദികളെയും സമുദ്രങ്ങളെയും മലിനമാക്കുന്നതിനാൽ സ്റ്റൈറോഫോം ക്രാത്തോങ്ങുകൾ പലപ്പോഴും നിരോധിക്കപ്പെട്ടിരുന്നു. ഒരു ക്രത്തോങ്ങില്‍ നന്നായി മടക്കിയ വാഴയില, മൂന്ന് ധൂപകുറ്റികള്‍ , ഒരു മെഴുകുതിരി എന്നിവ കൊണ്ട് അലങ്കരിച്ചിരിക്കും. 

ചിലര്‍ ആത്മാക്കൾക്കുള്ള വഴിപാടായി നാണയം കൂടി ഉള്‍പ്പെടുത്തുന്നു. ഇങ്ങനെ ഒരുക്കിയ  ക്രാത്തോങ്ങുകൾ പൗർണ്ണമി ദിവസം രാത്രിയിൽ നദിയിലോ കുളത്തിലോ ഒഴുക്കുന്നു. 1947 മുതലാണ് ഈ ഉത്സവം തുടങ്ങിയതെന്ന് കരുതപ്പെടുന്നു. 

സര്‍ക്കാരും ഈ ഉത്സവത്തെ പ്രോത്സാഹിപ്പിക്കുന്നു. മികച്ച ക്രാത്തോങ്ങുകള്‍ക്ക് സമ്മാനങ്ങുണ്ട്. കൂടെ സൌന്ദര്യ മത്സരങ്ങളും പടക്കങ്ങള്‍ പൊട്ടിച്ചുള്ള ആഘോഷവും നടക്കുന്നു. രാജാവ് രാമ നാലാമൻ 1863-ൽ എഴുതിയതായി പറയപ്പെടുന്ന ഒരു കവിതയില്‍ ഹിന്ദു ഉത്സവമായിരുന്ന ഈ ഉത്സവത്തെ തായ്‌ലൻഡിലെ തായ് ബുദ്ധമതക്കാർ ബുദ്ധനായ സിദ്ധാർത്ഥ ഗൗതമ രാജകുമാരനെ ബഹുമാനിക്കുന്നതിനായി ഉപയോഗിക്കുന്നുവെന്ന് പറയുന്നു.

ക്രാത്തോങ്ങ് പൊങ്ങിക്കിടക്കുന്നത് ഒരാളുടെ വെറുപ്പ്, കോപം, മാലിന്യങ്ങൾ എന്നിവ ഉപേക്ഷിക്കുന്നതിനെ സൂചിപ്പിക്കുന്നു. അതോടൊപ്പം ബുദ്ധനെ തീ നാളങ്ങളാല്‍ പ്രകാശമാനമാക്കുന്നുവെന്നും കരുതുന്നു. മലേഷ്യയില്‍ ടൂറിസം വളര്‍ത്താനായി ഈ ആഘോഷത്തെ ഇപ്പോള്‍ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. 
 

click me!