ഇന്ത്യയില്‍ ഇതുവരെ കൊവിഡ് 19 ബാധിച്ച ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കണക്ക്...

By Web TeamFirst Published May 6, 2020, 7:57 PM IST
Highlights

നിര്‍ണ്ണായകമായ ഈ സാഹചര്യത്തില്‍ ജീവന്‍ പോലും പണയപ്പെടുത്തിക്കൊണ്ടാണ് ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് 19നെതിരായ പോരാട്ടത്തിലേര്‍പ്പെടുന്നത്. ഇതിനിടെ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാവുകയും അവരില്‍ ചിലരെങ്കിലും മരണത്തിന് കീഴടങ്ങുകയും ചെയ്തു

ലോകരാജ്യങ്ങളെ ഒട്ടാകെ ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് കൊറോണ വൈറസ് എന്ന മാരക രോഗകാരിയുടെ വ്യാപനം തുടരുന്നത്. ഇതുവരെ രണ്ടരലക്ഷത്തിലധികം പേര്‍ക്കാണ് ആഗോളതലത്തില്‍ കൊവിഡ് 19നെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ലക്ഷക്കണക്കിന് പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നു. 

നിര്‍ണ്ണായകമായ ഈ സാഹചര്യത്തില്‍ ജീവന്‍ പോലും പണയപ്പെടുത്തിക്കൊണ്ടാണ് ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് 19നെതിരായ പോരാട്ടത്തിലേര്‍പ്പെടുന്നത്. ഇതിനിടെ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാവുകയും അവരില്‍ ചിലരെങ്കിലും മരണത്തിന് കീഴടങ്ങുകയും ചെയ്തു. 

ഇതുമായി ബന്ധപ്പെട്ട കണക്ക് ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതുവരെ രാജ്യത്ത് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരമെഡിക്കല്‍ ജീവനക്കാര്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലായി 548 പേര്‍ക്ക് കൊവിഡ് 19 രോഗബാധയുണ്ടായെന്നാണ് ഈ കണക്കില്‍ പറയുന്നത്. 

ഫീല്‍ഡ് വര്‍ക്ക് ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍, വാര്‍ഡിലെ ജീവനക്കാര്‍, ശുചീകരണവിഭാഗത്തിലെ ജീവനക്കാര്‍, സുരക്ഷാജീവനക്കാര്‍, ലബോറട്ടറി അറ്റന്‍ഡര്‍മാര്‍, ആശുപത്രി അലക്കുകാര്‍- ഭക്ഷണം തയ്യാറാക്കുന്നവര്‍ എന്നിവര്‍ അടങ്ങാത്ത കണക്കാണ് ഇപ്പോള്‍ കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്. ഇവരെക്കൂടി ഉള്‍പ്പെടുത്തിയ പട്ടികയാണെങ്കില്‍ ഈ കണക്ക് ഇനിയും ഏറെ വിപുലപ്പെടും. 

രോഗബാധയേറ്റ ഡോക്ടര്‍മാരുടെ മറ്റ് വിവരങ്ങളോ ഇവര്‍ക്ക് രോഗം പകര്‍ന്നുകിട്ടിയ ശ്രോതസോ റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. 

Also Read:- ഐസൊലേഷന്‍ മുറിയിലെ പോസിറ്റീവ് പാഠങ്ങള്‍; കൊവിഡ് മുക്തയായ മലയാളി നഴ്സ് പറയുന്നു...

അതേസമയം കൊവിഡ് രോഗത്തെ തുടര്‍ന്ന് രാജ്യത്ത് മരിച്ച ഡോക്ടര്‍മാരുടെ കണക്ക് ഇനിയും കൃത്യമായി ചിട്ടപ്പെടുത്താനായിട്ടില്ലെന്നും ദില്ലിയില്‍ മാത്രം 69 ഡോക്ടര്‍മാര്‍ ഇത്തരത്തില്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് സൂചനയെന്നും സര്‍ക്കാര്‍ പ്രതിനിധി അറിയിക്കുന്നു. 

ഇതുവരെ 49,391 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് 19 ബാധിച്ചിട്ടുള്ളത്. ഇതില്‍ 1,694 പേര്‍ മരണത്തിന് കീഴടങ്ങി.

Also Read:- ഡോക്ടർക്ക് കൊവിഡ്; ബംഗ്ലൂരുവിൽ ആശുപത്രി പൂട്ടി...

click me!