മദ്യലഹരിയില്‍ മാതാപിതാക്കളെ പോലും കൊല്ലുന്നു; എന്തുകൊണ്ട് മദ്യപിക്കുമ്പോള്‍ കുറ്റകൃത്യം ചെയ്യുന്നു?

By Web TeamFirst Published Jun 10, 2020, 7:21 PM IST
Highlights

ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ മകന്‍ അശ്വിന്‍ ജയമോഹന്‍ തമ്പിയോട് എടിഎം കാര്‍ഡ് ചോദിച്ചു. ഇതില്‍ പിടിച്ചുതുടങ്ങിയ വാക്കേറ്റം വൈകാതെ കയ്യേറ്റത്തിലെത്തി. മകന്‍ അച്ഛനെ പിടിച്ച് തള്ളി. ഈ വീഴ്ചയില്‍ നെറ്റിയിലേറ്റ മുറിവാണ് ജയമോഹന്‍ തമ്പിയുടെ മരണത്തിന് കാരണമായിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്

ലോക്ഡൗണ്‍ കാലത്തെ ഇടവേളയ്ക്ക് ശേഷം മദ്യം ലഭ്യമായ സാഹചര്യമെത്തുമ്പോള്‍ നടുങ്ങുന്ന വാര്‍ത്തകളാണ് കേരളത്തിന്റെ പലയിടങ്ങളില്‍ നിന്നായി വരുന്നത്. മദ്യലഹരിയില്‍ നടക്കുന്ന കൊലപാതകങ്ങളെ കുറിച്ചും അക്രമങ്ങളെക്കുറിച്ചുമാണ് പറഞ്ഞുവന്നത്. 

ചങ്ങനാശേരി തൃക്കൊടിത്താനത്ത്, രാത്രിയില്‍ മദ്യപിച്ച് വീട്ടിലെത്തിയ മകന്‍ അമ്മയെ കറിക്കത്തി കൊണ്ട് അരിഞ്ഞ് കൊലപ്പെടുത്തിയത് ഭക്ഷണം വിളമ്പിയതിലെ അതൃപ്തിയെ ചൊല്ലിയാണ്. സ്ഥിരമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനാണ് തിരൂരില്‍ മകന്‍ പിതാവിനെ തള്ളിയിട്ട് കൊന്നത്. 

ബാലരാമപുരത്ത് മദ്യപിക്കുന്നതിനിടെ ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായതാണ് യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. താനൂരില്‍ നിന്നും സമാനമായ സംഭവങ്ങള്‍ തന്നെ താനൂരിലും കൊല്ലം- കുരീപ്പുഴയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ കൊലപാതകത്തിലേക്കെത്തുകയായിരുന്നുവെന്നാണ് കേസ്. 

ഏറ്റവും ഒടുവിലിതാ കേരളത്തെ ഞെട്ടിച്ചുകൊണ്ട് മുന്‍ രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ കൊലപാതക വാര്‍ത്തയും ഇപ്പോള്‍ പുറത്തുവരികയാണ്. മകനോടൊപ്പം ഇരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് ജയമോഹന്‍ തമ്പിയുടെ കൊലപാതകത്തിലെത്തി നിന്നത്. 

 


(ജയമോഹൻ തമ്പി...)

 

ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ മകന്‍ അശ്വിന്‍ ജയമോഹന്‍ തമ്പിയോട് എടിഎം കാര്‍ഡ് ചോദിച്ചു. ഇതില്‍ പിടിച്ചുതുടങ്ങിയ വാക്കേറ്റം വൈകാതെ കയ്യേറ്റത്തിലെത്തി. മകന്‍ അച്ഛനെ പിടിച്ച് തള്ളി. ഈ വീഴ്ചയില്‍ നെറ്റിയിലേറ്റ മുറിവാണ് ജയമോഹന്‍ തമ്പിയുടെ മരണത്തിന് കാരണമായിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. 

മദ്യലഹരിയില്‍ കേരളത്തില്‍ പലയിടങ്ങളിലായി നടന്ന മറ്റ് അക്രമങ്ങളുടെ പട്ടിക വേറെയും ഉണ്ട്. പൊലീസുകാര്‍ വരെ ഉള്‍പ്പെട്ടിരിക്കുന്നു ഇത്തരം സംഭവങ്ങളിലെന്നതും ശ്രദ്ധേയമാണ്. ദേവികുളത്ത് മദ്യപിക്കുന്നിതിനടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പൊലീസുകാരനുള്‍പ്പെടെ നാല് പേര്‍ക്ക് കുത്തേറ്റ സംഭവം ഇതിനുദാഹരണമാണ്. 

മദ്യം വില്ലനാകുമ്പോള്‍...

മദ്യാസക്തിയില്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നത് മുമ്പും നമ്മള്‍ ധാരാളമായി കേട്ടിട്ടുള്ളതാണ്. എന്നാല്‍ ലോക്ഡൗണ്‍ കാലം തീരുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ടായിരിക്കാം? രണ്ടരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തില്‍ മദ്യം ലഭ്യമാകുന്ന സാഹചര്യമുണ്ടായിരിക്കുന്നത്. പതിവായി മദ്യപിച്ചിരുന്നവരെ സംബന്ധിച്ച് അവര്‍ക്ക് ഇത്രയും നാളത്തെ 'ഗ്യാപ്' താങ്ങാവുന്നതല്ല. അതിനാല്‍ത്തന്നെ ഏറെ നാള്‍ക്കുശേഷം മദ്യപിക്കുമ്പോള്‍ അത് അസാധാരണമായ തരത്തില്‍ അവരെ ബാധിക്കുന്നു. 

'മദ്യപിക്കുന്ന ആളുകള്‍ ഏറെ നാള്‍ മദ്യം കഴിക്കാതെ പിന്നീട് കഴിക്കുമ്പോള്‍ അക്രമാസക്തരാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംഭവങ്ങളില്‍ പലതിലും ഈ കാരണം കാണാനാകും...'- മനോരോഗ വിദഗ്ധയായ ഡോ. എല്‍സി ഉമ്മന്‍ പറയുന്നു. 

 


മദ്യം അമിതമായി കഴിക്കുന്നവരും, നേരത്തേ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നവരോ അതിന് വാസന പ്രകടിപ്പിച്ചിരുന്നവരോ ആണ് ഇങ്ങനെ വീണ്ടും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് എന്ന പൊതു ധാരണ ശരിയല്ലെന്നും ഡോ. എല്‍സി ഉമ്മന്‍ പറയുന്നു. 

'കുറേ മദ്യപിച്ചാലാണ് പ്രശ്‌നമാവുക എന്നൊരു ധാരണ നമുക്കുണ്ട്. അത് തെറ്റായ വിചാരമാണ്. വളരെ കുറച്ച് മദ്യപിച്ചാല്‍ പോലും അക്രമാസക്തരാകുന്നവരുണ്ട്. അതായത്, ക്വാണ്ടിറ്റി ഒരു വലിയ ഘടകമല്ലെന്ന് സാരം. അതുപോലെ തന്നെ, മുമ്പ് കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ല എന്ന് കരുതി ഒരാള്‍ അത്തരം പ്രവണതകള്‍ കാണിക്കില്ലെന്ന് കരുതരുത്, മുമ്പ് അങ്ങനെയുള്ള ചരിത്രമില്ലാത്തയാളുകള്‍ പോലും പിന്നീട് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാറുണ്ട്...'- ഡോക്ടറുടെ വാക്കുകള്‍. 

ജയമോഹന്‍ തമ്പിയുടെ കേസില്‍ മകന്‍ മുമ്പ് മദ്യപിക്കുന്ന ആളായിരുന്നില്ലെന്നത് ശ്രദ്ധിക്കേണ്ട പോയിന്റ് ആണെന്നും ജയമോഹന്‍ തമ്പി തന്റെ വിഷാദത്തിന് പരിഹാരമായാണ് മദ്യത്തെ കണ്ടിരുന്നതെന്നും അവര്‍ പറയുന്നു. 

'വിഷാദരോഗിയെന്ന നിലയില്‍ താല്‍ക്കാലികമായി ആശ്വാസം കണ്ടെത്താനും ഓര്‍മ്മകളെ മറക്കാനുമെല്ലാം മദ്യത്തെ അദ്ദേഹം ആശ്രിയിച്ചിരുന്നിരിക്കണം. പലപ്പോഴും വിഷാദമുള്ളവര്‍ ഇത്തരത്തില്‍ മദ്യത്തെ ഒരു മരുന്നായി കണക്കാക്കിവരുന്നുണ്ട്. അത് അപകടകരമായ പ്രവണതയാണ്. പിന്നെ താന്‍ അക്രമിക്കുന്നത് അച്ഛനെയാണോ അമ്മയെ ആണോ എന്ന് തിരിച്ചറിയാന്‍, ചെയ്യുന്ന പ്രവര്‍ത്തിയിലെ തെറ്റും ശരിയും വേര്‍തിരിച്ചറിയാന്‍ മദ്യം തലക്ക് പിടിച്ച ഒരാളെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്...

...നമുക്ക് പല ഉള്‍പ്രേരണകളും ഉണ്ടാകും എന്നാല്‍ അതെല്ലാം തലച്ചോര്‍ നിരന്തരം നിയന്ത്രിക്കുന്നുണ്ട്. പക്ഷേ മദ്യം അകത്തുചെല്ലുന്നതോടെ ഈ നിയന്ത്രണം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അങ്ങനെ വരുമ്പോള്‍ അക്രമിക്കുന്നത് ആരെയാണ്, അതില്‍ തെറ്റില്ലേ, ശരിയുണ്ടോ എന്നെല്ലാം ചിന്തിക്കാനുള്ള സ്വബോധം ഇല്ലാതെ പോകുന്നു...'- ഡോ. എല്‍സി ഉമ്മന്‍ പറയുന്നു. 

 

 

മദ്യപിക്കുന്നതിനിടെ അച്ഛനെ തള്ളിയിട്ട് കൊന്ന ശേഷം, മൃതദേഹം അകത്തെ മുറിയിലേക്ക് വലിച്ചുമാറ്റിയിട്ടു. എന്നിട്ട് തുടര്‍ച്ചയായി രണ്ട് ദിവസം കൂടി അതേ വീട്ടിലിരുന്ന് അശ്വിന്‍ മദ്യപിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇത്തരം കേസുകളില്‍ മദ്യലഹരി വില്ലനാകുന്നുവെന്ന് തന്നെയാണ് മനോരോഗ വിദഗ്ധര്‍ പറയുന്നത്. മദ്യം തലക്ക് പിടിക്കുമ്പോള്‍ ദേഷ്യം, വെറുപ്പ്, വൈരാഗ്യം പോലുള്ള വികാരങ്ങള്‍ സ്വന്തം നിയന്ത്രണത്തിലാകാതെ വരികയാണ്. ആ കെട്ടില്‍ നിന്ന് തിരിച്ചിറങ്ങുമ്പോഴായാരിക്കും ഒരുപക്ഷേ താന്‍ ചെയ്ത കൊടിയ ക്രൂരപ്രവര്‍ത്തിയെ കുറിച്ച് അവര്‍ ബോധ്യത്തിലാകുന്നതും. മദ്യലഹരിയില്‍ ചെയ്ത കുറ്റകൃത്യങ്ങളില്‍ പ്രതിയാകുന്ന മിക്കവരുടേയും അവസ്ഥ ഇതാണ്. എങ്കിലും ചെയ്ത പ്രവര്‍ത്തി തിരുത്താനോ തിരിച്ചെടുക്കാനോ ആകില്ലല്ലോ. 

Also Read:- മദ്യലഹരിയിൽ സ്വന്തം ലിംഗം ഛേദിച്ച് കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞു, ബോധം വന്നപ്പോൾ വേദനകൊണ്ട് പുളഞ്ഞ് യുവാവ്...

മദ്യത്തിന് അടിപ്പെടുന്നുവെന്ന് തോന്നിക്കഴിഞ്ഞാല്‍ സമയബന്ധിതമായി ചികിത്സ തേടുന്നതും, എപ്പോഴും സ്വയം നിയന്ത്രിക്കാന്‍ പരിശീലിക്കുന്നതുമെല്ലാം വലിയൊരു പരിധി വരെ ഇങ്ങനെയുള്ള ദാരുണമായ സംഭവങ്ങളെ കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ മദ്യാസക്തിയെ രോഗമായി കാണാനും അതിന് ചികിത്സ തേടാനുമുള്ള അവബോധം മിക്കവരിലും ഇല്ല എന്നത് നമുക്ക് തിരിച്ചടിയാവുകയാണ്.

Also Read:- മദ്യലഹരിയില്‍ യുവാവ് സമീപവാസിയുടെ വിരൽ കടിച്ചു മുറിച്ചു...

click me!