പന്നികളെയും മാനുകളെയും വരെ തിന്നും, 150 കിലോ വരെ ഭാരം, അറിയാം ഈ ഭീമൻ പല്ലികളെ...

First Published Sep 6, 2021, 3:33 PM IST

ലോകത്തിലെ ഏറ്റവും വലിയ പല്ലിയായ കൊമോഡോ ഡ്രാഗൺ, വംശനാശ ഭീഷണി നേരിടുന്നുവെന്ന് പുതിയ കണ്ടെത്തല്‍. കാലാവസ്ഥാ പ്രതിസന്ധി മൂലം ജലനിരപ്പ് ഉയരുന്നു എന്നും അത് കൊമാഡോ ഡ്രാഗണുകളുടെ ആവാസവ്യവസ്ഥ തന്നെ ഇല്ലാതാക്കുന്നു എന്നുമാണ് ഗവേഷകര്‍ പറയുന്നത്. ഇന്തോനേഷ്യൻ ദ്വീപുകളിൽ സാധാരണയായി കാണപ്പെടുന്ന കൊമോഡോ ഡ്രാഗൺ കാടിന്റെ അരികിലോ തുറന്ന പുല്‍മൈതാനങ്ങളിലോ ആണ് വസിക്കുന്നത്. അപൂർവമായി ഇവ സമുദ്രനിരപ്പിൽ നിന്ന് 700 മീറ്റർ ഉയരത്തിൽ എത്തുന്നു. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) പറയുന്നത് അനുസരിച്ച് അടുത്ത 45 വർഷത്തിനുള്ളിൽ ജലനിരപ്പ് ഉയരുന്നത് അതിന്റെ ആവാസവ്യവസ്ഥയുടെ 30% -ത്തെയും ബാധിക്കും എന്നാണ്.
 

ഈ ഭീമൻ പല്ലികളെ കുറിച്ച് 20 വർഷത്തിലേറെയായിട്ടുള്ള ഏറ്റവും പുതിയ അറിവാണ് ഇത്. മാർസെയിൽ ഐയുസിഎൻ വേൾഡ് കൺസർവേഷൻ കോൺഗ്രസിലാണ് ഈ വംശനാശഭീഷണിയെ സംബന്ധിച്ച് പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ആഗോളതാപനം ഭീമാകാരനായ ഈ പല്ലികളെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചുള്ള അവലോകനത്തിനു ശേഷം, വംശനാശത്തിന്റെ അപകടസാധ്യത ഒഴിവാക്കാൻ അടിയന്തിര സംരക്ഷണ നടപടികൾ ആവശ്യമാണ് എന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് ഗവേഷകര്‍.
 

ഉയർന്ന പ്രദേശത്തേക്ക് പോകാൻ കഴിയാത്തതിനാൽ, കൊമോഡോ ഡ്രാഗണുകളുടെ ആവാസവ്യവസ്ഥ മനുഷ്യന്റെ പ്രവർത്തനത്താൽ കൂടുതൽ ശിഥിലമാകുകയാണ്. ഇത് അവയുടെ എണ്ണം കൂടുതൽ ദുർബലവുമാക്കുന്നു. തെക്കുകിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലെ അവയുടെ ആവാസവ്യവസ്ഥ 1970 -നും 2000 -നും ഇടയിൽ 40% -ത്തിൽ കൂടുതൽ ചുരുങ്ങിയതായി കരുതപ്പെടുന്നു.

"മനുഷ്യരുടെ സമ്മർദ്ദം കാരണം, വനം പതുക്കെ വെട്ടിമാറ്റപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നു, പുല്‍മേടുകള്‍ക്ക് തീപിടിക്കുകയോ അവ ഇല്ലാതാവുകയോ ചെയ്യുന്നു. സമുദ്രനിരപ്പ് ഉയരുന്തോറും അവയുടെ ആവാസവ്യവസ്ഥ ചെറുതാവുന്നു” ചെസ്റ്റർ മൃഗശാലയിലെ കശേരുക്കളുടെയും അകശേരുക്കളുടെയും ക്യൂറേറ്റർ ജെറാർഡോ ഗാർസിയ പറഞ്ഞു. 

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാത്രമാണ് യൂറോപ്യന്മാർ കൊമോഡോ ഡ്രാഗണുകളെ കണ്ടെത്തിയത്, ഉടനടി അവര്‍ ഈ ജീവികളിൽ ആകൃഷ്ടരായി. മൂന്ന് മീറ്റർ വരെ നീളവും 150 കിലോഗ്രാമിൽ കൂടുതൽ ഭാരവും ഉള്ള കൊമോഡോകൾ പ്രധാനമായും വനവാസികളായ പന്നികൾ, മാൻ, എരുമ, പഴംതീനി വവ്വാലുകൾ എന്നിവയെ ഭക്ഷണമാക്കുന്നു. 

"കഴിഞ്ഞ വർഷം വരെ കൊമോഡോകൾ എവിടെയാണ് താമസിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു" എന്ന് ഇന്തോനേഷ്യൻ എൻ‌ജി‌ഒ ആയ കൊമോഡോ സർവൈവൽ പ്രോഗ്രാമിന്റെ മൂന്ന് വർഷത്തെ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഗാർസിയ പറഞ്ഞു. 

ക്യാമറകളുപയോഗിച്ച് അവ എവിടെയാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ആ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൊമോഡോ ദേശീയോദ്യാനത്തിലെ എണ്ണം നിലവിൽ സുസ്ഥിരവും സംരക്ഷിതവുമാണ്.

പുതുക്കിയ IUCN റെഡ് ലിസ്റ്റിലുള്ള 138,000 ഇനങ്ങളിൽ 38,000 -ത്തിലധികവും വംശനാശ ഭീഷണി നേരിടുന്നു. സ്രാവുകളടക്കം അമിത മത്സ്യബന്ധനം, ആവാസവ്യവസ്ഥ ഇല്ലാതാവൽ, കാലാവസ്ഥാ പ്രതിസന്ധി എന്നിവ കാരണം 37% ഇപ്പോൾ വംശനാശ ഭീഷണിയിലാണ് എന്നും പറയപ്പെടുന്നു. അതുപോലെ തന്നെ ഇവയുടെ പ്രത്യുൽപാദനം മന്ദ​ഗതിയിലാണ് എന്നതും കുറച്ച് കുഞ്ഞുങ്ങളെ ഉണ്ടാവുന്നുള്ളൂ എന്നതും വംശനാശ ഭീഷണി ഉയരാൻ കാരണമാകുന്നു. 

ഐ‌യു‌സി‌എൻ റെഡ് ലിസ്റ്റ് അപ്‌ഡേറ്റിൽ ചില നല്ല വാർത്തകളും ഉൾപ്പെടുന്നുണ്ട് - വാണിജ്യപരമായി മത്സ്യബന്ധനം നടത്തുന്ന ഏഴ് ജീവിവർഗങ്ങളിൽ അറ്റ്ലാന്റിക് ബ്ലൂഫിൻ, തെക്കൻ ബ്ലൂഫിൻ, ആൽബാകോർ, യെല്ലോഫിൻ എന്നിവ തിരിച്ചുവരവിലാണ് എന്നതാണ് ആ വാർത്ത. ഏതായാലും കോമോഡോ ഡ്രാ​ഗണുകളെ കുറിച്ചുള്ള പുതിയ വിവരം അവയുടെ സംരക്ഷണപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

click me!