ലോകത്തെ എക്കാലവും വിസ്മയിപ്പിച്ച ഡയാന രാജകുമാരി. വിപ്ലവം തന്നെയായിരുന്നു ആ ജീവിതം. ലാളിത്യം കൊണ്ടും കരുത്ത് കൊണ്ടും കരുണ കൊണ്ടും ശൈലി കൊണ്ടും അവര്‍ ലോകത്തെ അമ്പരപ്പിച്ചു.
മരണമടഞ്ഞ് മൂന്ന് പതിറ്റാണ്ടാകാറാകുമ്പോഴും ലോകമെമ്പാടുമുള്ള ജനങ്ങളുടെ മനസ്സിൽ ഇപ്പോഴും വസിക്കുന്നൊരാളാണ് ഡയാന രാജകുമാരി. നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പല പാരമ്പര്യങ്ങളെയും വെല്ലുവിളിക്കുകയും തിരുത്തുകയും ചെയ്തയാളാണ് ഡയാന രാജകുമാരി. ഇന്ന് അവരുടെ പിറന്നാളാണ്. ഇതാ ഡയാന രാജകുമാരിയെ കുറിച്ചുള്ള ചില വിവരങ്ങൾ.
26
വിവാഹവേദിയിലെ വിപ്ലവം
1981-ൽ ചാൾസ് രാജകുമാരനുമായുള്ള വിവാഹവേളയിൽ, പരമ്പരാഗതമായ വിവാഹ പ്രതിജ്ഞയിൽ നിന്ന് ഭർത്താവിനെ 'അനുസരിച്ചുകൊള്ളാം' എന്ന വാക്ക് ഒഴിവാക്കാൻ ഡയാന ധീരത കാണിച്ചു. അന്നുവരെയുള്ള രാജകുടുംബത്തിന്റെ എല്ലാ കീഴ്‌വഴക്കങ്ങളെയും ലംഘിച്ച ആ തീരുമാനം വലിയ വാർത്തയായിരുന്നു. പിൽക്കാലത്ത് കേറ്റ് മിഡിൽട്ടണും മേഗൻ മാർക്കിളും തങ്ങളുടെ വിവാഹങ്ങളിൽ ഇതേ മാതൃക പിന്തുടരുകയുണ്ടായി.
36
പോരാട്ടത്തിന്റെ ചിത്രം
1987 -ൽ എച്ച്.ഐ.വി/എയ്ഡ്സ് രോഗബാധയെക്കുറിച്ച് ലോകമാകെ ഭീതിയും തെറ്റായ ധാരണകളും നിലനിന്നിരുന്ന കാലം. അന്ന് ലണ്ടനിലെ ഒരു ആശുപത്രി സന്ദർശനത്തിനിടെ ഡയാന, എയ്ഡ്സ് ബാധിതനായ ഒരു രോഗിക്ക് ഗ്ലൗസ് ധരിക്കാതെ കൈകൊടുത്തു. രോഗികളോടുള്ള വിവേചനത്തിനും അനാവശ്യ ഭീതിക്കുമെതിരെയുള്ള പോരാട്ടത്തിന്റെ ചിത്രം കൂടിയായി അത് മാറി.
46
സിംപിള്‍ ആന്‍ഡ് പവര്‍ഫുള്‍ മദര്‍
വില്യം, ഹാരി എന്നീ രാജകുമാരന്മാർക്ക് ജന്മം നൽകാൻ കൊട്ടാരത്തിന് പകരം അവർ തിരഞ്ഞെടുത്തത് സാധാരണ ആശുപത്രിയായിരുന്നു. തന്റെ കുട്ടികൾ കൊട്ടാരമതിലുകൾക്ക് പുറത്തുള്ള യഥാർത്ഥ ലോകവും സാധാരണ ജീവിതവും അനുഭവിച്ചറിയണം എന്ന് അവർ ആഗ്രഹിച്ചു. 1991-ൽ മകൻ ഹാരിയുടെ സ്കൂൾ സ്പോർട്സ് ഡേയിൽ മറ്റ് അമ്മമാർക്കൊപ്പം ചെരുപ്പില്ലാതെ ഡയാന ഓട്ടമത്സരത്തിൽ പങ്കെടുത്തത് അവരുടെ ലാളിത്യത്തെ പ്രതിഫലിപ്പിക്കുന്ന സംഭവമായി മാറി.
56
നൃത്തത്തോടുള്ള അഭിനിവേശം
ഒരു രാജകുമാരി ആകുന്നതിന് മുൻപ് ഒരു ബാലെ നർത്തകിയാകാൻ ഡയാന ആഗ്രഹിച്ചിരുന്നു. ഉയരം കൂടുതലാണെന്ന കാരണത്താൽ പ്രൊഫഷണലായി അത് തുടരാൻ കഴിഞ്ഞില്ലെങ്കിലും നൃത്തത്തോടുള്ള അഭിനിവേശം അവർ ഉപേക്ഷിച്ചില്ല. വർഷങ്ങളോളം രഹസ്യമായി നൃത്തം പരിശീലിക്കുകയും 'ഇംഗ്ലീഷ് നാഷണൽ ബാലെ'യെ സജീവമായി പിന്തുണയ്ക്കുകയും ചെയ്തു.
66
ഫാഷൻ വിപ്ലവം
പരമ്പരാഗതമായ വസ്ത്രധാരണ രീതികളിൽ നിന്ന് മാറി മോഡേൺ ഫാഷൻ ശൈലികളാണ് ഡയാന പരീക്ഷിച്ചത്. നടൻ ജോൺ ട്രാവോൾട്ടയ്ക്കൊപ്പം കറുത്ത വെൽവെറ്റ് വസ്ത്രമണിഞ്ഞ് അവർ നൃത്തം ചെയ്തതും, ലോകപ്രശസ്തമായ അവരുടെ റെവഞ്ച് ഡ്രസ്സും (Revenge Dress) രാജകീയമായ അവരുടെ അതിർവരമ്പുകളെ ലംഘിച്ച് ഫാഷൻ ചരിത്രത്തിലെ വിസ്മയങ്ങളായി മാറി.