ഇന്ത്യയുടെ ശത്രു, പാക്കിസ്താന്റെ തോഴന്‍; താലിബാന്‍ സുരക്ഷാ മേധാവിയായി ഈ കൊടുംഭീകരന്‍!

First Published Aug 30, 2021, 4:30 PM IST

കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനം നടത്തിയ ഐ എസ് -ഖൊറാസാന്‍ ഭീകരവാദികളും താലിബാനും തമ്മില്‍ എന്താണ് ബന്ധം? ബന്ധം ഒന്നുമില്ല എന്നും തങ്ങളുടെ ബദ്ധവൈരികളാണ് ഐ എസ് -കെ എന്നുമാണ് താലിബാന്‍ പറഞ്ഞത്. അമേരിക്കന്‍ വിദേശകാര്യ വക്താവ് നെഡ് പ്രിന്‍സും ഇതേ കാര്യമാണ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്. 

എന്നാല്‍, താലിബാനും ഐ എസും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ട് എന്നാണ് പിന്നീടു വന്ന സൂചനകള്‍. ലോകത്തെ ഏറ്റവും അപകടകാരികളായ ഭീകരസംഘടനയായ ഹഖാനി നെറ്റ്‌വര്‍ക്ക് ആണ് ഇവര്‍ക്കിടയിലെ ഇടനിലക്കാര്‍. പാക്കിസ്താനുമായി വളരെ അടുപ്പമുള്ള ഹഖാനി നെറ്റ്‌വര്‍ക്ക് ഒരേ സമയം താലിബാനുമായും അവരുടെ ശത്രുക്കളായ ഐ എസ് ഖൊറാസാന്‍ ഗ്രൂപ്പുമായും ബന്ധം പുലര്‍ത്തുന്നു എന്ന വിവരമാണ് പുറത്തുവന്നത്. 

അതിനു പിന്നാലെയാണ്, ന്യൂയോര്‍ക്ക് ടൈംസ് പുതിയ വിവരം പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാനിലെ സുരക്ഷയുടെ പൂര്‍ണ്ണചുമതല ചുമതല വഹിക്കുന്നത് ഹഖാനി നെറ്റ്വര്‍ക്കിന്റെ മേധാവി ഖലീല്‍ ഹഖാനിയാണ്! 

ആരാണ് ഇയാള്‍? ഖലീല്‍ ഹഖാനി താലിബാന്റെ ആരാണ്? 

ഇന്ത്യയുടെ കടുത്ത ശത്രുവും പാക്കിസ്താന്‍ ചാരസംഘടനയായ ഐ എസ് ഐയുടെ സ്വന്തക്കാരനുമായ ഖലീല്‍ ഹഖാനി ചില്ലറക്കാരനല്ല. ഇയാളുടെ ഹഖാനി നെറ്റ്‌വര്‍ക്ക് ഭീകരസംഘടനയാണെന്ന് അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇയാളുടെ തലയ്ക്ക് അമേരിക്ക അഞ്ച് മില്യന്‍ ഡോളര്‍ (അതായത് 36.5 കോടി രൂപ) ആണ് വിലയിട്ടത്. കൊടുംഭീകരനായി കണക്കാക്കുന്ന ഇയാള്‍ക്കാണ് ഇപ്പോള്‍ താലിബാന്റെ കമാന്‍ഡോകളുടെയും സുരക്ഷാ സൈനികരുടെയും ചുമതല. 


അമേരിക്ക തലയ്ക്ക് വിലയിട്ടതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ഇയാളെ പുറത്തുകാണുന്നില്ലായിരുന്നു. അതിനിടെയാണ്, താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിന് പിന്നാലെ, ഖലീല്‍ ഹഖാനി വെളിച്ചത്തു വന്നത്. 

അമേരിക്കയില്‍നിന്നും പിടിച്ചെടുത്ത അത്യാധുനിക ആയുധങ്ങള്‍ ഏന്തിയ താലിബാന്‍ കമാന്‍ഡോകളുടെ സംരക്ഷണയില്‍ ഇയാള്‍ കാബൂളിലാകെ ചുറ്റി സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാബൂളിന്റെ പൂര്‍ണ്ണ സുരക്ഷാ ചുമതല ഖലീലിനാണ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.  

പത്ത് വര്‍ഷം മുമ്പാണ് ഇയാളെ അമേരിക്ക ഭീകരനായി പ്രഖ്യാപിച്ചത്. ബിന്‍ ലാദനും താലിബാനും ഇടയിലുള്ള കണ്ണി ഹഖാനി നെറ്റ്വര്‍ക്കാണെന്ന് 2011-ല്‍, അന്നത്തെ യുഎസ് സൈനിക മേധാവി മൈക്കിള്‍ മുള്ളന്‍ വ്യക്തമാക്കിയിരുന്നു. 


കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഇപ്പോള്‍ ഈ കൊടുംഭീകരന്റെ കൈകളിലാണ്. വിമാനത്താവളത്തിനു നേര്‍ക്ക് ചാവേറാക്രമണം നടത്തിയ ഐ എസ് ഭീകരരുമായി ഇയാള്‍ക്ക് ആഴത്തിലുള്ള അടുപ്പമുണ്ട്. 

താലിബാനും അല്‍ ഖാഇദയും തമ്മിലുള്ള കണ്ണിയായി പ്രവര്‍ത്തിച്ചിരുന്ന ഖലീല്‍ ഇക്കഴിഞ്ഞ ദിവസം അല്‍ജസീറയ്ക്കു നല്‍കിയ അഭിമുഖത്തില്‍, എല്ലാ അഫ്ഗാനികളും തങ്ങളുടെ ഭരണത്തിന്‍ കീഴില്‍ സുരക്ഷിതരായിരിക്കുമെന്നാണ് പറഞ്ഞത്. ''വമ്പന്‍ രാഷ്ട്രങ്ങളെ പരാജയപ്പെടുത്തിയ ഞങ്ങള്‍ക്ക് അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്താനാവും. ആര്‍ക്കും സംശയം വേണ്ട' എന്നായിരുന്നു ഇയാള്‍ അഭിമുഖത്തില്‍ പറഞ്ഞത്. 

ബിന്‍ ലാദനുമായുള്ള ബന്ധത്തിന്റെ പേരില്‍ 2011 ഫെബ്രുവരി 9-നാണ് ഹഖാനിയെ അമേരിക്ക 'മോസ്റ്റ് വാണ്ടഡ് ടാര്‍ഗെറ്റ്' പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

2011 ഫെബ്രുവരി 9-നാണ് ഹഖാനിയെ അമേരിക്ക 'മോസ്റ്റ് വാണ്ടഡ് ടാര്‍ഗെറ്റ്' പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കൊടുംഭീകരരുടെ പട്ടികയിലുള്ള ഖലീല്‍ ഈ മാസം പകുതിയോടൊണ് അഫ്ഗാനിസ്ഥാനിലെത്തിയത്. 

കാബൂളിലെത്തിയ ഖലീലിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. അമേരിക്കന്‍ സൈനികര്‍ ഇവിടെ ഉള്ളപ്പോള്‍ തന്നെയാണ് അമേരിക്ക അമ്പത് മില്യന്‍ ഡോളര്‍ തലയ്ക്ക് വിലയിട്ട ഖലീല്‍ ഹഖാനി ചടങ്ങുകളില്‍ പരസ്യമായി പങ്കെടുത്തത്. 

താലിബാന്‍ സര്‍ക്കാരില്‍ ഖലീല്‍ ഹഖാനിക്ക് കാര്യമായ സ്ഥാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ സേഹാദരന്‍ ജലാലുദ്ദീന്‍ ഹഖാനിയാണ് ഹഖാനി നെറ്റ് വര്‍ക്ക് സ്ഥാപിച്ചത്.  

1990 കളുടെ മധ്യത്തില്‍ മുല്ല മുഹമ്മദ് ഒമറിന്റെ താലിബാന്‍ ഭരണകൂടത്തില്‍ അംഗമായിരുന്നു ജലാലുദ്ദീന്‍ ഹഖാനി. 

താലിബാനും ഹഖാനി നെറ്റ്വര്‍ക്കിനും ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഖലീല്‍ ഹഖാനിയാണ്. കൂടാതെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി പലപ്പോഴും വിദേശയാത്രകളും നടത്തുന്നുണ്ട്. 

click me!