കൊക്കിലൊതുക്കിയ മീനുമായി പഫിന്‍സ്; മലയാളി ഫോട്ടോഗ്രാഫര്‍ക്ക് അപൂര്‍വ്വ നേട്ടം

First Published Jul 23, 2021, 6:30 PM IST


തുമ്പത്ത് ചുവപ്പും പിന്നീട് ചാരനിറവുമുള്ള കൊക്കില്‍ , അനേകം മീനുകളെയും കൊരുത്ത് നില്‍ക്കുന്ന പക്ഷിയെ കടലിന്‍റെ പശ്ചാത്തലത്തില്‍ ചിത്രങ്ങളില്‍ കാണാത്തവര്‍ കുറവായിരിക്കും. അതാണ് പഫിന്‍സ്. അങ്ങ് അത്ലാന്‍റിക്ക് കടലിലാണ് അവയെ കാണാന്‍ കഴിയുക. കൊല്ലത്ത് നിന്നൊരാള്‍ ഇന്ന് ഈ പക്ഷിക്കൂട്ടങ്ങള്‍ക്ക് പുറകെയാണ്. കൊല്ലം കിഴക്കേ കല്ലട സ്വദേശി ഹരി കുമാര്‍. സ്കോട്ട്ലാന്‍റിലെ ഇന്ത്യന്‍ എംബസിയില്‍ ഐടി മാനേജരായി ജോലി ചെയ്യുന്ന ഹരി കുമാര്‍ മൂന്ന് വര്‍ഷമായി ഒഴിവ് ദിവസങ്ങളില്‍ തന്‍റെ ഇഷ്ടപ്പെട്ട പക്ഷിയായ പഫിന്‍സിനെ കാണാനായി വടക്കന്‍ അത്ലാന്‍റിക്ക് കടലിന് നടുക്കുള്ള 'ക്യുല്‍റ്റ്' പാറക്കെട്ടുകളുള്ള 'ഐല്‍ ഓഫ് മെയ്' ദ്വീപിലേക്ക് പോകുന്നു. ആദ്യത്തെ വര്‍ഷം സീസണ്‍ കഴിഞ്ഞതിനാലും രണ്ടാം വര്‍ഷം കൊവിഡിന്‍റെ അടച്ചിടലിനെ തുടര്‍ന്നും പലപ്പോഴും യാത്ര തടസപ്പെട്ടെങ്കിലും ഈ വര്‍ഷം നിരവധി തവണ ഐല്‍ ഓഫ് മെയ് ദ്വീപിലേക്ക് പോകാന്‍ കഴിഞ്ഞെന്ന് ഹരി കുമാര്‍ പറയുന്നു. ഹരി കുമാര്‍ പകര്‍ത്തിയ സാന്‍റ് ഈല്‍സ്  മത്സ്യത്തെ കടിച്ച് പിടിച്ചിരിക്കുന്ന പഫിന്‍സിന്‍റെ ചിത്രം റഷ്യയിലെ 'അവാര്‍ഡ് 35' എന്ന അന്താരാഷ്ട്രാ ഫോട്ടോഗ്രാഫി മത്സരത്തിന്‍റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലോകത്തിലെ നൂറ്റമ്പത് വിധികര്‍ത്താക്കള്‍ ചേര്‍ന്ന് നൂറ്റമ്പത് രാജ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന നൂറ് ഫോട്ടോഗ്രാഫേഴ്സില്‍ ആദ്യത്തെ 35 പേരില്‍ ഒരാളായിട്ടാണ് ഹരി തെരഞ്ഞെടുക്കപ്പെട്ടത്. അറിയാം ഹരിയുടെ പഫിന്‍സ് സ്നേഹം. 

വളരെയേറെ പ്രത്യേകതകളുള്ള പക്ഷിയാണ് പഫിന്‍സ്. ഒരു വശത്ത് നിന്ന് നോക്കിയാല്‍ ഏതാണ്ട് തത്തയുടെ രൂപമായിരിക്കും. മറ്റൊരു വശത്ത് നിന്ന് നോക്കിയാല്‍ പെന്‍ഗ്വിനാണോയെന്ന് തോന്നും. വക്കീലന്മാരുടെ ഔദ്ധ്യോഗിക വേഷമായ കറുപ്പും വെളുപ്പുമാണ് നിറം. മനുഷ്യരുമായി നന്നായി ഇണങ്ങുന്ന പക്ഷി കൂടിയാണ് പഫിന്‍സ്. ഇതിന്‍റെ രൂപം കാരണം ഇവയെ കടലില്‍ കോമാളിയെന്നും കടല്‍ തത്തയെന്നും വിളിക്കപ്പെടുന്നു. കനേഡിയൻ പ്രവിശ്യയായ ന്യൂഫൌണ്ട് ലാൻഡിനും ലാബ്രഡറിനും ഔദ്യോഗിക പക്ഷി കുടിയാണ് പഫിന്‍സ്.   

കറുത്ത തലയും മഞ്ഞയും ചുവപ്പും ചാരനിറമുള്ള പരന്ന കൊക്കുകളാണ് ഇവയ്ക്കുള്ളത്. ആണും പെണ്ണും ഏതാണ്ട് ഒരു പോലെ ഇരിക്കുമെങ്കിലും ആണ്‍ പക്ഷികള്‍ പെണ്‍പക്ഷികളേക്കാള്‍ അല്‍പ്പം വലുതാണ്. കടല്‍ ദേശാടന പക്ഷിയായ പഫിന്‍സ് വര്‍ഷത്തില്‍ മൂന്നോ നാലോ മാസം മാത്രമാണ് കരയിലേക്ക് വരിക. കരയെന്നാല്‍ ഭൂഖണ്ഡങ്ങളാണെന്ന് തെറ്റിദ്ധരിക്കരുത്. 

കടലിന് നടുക്ക് ഉയര്‍ന്ന് നില്‍ക്കുന്ന ഒന്നോ രണ്ടോ കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള അടരുകള്‍ നിറഞ്ഞ പാറ പ്രദേശമാണ് 'ക്യുല്‍റ്റു'കളെന്ന് അറിയപ്പെടുന്നത്. ഇവിടെയാണ് ഈ നാല് മാസവും ഇവയുടെ വാസം. അതും പ്രജനനകാലത്ത് മാത്രം. അത് കഴിഞ്ഞാല്‍ കുഞ്ഞുങ്ങളുമായി ഇവ വീണ്ടും കടലിലേക്ക് തന്നെ മടങ്ങും. പിന്നീട് നീണ്ട ഏഴെട്ട് മാസം 'കരകാണാ കടല്‍' മാത്രം. ഏഴെട്ട് മാസക്കാലം കടലില്‍ തന്നെ കഴിയാന്‍ പറ്റുന്ന ശാരീരികക്ഷമതയുള്ള പക്ഷി കൂടിയാണ് പഫിന്‍സ്.  

എപ്രില്‍ - മാര്‍ച്ച് മാസമാകുമ്പോള്‍ ഇവ വടക്കന്‍ അത്ലാന്‍റിക്ക് കടലിന് നടുക്കുള്ള ക്യുല്‍റ്റുകളില്‍ വന്ന് അവിടെ അല്‍പ്പം മാത്രമുള്ള മണ്ണില്‍ ചെറിയ കുഴികളുണ്ടാക്കി അവയില്‍ മുട്ടയിടുന്നു. വര്‍ഷത്തില്‍ ഒരു മുട്ടമാത്രമാണ് ഇവ ഇടുന്നത്. മുയലുകള്‍ മാളമുണ്ടാക്കുന്നത് പോലെയാണ് ഇവ മണ്ണില്‍ മാളമുണ്ടാക്കുന്നത്. ആണ്‍ പക്ഷിക്കളാണ് കുഴിയെടുക്കുന്നത്. ഈ പ്രദേശത്ത് നിന്ന് തന്നെ ലഭിക്കുന്ന ചെറിയ പൂക്കളും മറ്റും ശേഖരിച്ച് ഇവ കൂട്ടില്‍ നിക്ഷേപിക്കുന്നു. ഇത്തരത്തില്‍ കൂട്ടില്‍ പൂമെത്ത വിരിച്ചാണ് പഫിന്‍സ് തങ്ങളുടെ നവാതിഥിക്കായി കൂടൊരുക്കുന്നത്.  

പെണ്‍ പക്ഷിയാണ് അടയിരിക്കുന്നത്. മുട്ട വിരിഞ്ഞ് കഴിഞ്ഞാല്‍ മാതാപിതാക്കള്‍ കടലില്‍ നിന്ന് സാന്‍റ് ഈല്‍സ് എന്നറിയപ്പെടുന്ന പ്രത്യേക ഇനം മത്സ്യത്തെ കൊണ്ടുവന്ന് കുട്ടികള്‍ക്ക് കൊടുക്കുന്നു. ആറ് ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പഫിന്‍ കുഞ്ഞുങ്ങളുമായി കുടുംബ സമേതം അവ കടലാഴങ്ങളിലേക്ക് ഊളിയിടുന്നു. ഇവ ഒറ്റയ്ക്കല്ല, കൂട്ടമായിട്ടാണ് സഞ്ചാരം. ഒരു കൂട്ടം എന്നാല്‍ ലക്ഷക്കണക്കിന് പഫിന്‍സുകള്‍ ചേര്‍ന്നതാകും.  

സ്കോട്ട്ലാന്‍റില്‍ വന്ന കാലം മുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയ പക്ഷിയാണ് പഫിന്‍സെന്ന് ഹരി കുമാര്‍ പറയുന്നു. വടക്കന്‍ അത്ലാന്‍റിക്ക് സമുദ്രത്തിലെ ഐല്‍ ഓഫ് മെയ് ദ്വീപുകളിലേക്ക് സ്കോട്ടിഷ് സര്‍ക്കാര്‍ പ്രത്യേകം ബോട്ട് സര്‍വ്വീസ് നടത്തുന്നുണ്ട്. ആദ്യ വര്‍ഷത്തില്‍ ഇവിടേയ്ക്ക് പോകാന്‍ കഴിഞ്ഞില്ല. രണ്ടാം വര്‍ഷത്തില്‍ സ്കോട്ട്ലാന്‍റിലും കൊവിഡ് വ്യാപനമുണ്ടാകുകയും രാജ്യം അടച്ചിടലിലേക്ക് നീങ്ങുകയും ചെയ്തു. ഇതോടെ രണ്ടാം വര്‍ഷവും ഐല്‍ ഓഫ് മെയിലേക്കുള്ള യാത്ര തടസ്സപ്പെട്ടു. 

ഒടുവില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ്  പോകാന്‍ കഴിഞ്ഞെങ്കിലും അപ്പോഴേക്കും പഫിന്‍സിന്‍റെ മുട്ട വിരിഞ്ഞ് അവ കടലിലേക്കുള്ള യാത്രയാരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെ നഷ്ടം നികത്താന്‍ ഈ വര്‍ഷം ആദ്യമേ തന്നെ ഐല്‍ ഓഫ് മെയ് ദ്വീപിലേക്കുള്ള യാത്ര ശരിയാക്കിയുരുന്നു. അടച്ചിടലില്‍ ഇളവ് വന്നതോടെ ഏതാണ്ടെല്ലാ ആഴ്ചയിലെയും അവധി ദിവസങ്ങളില്‍ ക്യുല്‍റ്റ് പാറക്കെട്ടുകളിലേക്കുള്ള യാത്ര പതിവാക്കിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.  

കഴിഞ്ഞ മാസം ഏതാണ്ട് നാലഞ്ച് തവണ അവിടെ പോകാന്‍ കഴിഞ്ഞു. മനുഷ്യരുമായി നന്നായി ഇണങ്ങുന്ന പക്ഷികളാണ് പഫിന്‍സ്. ഇംഗ്ലണ്ടിനടുത്തുള്ള വെല്‍സിലെ സ്കോമര്‍ ദ്വീപിലുള്ള പഫിന്‍സ് പക്ഷികളാണ് മനുഷ്യരുമായി ഏറ്റവും അടുപ്പം കാണിക്കുന്നവ.  നമ്മുടെ നാട്ടില്‍ അത്രയ്ക്ക് പരിചയമില്ലാത്ത പക്ഷി കൂടിയാണ് പഫിന്‍സ്. എന്നാല്‍,  സാന്‍റ് ഈല്‍സ് മത്സ്യത്തെ കടിച്ച് പിടിച്ചിരിക്കുന്ന പഫിന്‍സിന്‍റെ പടങ്ങള്‍ മിക്കവാറും ആളുകള്‍ കണ്ടിട്ടുമുണ്ടാകും. നാട്ടില്‍ ഈ പക്ഷിയെ പരിചയപ്പെടുത്തണമെന്ന ആഗ്രഹവും തനിക്കുണ്ടായിരുന്നെന്നും ഹരി പറഞ്ഞു.  

ഒരു പഫിന്‍സ് കൂട്ടമെന്നാല്‍ ഏതാണ്ട് ഒരു ലക്ഷത്തോളം പക്ഷികള്‍ വരും. പഫിന്‍സിനെ കുറിച്ച് ഒരു പുസ്തകമെഴുതണമെന്നാണ്  ആഗ്രഹമെന്നും ഹരി കുമാര്‍ പറഞ്ഞു. ഹരിയുടെ അച്ഛന്‍ പ്രസന്ന കുമാര്‍. അദ്ദേഹം പ്രവാസിയായിരുന്നു. ഇപ്പോള്‍ നാട്ടില്‍ ബിസിനസ് ചെയ്യുന്നു. അമ്മ ഷേര്‍ളി, റിട്ടേഡ് അധ്യാപികയാണ്. ഒരു സഹോദരി. ഹരി കുമാര്‍ സ്കോട്ട്ലന്‍റില്‍ കുടുംബ സമേതം താമസിക്കുന്നു. ഭാര്യ അശ്വനി കൃഷ്ണയും ഐടി വിഭാഗത്തില്‍ ജോലി ചെയ്യുന്നു. 

സ്കോട്ട്ലാന്‍റ് തലസ്ഥാനമായ എഡിന്‍ബ്രോയിലാണ് ഹരിയും കുടുംബവും ഇപ്പോള്‍ താമസം.  കല്ലട മൌണ്ട്കാര്‍മ്മലിനായിരുന്നു ഹരിയുടെ സ്കൂള്‍ വിദ്യാഭ്യാസം. പത്തനംതിട്ട കാര്‍മ്മല്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്ന് ഐടിയില്‍ ബിരുദം. പിന്നീട് ലണ്ടനില്‍ നിന്ന് ലോജസ്റ്റിക്സില്‍ എംബിഎ പഠനം പൂര്‍ത്തിയാക്കി. 13 രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുള്ള ഹരിക്ക് തന്‍റെ ഇഷ്ട പക്ഷിയായ പഫിന്‍സിനെ കുറിച്ച് ഒരു ഡോക്യുമെന്‍ററിയും മനസിലുണ്ട്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!