
'അമീബിക് മെനിഞ്ചൈറ്റിസ്' അഥവാ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മലപ്പുറത്ത് പന്ത്രണ്ടുകാരന്‍ മരിച്ചു. കോട്ടയ്ക്കല്‍ സ്വദേശിയായ മിഷാല്‍ ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
നമ്മള്‍ സാധാരണയായി കേള്‍ക്കുന്ന ഒരു രോഗമല്ല ഇത്. അപൂര്‍വ്വമാണ് എന്നതുകൊണ്ട് തന്നെയാണ് ഇതിന് അധികം പ്രചാരവുമില്ലാത്തത്. എന്നാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം അല്‍പം ഗൗരവം ഈ രോഗത്തിന് നല്‍കേണ്ടതുണ്ട്. കാരണം, കേരളത്തിലിത് നാലാം തവണയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷവും മലപ്പുറത്ത് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അന്ന് പെരിന്തല്‍മണ്ണ സ്വദേശിയായ പത്തുവയസുകാരിയാണ് മരിച്ചത്. 2016 മാര്‍ച്ചില്‍ ആലപ്പുഴയിലാണ് ഇത്തരത്തിലുള്ള ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വെള്ളത്തില്‍ കാണപ്പെടുന്ന ഒരിനം 'അമീബ' (ഏക കോശജീവി)യാണ് ഈ രോഗത്തിന് കാരണമാകുന്നത്. 'തലച്ചോര്‍ തിന്നുന്ന അമീബ' എന്നാണിത് അറിയപ്പെടുന്നത് പോലും. വെള്ളത്തില്‍ സാധാരണനിലയില്‍ ഇതുണ്ടാകാറില്ല. ഉപ്പുവെള്ളത്തിലും കാണപ്പെടാറില്ല. ഒഴുക്ക് കുറഞ്ഞ് കെട്ടിക്കിടക്കുന്നതോ, മലിനമായതോ ആയ ജലാശയങ്ങളില്‍ കാണപ്പെട്ടേക്കാം. അതല്ലെങ്കില്‍ ശുദ്ധീകരിക്കാത്ത വാട്ടര്‍ ഹീറ്ററുകളിലും ഇത് കാണാം.
നാല്‍പത് ഡിഗ്രി സെല്‍ഷ്യസ് വരെ അതിജീവിക്കാന്‍ കഴിവുള്ള ഈ അമീബ മൂക്കിലൂടെ കയറുന്ന വെള്ളത്തിലൂടെ ശരീരത്തിലെത്തുന്നു. നേരിട്ട് മസ്തിഷ്‌കത്തിലേക്കാണ് ഇത് പോവുക. തലച്ചോറിനകത്തെ ചില രാസപദാര്‍ത്ഥങ്ങളെ ഭക്ഷണമാക്കി, ഇവര്‍ അവിടെത്തന്നെ കൂടും.
ഇതുതന്നെയാണ് മിഷാലിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. നീന്തല്‍ക്കുളത്തില്‍ അധികനേരം കളിച്ച മിഷാലിന്റെ ശരീരത്തിലേക്ക് അതുവഴി കയറിയ അമീബ പിന്നീട് തലച്ചോറിനെ ബാധിക്കുകയായിരുന്നു. മറ്റ് മസ്തിഷ്‌കജ്വരങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഗുരുതരമാകുന്ന അവസ്ഥയാണ് 'അമീബിക് മെനിഞ്ചൈറ്റിസ്'. 5 ദിവസങ്ങള്‍ക്കകം രോഗം മൂര്‍ച്ഛിക്കും. 97 ശതമാനം മരണനിരക്കുള്ള രോഗത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യതകളും വളരെ കുറവാണ്.
Also Read:- മലപ്പുറത്ത് പത്ത് വയസുകാരി മരിച്ചത് 'തലച്ചോര്‍ തിന്നുന്ന അമീബ' മൂലം; എന്താണ് ഈ രോഗം?...
തലവേദനയും പനിയും ഛര്‍ദ്ദിയുമാണ് ആദ്യഘട്ടത്തില്‍ കാണുന്ന ലക്ഷണങ്ങള്‍. അടുത്ത ഘട്ടമാകുമ്പോഴേക്ക് അപസ്മാരത്തിന്റെ ലക്ഷണങ്ങളും മാനസികാസ്വാസ്ഥ്യവും കാണിക്കാം. കുളങ്ങളിലോ മറ്റ് ജലാശയങ്ങളിലോ കുട്ടികള്‍ പോകുമ്പോള്‍ അവിടങ്ങളിലെ വെള്ളത്തിന്റെ ശുദ്ധി കൂടി ഉറപ്പുവരുത്തിയാല്‍ ഇത്തരം അപകടകരമായ രോഗങ്ങളില്‍ നിന്ന് അവരെ നമുക്ക് രക്ഷിക്കാം. ക്ലോറിനേഷന്‍ ചെയ്ത കുളങ്ങള്‍ മാത്രം ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പും നല്‍കുന്നു.
വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam