
കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. രണ്ട് വർഷത്തോളമായി ലോകരാജ്യങ്ങളെ മുഴുവൻ ദുരിതത്തിലാഴ്ത്തിയ മഹാമാരിയിൽ നിന്നുള്ള രക്ഷയ്ക്ക് വാക്സിനേഷൻ മാത്രമാണ് പോംവഴി. ഇതിനായുള്ള പരിശ്രമത്തിലാണ് ഇന്ത്യടക്കമുള്ള രാജ്യങ്ങൾ. ബോധവൽക്കരണവും മുന്നറിയിപ്പുകളും എല്ലാം നൽകിയിട്ടും വാക്സീൻ സ്വീകരിക്കാൻ തയ്യാറാകാത്ത ഒരു വിഭാഗം എല്ലായിടത്തും ഇനിയും ബാക്കിയാണ്. ഇത്തരത്തിൽ കൊവിഡ് വാക്സീനോട് വിമുഖത കാണിക്കുന്നവർക്കായി പലവിധ പദ്ധതികളാണ് വിവിധ സർക്കാറുകൾ ആവിഷ്കരിച്ചിരിക്കുന്നത്.
വാക്സീൻ സ്വീകരിക്കാൻ മടിക്കുന്നവരെ അടുപ്പിക്കാൻ സൌജന്യ ഗെയിം ടിക്കറ്റുകൾ, ഭക്ഷണ സാധനങ്ങൾ, ബിയർ, ലോട്ടറി ടിക്കറ്റുകൾ തുടങ്ങി നിരവധി സമ്മാനങ്ങൾ സർക്കാറുകൾ ഓഫർ ചെയ്യുന്നുണ്ട്. അടുത്തിടെ ഓസ്ട്രേലിയയിൽ വാക്സീനെടുത്തതിന്റെ മാത്രം പേരിൽ ഒരു 25-കാരി കോടീശ്വരിയായി. ജോവാൻ ഷു എന്ന യുവതിയാണ് വാക്സീൻ സ്വീകരിച്ചതിന്റെ പേരിൽ കോടീശ്വരിയായത്.
വാക്സീനെടുത്തതിന് ശേഷം അധികൃതർ സമ്മാനിച്ച ദ മില്യൺ ഡോളർ വാക്സ് അലയൻസ് ലോട്ടറിയുടെ പ്രധാന സമ്മാന ജേതാവായാണ് ജോവാൻ ഷു കോടീശ്വരിയായത്. സമ്മാനത്തുകയായി ജോവാന് ലഭിച്ചത് ഒരു മില്യൺ ജോളറാണ്. അതായത് 7. 4 കോടി രൂപ. ഓസ്ട്രേലിയക്കാരെ വാക്സിനെടുപ്പിക്കാൻ ഒരു സ്വകാര്യ സ്ഥാപനം തയ്യാറാക്കിയ പദ്ധതിയായ 'ദ മില്യൺ ഡോളർ വാക്സ് അലയൻസ് ലോട്ടറി' പദ്ധതിക്ക് മികച്ച പ്രതികരണമാണഅ കിട്ടിയത്. മൂന്ന് ദശലക്ഷത്തോളം പേർ വാക്സിനെടുത്ത് നറുക്കെടുപ്പിൽ ഭാഗ്യം തേടിയിരുന്നു. എന്നാൽ ഒടുവിൽ ജോവാനെയാണ് ഭാഗ്യം തേടിയെത്തിയത്.
കോടീശ്വരിയായി മാറിയ ചൈനീസ് വംശജയായ യുവതിക്ക് വലിയ പദ്ധതികൾ മനസിലുണ്ട്. ചൈനീസ് പുതുവർഷത്തിൽ തന്റെ കുടുംബത്തെ ബിസിനസ് ക്ലാസ് ടിക്കറ്റിൽ ഓസ്ട്രേലിയയിൽ കൊണ്ടുവരണമെന്നാണ് ജോവാൻ ആഗ്രഹിക്കുന്നത്. അതിർത്തികൾ തുറന്നാൽ മാതാപിതാക്കളെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ പാർപ്പിക്കണമെന്നും അവർ ആഗ്രഹിക്കുന്നുണ്ട്. കുടുംബത്തിനായി ചെലവഴിച്ച ശേഷം ബാക്കി പണം എവിടെയെങ്കിലും നിക്ഷേപിക്കണമെന്നും സഹായം ആവശ്യമുള്ളവരെ സഹായിക്കുമെന്നും ജോവാൻ പറയുന്നു. മില്യൺ ഡോളർ വാക്സ് അലയൻസ് ലോട്ടറിയിൽ ആയിരം ഡോളറിന്റെ 100 ഗിഫ്റ്റ് കാർഡുകളും ആളുകൾക്ക് സമ്മാനമായി ലഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam