റെയിൽവേ ട്രാക്കുകളിലെ ചെറിയ മെറ്റൽ കല്ലുകൾ (ബാലസ്റ്റ്) എന്തിനാണ് ഇടുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നിൽ ഒന്നല്ല, ഒരുപാട് കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
മെറ്റൽ കല്ലുകൾ പാളങ്ങൾക്ക് ശക്തമായ അടിത്തറ നൽകുകയും ഇതിന് മുകളിലൂടെ കടന്നുപോകുന്ന ട്രെയിനുകളുടെ അമിതഭാരം തുല്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു. പാളം വളയുകയോ സ്ഥാനമാറ്റം ഉണ്ടാകുകയോ ചെയ്യുന്നത് ഇതുവഴി തടയാൻ സാധിക്കും. ചതുരാകൃതിയിലുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ ഇവയ്ക്ക് ശക്തമായ പിന്തുണ നൽകുകയും ചെയ്യുന്നു. ഇവ ഇല്ലെങ്കിൽ, പാളങ്ങൾ കാലക്രമേണ വളയുകയോ മണ്ണിലേക്ക് താഴുകയോ ചെയ്യാൻ സാധ്യതയുണ്ട്. ഇത് ട്രെയിൻ പാളം തെറ്റാനും ചെലവേറിയ അറ്റകുറ്റപ്പണികൾക്കും ഇടയാക്കും.
26
മഴവെള്ളം പെട്ടെന്ന് ഒഴുകിപ്പോകാൻ സഹായിക്കുന്നു
ഇന്ത്യയിലെ മൺസൂൺ റെയിൽവേയ്ക്ക് എപ്പോഴും വെല്ലുവിളിയാണ്. മെറ്റലുകൾ ഇടുന്നത് വഴി ഇവയ്ക്കിടയിലുള്ള വിടവുകളിലൂടെ മഴവെള്ളം വേഗത്തിൽ ഒഴുകിപ്പോകും. ഇത് അടിയിലുള്ള മണ്ണിനെ ദുർബലപ്പെടുത്തുന്ന വെള്ളക്കെട്ട് തടയുന്നു. മാത്രമല്ല, പാളങ്ങൾ തുരുമ്പിക്കാതിരിക്കാനും ചെളി അടിഞ്ഞുകൂടുന്നത് തടയാനും ഇത് സഹായിക്കും.
36
പ്രകമ്പനങ്ങളും ശബ്ദവും ആഗിരണം ചെയ്യുന്നു
ട്രെയിൻ അതിവേഗം കടന്നുപോകുമ്പോൾ അത് ശക്തമായ പ്രകമ്പനങ്ങൾ സൃഷ്ടിക്കും. അത് ഭൂമിയെയും ചുറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങളെയും ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഈ മെറ്റലുകൾ ഒരു പ്രകൃതിദത്ത ഷോക്ക് അബ്സോർബറായി പ്രവർത്തിക്കും. പ്രകമ്പനങ്ങളെ ലഘൂകരിക്കുകയും പാളങ്ങളിലും അടുത്തുള്ള കെട്ടിടങ്ങളിലും മറ്റുമുള്ള സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ഇതുവഴി ശബ്ദം കുറയ്ക്കാനും സഹായിക്കുന്നു.
പാളങ്ങൾക്ക് താങ്ങ് നൽകുന്നതിലുപരി ഈർപ്പം നിലനിർത്താത്തതിനാൽ പുല്ലുകൾ വളരാനുള്ള സാധ്യത മെറ്റലുകൾ ഇടുന്നത് വഴി തടയാൻ സാധിക്കും. ചെടികളുടെയും മറ്റും വേരുകൾ റെയിൽ ഘടനയെ തടസ്സപ്പെടുത്താനുള്ള സാധ്യത ഇല്ലാതാക്കുന്നു. റെയിൽവേയെ സംബന്ധിച്ചിടത്തോളം പാളങ്ങൾ, പ്രത്യേകിച്ച് മഴക്കാലത്ത് ഇടയ്ക്കിടെ വൃത്തിയാക്കേണ്ട ആവശ്യകത കുറയ്ക്കാൻ ഇവ സഹായിക്കും.
56
പാളങ്ങളുടെ അറ്റകുറ്റപ്പണി എളുപ്പമാക്കുന്നു
വലിയ തടസ്സങ്ങളില്ലാതെ റെയിൽവേ ശൃംഖലയുടെ അറ്റകുറ്റപ്പണി നടത്താൻ മെറ്റലുകൾ സഹായിക്കും. അറ്റകുറ്റപ്പണികൾ നടത്തുമ്പോഴോ പാളങ്ങൾ മാറ്റി സ്ഥാപിക്കുമ്പോഴോ ഇവ എളുപ്പത്തിൽ നീക്കം ചെയ്യാനും, വൃത്തിയാക്കാനും, വീണ്ടും ഉപയോഗിക്കാനും കഴിയുമെന്നതാണ് സവിശേഷത.
66
ട്രാക്കുകളിലെ മെറ്റലുകളുടെ കാലാവധി
റെയിൽവേ സാധാരണയായി ഓരോ 8 മുതൽ 10 വർഷം കൂടുമ്പോഴും ബാലസ്റ്റ് വൃത്തിയാക്കുകയോ പുതിയത് ഇടുകയോ ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ട്രെയിൻ റൂട്ടിലെ തിരക്ക് അനുസരിച്ചാണ് ഇക്കാര്യം തീരുമാനിക്കുന്നത്.