സ്ട്രോബറി കര്‍ഷകന്‍റെ മകനില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്, യോഷിഹിദെ സുഗയുടെ ജീവിതം; ചിത്രങ്ങള്‍

First Published Sep 17, 2020, 11:48 AM IST

ജപ്പാനില്‍ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തിരിക്കുകയാണ് യോഷിഹിദെ സുഗ. അനാരോഗ്യം മൂലം രാജിവെച്ച ഷിന്‍സോ അബെയുടെ സ്ഥാനത്തേക്കാണ് യോഷിഹിദെ സുഗ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഭരണകക്ഷിയുടെ നേതാവായി സുഗയെ തെരഞ്ഞെടുത്തത്. കഠിനാധ്വാനം കൊണ്ട് ഉയരങ്ങളിലെത്തിയ ആളാണ് അദ്ദേഹം. ഒരു കര്‍ഷക കുടുംബത്തിലാണ് ജനനം. അദ്ദേഹത്തിന്‍റെ പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്രയുടെ വഴികളറിയാം. 
 

കഠിനാധ്വാനം കൊണ്ട് തോല്‍പ്പിക്കാന്‍ കഴിയാത്തതായി ഒന്നുമില്ല. അത് തെളിയിക്കുന്നതിനായി ഒരുപാടൊരുപാട് ഉദാഹരണങ്ങള്‍ ഈ ലോകത്തുണ്ട്. അതിലൊന്നാണ് യോഷിഹിദെ സുഗയുടെ ജീവിതവും. ഒരു കര്‍ഷകന്‍റെ മകനായി ജനിച്ച സുഗ 2020 സപ്തംബര്‍ 14 -ന് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. സപ്തംബര്‍ 16 -ന് ജപ്പാന്‍റെ പ്രധാനമന്ത്രിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
undefined
വടക്കന്‍ ജപ്പാനിലെ അകിതയുടെ പ്രാന്ത്രപ്രദേശങ്ങളിലൊരിടത്ത് ഒരു സ്ട്രോബറി കര്‍ഷകന്‍റെ മകനായിട്ടാണ് സുഗ ജനിച്ചത്. യൂസാവ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയശേഷം ടോക്കിയോയിലേക്ക് മാറിയ അദ്ദേഹം 1973 -ൽ ഹോസി സർവകലാശാലയിൽ ചേര്‍ന്ന് നിയമത്തില്‍ ബിരുദം നേടി. നൈറ്റ് ക്ലാസുകളിലാണ് അദ്ദേഹം പങ്കെടുത്തിരുന്നത്.
undefined
ഹോസി സര്‍വകലാശാല തന്നെ തെരഞ്ഞെടുക്കുന്നതിനും അദ്ദേഹത്തിന് കാരണങ്ങളുണ്ടായിരുന്നു. ഏറ്റവും ഫീസ് കുറഞ്ഞ് പഠിക്കാനാവുന്നയിടം എന്ന കാരണം മുന്‍നിര്‍ത്തി തന്നെയാണ് അദ്ദേഹം അവിടെ നിയമം പഠിക്കാനായി ചെല്ലുന്നത്. അതേസമയം തന്നെ ട്യൂഷന്‍ ഫീസ് നല്‍കുന്നതിനായി ടോക്കിയോയിലെ ഒരു കാര്‍ഡ്ബോര്‍ഡ് ഫാക്ടറിയില്‍ ജോലി ചെയ്യുന്നുമുണ്ടായിരുന്നു അദ്ദേഹം. ഹോസി സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ ശേഷം സുഗ ഹൗസ് ഓഫ് കൗണ്‍സിലേഴ്സ് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുത്തു.
undefined
ആദ്യമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത് 1987 -ല്‍ ടോക്കിയോയ്ക്ക് പുറത്ത് യൊകോഹാമയില്‍ മുനിസിപ്പല്‍ അസംബ്ലി മെമ്പറായിട്ടാണ്. പിന്നീട് 1996 -ല്‍ പാര്‍ലമെന്‍റിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
undefined
'പൂജ്യത്തില്‍ നിന്നുമാണ് ഞാന്‍എന്‍റെ ജീവിതം തുടങ്ങിയത്' എന്ന് സുഗ തന്നെ പറയാറുണ്ടായിരുന്നു. പൂജ്യത്തില്‍ നിന്നും തുടങ്ങിയാണ് സുഗ നേതാവായി വളരുന്നതും ഇപ്പോള്‍ ജപ്പാന്‍റെ പ്രധാനമന്ത്രി പദം വരെ എത്തിയിരിക്കുന്നതും.
undefined
സ്നേഹത്തോടെ 'അങ്കിള്‍ റീവ' എന്ന് വിളിക്കപ്പെടുന്ന സുഗയുടെ വ്യക്തിജീവിതം അദ്ദേഹം അധികമൊന്നും മാധ്യമങ്ങളില്‍ വെളിപ്പെടുത്തിയിട്ടില്ല. അത് പൊതുരംഗവുമായി കൂട്ടിക്കുഴക്കാന്‍ സുഗ ഇഷ്ടപ്പെട്ടിരുന്നില്ല. എന്തിരുന്നാല്‍ പോലും രാവിലെ 100, വൈകിട്ട് 100 എന്നിങ്ങനെ താന്‍ സിറ്റപ്സ് എടുക്കാറുണ്ട് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒപ്പം പാന്‍കേക്ക് തന്‍റെ ദൗര്‍ബല്യമാണ് എന്നും. 'ഞാന്‍ മദ്യം കഴിക്കാറില്ല, പാന്‍കേക്കു പോലെയുള്ള മധുരപലഹാരങ്ങളാണ് എനിക്കിഷ്ടം' എന്ന് പറഞ്ഞതിനാല്‍ത്തന്നെ എന്‍റെ ഇമേജ് ഒരുപാട് മാറി എന്നദ്ദേഹം പറയുകയുണ്ടായി.
undefined
വിവിധ മാധ്യമ റിപ്പോർട്ടുകളിൽ 'ഷിൻസോ അബെയുടെ വലംകൈ' എന്നാണ് സുഗയെ വിശേഷിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പിൻഗാമിയായിട്ടും സുഗ പരക്കെ അറിയപ്പെട്ടിരുന്നു.
undefined
ഷിൻസോ അബെ 2012 -ൽ അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ, ശക്തമായ ചീഫ് കാബിനറ്റ് സെക്രട്ടറി റോളിലേക്ക് അദ്ദേഹം സുഗയെ നിയമിച്ചു. അതിൽ വിദേശത്ത് നിന്നുള്ള തൊഴിലാളികൾക്കുള്ള നിയന്ത്രണങ്ങളില്‍ അയവ് വരുത്തുന്നതുള്‍പ്പടെയുള്ള നിരവധി സുപ്രധാന നയങ്ങൾ നടപ്പിലാക്കാൻ അബെയെ അദ്ദേഹം സഹായിച്ചതായി പറയപ്പെടുന്നു.
undefined
പാർലമെന്റിൽ ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഈ 71 -കാരൻ എളുപ്പത്തിൽ വിജയിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ രാജിവച്ച ഷിൻസോ അബെയുടെ സ്ഥാനം അങ്ങനെ സുഗ ഏറ്റെടുത്തു.
undefined
'ചരിത്രത്താലും പാരമ്പര്യത്താലും പ്രാധാന്യമര്‍ഹിക്കുന്ന ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവാകാന്‍ തനിക്ക് കഴിഞ്ഞു. ഞാനെന്നെ തന്നെ ജപ്പാനും ജപ്പാനിലെ ജനങ്ങള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്.(ചിത്രങ്ങള്‍: ഗെറ്റി ഇമേജസ്)
undefined
click me!