കരളുറപ്പ് കൊണ്ട്  കൊവിഡിനെ അതിജീവിച്ച അനുഭവം പങ്കുവയ്ക്കുകയാണ് മലയാളി നഴ്സായ സുറുമി. കൊവിഡ് 19 പോസിറ്റീവാണെന്ന്  തിരിച്ചറിഞ്ഞ നിമിഷം മുതല്‍ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് വരെ വികാരനിര്‍ഭരമായാണ് സുറുമി പങ്കുവയ്ക്കുന്നത്. പോസിറ്റീവ് ചിന്തകളിലൂടെ ആളുകളില്‍ കൊവിഡ് അവബോധമുണ്ടാക്കാനാണ് അബുദാബി മുസഫ എൽഎൽഎച്ച്  ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സും ആലുപ്പുഴ കണ്ണഞ്ചേരി സ്വദേശിയുമായ സി എസ് സുറുമി ശ്രമിച്ചത്. 

ഐസൊലേഷനിൽ ആത്മധൈര്യം കൈവിടാതെ കൊവിഡ് ബാധിതരെ സഹായിക്കാൻ സുറുമി ടിക് ടോക് വീഡിയോകളിലൂടെയും ഫോണ്‍കോളുകളിലൂടെയും നടത്തിയ ശ്രമങ്ങൾ ദുരിതകാലത്തെ കരുതലിന്‍റെ ഉത്തമ മാതൃകയാണ്. 

Also Read: 'പതിയെ ഞങ്ങളില്‍ കൊവിഡിന്‍റെ സൂചനകൾ തലപൊക്കിത്തുടങ്ങി'; ലണ്ടനിലെ മലയാളി നഴ്സ് പറയുന്നു...

ഐസൊലേഷന്‍ മുറിയിലെ പോസിറ്റിവ് പാഠങ്ങള്‍ എന്ന ആമുഖത്തോടെ സുറുമി പങ്കുവച്ച അതിജീവന കഥ ചുവടെ വായിക്കാം...

പാഠം ഒന്ന്- പോസിറ്റീവ് ഈസ് നെഗറ്റീവ്

ഏപ്രിൽ അഞ്ചിനാണ് നഴ്സിങ് സൂപ്രണ്ടിന്‍റെ ആ  കോൾ വന്നത്. കൊവിഡ് പരിശോധനയ്ക്ക് സാമ്പിൾ നൽകി മൂന്നു ദിവസം പിന്നിട്ടതിനാൽ ഫലം അറിയിക്കാൻ ആകുമെന്ന ഉൾവിളിയിൽ പെട്ടന്നുതന്നെ ഫോൺ എടുത്തു. ആത്മവിശ്വാസവും ധൈര്യവും പകരുന്ന വാക്കുകളുടെ ആമുഖത്തിൽ സിസ്റ്റർ പറഞ്ഞ ആ വാക്ക് മാത്രമേ പിന്നീട് കുറെ നേരം മനസ്സിൽ തങ്ങി നിന്നുള്ളൂ- "പോസിറ്റിവ്". ഇത്രയും പോസിറ്റീവ് ആയ ഇത്രയും കാലം നമ്മൾക്കെല്ലാം ഊർജം പകർന്ന ആ വാക്ക് വൈറസ് നിഘണ്ടുവിലെ അർഥത്തിലൂടെ എന്നെ നന്നായി തളർത്തി. ലോകമാകെ പടരുന്ന ഈ വൈറസ് എന്റെ ശരീരത്തെ ബാധിച്ചല്ലോ എന്ന നടുക്കം. ഒപ്പം ഞങ്ങൾ ആരോഗ്യ പ്രവർത്തകർ എല്ലാ മുൻകരുതലുകളും സ്വീകരിച്ചു ശക്തമായി പോരാടുന്ന ഈ ശത്രു എന്റെ പ്രതിരോധങ്ങളെയെല്ലാം കീഴ്‌പ്പെടുത്തിയല്ലോയെന്ന വിഷാദം. കണ്ണുകൾ നിറഞ്ഞു തൂവി. മനസിൽ വലിയ ഭാരമടിഞ്ഞു.  

സിസ്റ്ററുടെ ഫോൺ വയ്ക്കുന്നതിന് മുൻപ് നാട്ടിലുള്ള മോളുമായി ഒന്ന് വീഡിയോകോൾ ചെയ്യാൻ അവസരം ഒരുക്കണമെന്ന ഒരു അഭ്യർത്ഥന മാത്രമേ മുന്നോട്ടു വച്ചിരുന്നുള്ളൂ. പോകുന്ന ആശുപത്രിയിൽ അതിനുള്ള സൗകര്യം ഉള്ളതിനാൽ അതൊന്നും ഓർത്തു ആശങ്കവേണ്ടെന്ന്  സിസ്റ്റർ സമാധാനിപ്പിച്ചു. തലവേദനയും പനിയും അടക്കമുള്ള ലക്ഷണങ്ങളുമായി കഴിഞ്ഞ നാല് ദിവസം ആശുപത്രിയിൽ നിന്ന് മാറി നിന്നതുകൊണ്ട് തന്നെ ഈ ദിവസങ്ങളിലെ വീട്ടു വിശ്രമത്തിൽ ഒരു കാര്യം ഉറപ്പിച്ചിരുന്നു. ഫലം പോസിറ്റിവ് ആയാലും നാട്ടിലുള്ള വീട്ടുകാരോട് അക്കാര്യം പറയില്ല. യാഥാർഥ്യം ഉൾക്കൊണ്ടു സൗദി അറേബ്യയിലുള്ള  ഭർത്താവിനെ വിളിച്ചു. മറ്റാരോടും പറഞ്ഞു അവരെ ആശങ്കയിലാക്കേണ്ടെന്നു ഞങ്ങൾ തീരുമാനിച്ചുറപ്പിച്ചു. പരസ്പരം ആശ്വസിപ്പിച്ചു ഫോൺ വച്ചു. 

പാഠം രണ്ട്- പോസിറ്റീവ് ഈസ് പോസിറ്റീവ്

അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിലെ കൊവിഡ് ഐസൊലേഷൻ റൂമിൽ പ്രവേശിപ്പിച്ചപ്പോൾ അവിടെ ഇന്റർനെറ്റടക്കമുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. പക്ഷെ ഐസൊലേഷൻ റൂമിലെ ഒറ്റപ്പെടലിനെ മറികടക്കാൻ അതൊന്നും എനിക്ക് കൂട്ടായില്ല. ആൾക്കാരോട് നിരന്തരം സംസാരിക്കുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്യുന്നതായിരുന്നു എന്റെ പ്രകൃതം. ഐസൊലേഷൻ മുറിയിലെ നിശബ്ദത എന്റെ ഒറ്റപ്പെടൽ വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടെ പിപിഇ ധരിച്ചു വന്നുപോകുന്ന നഴ്‌സുമാരും ഡോക്ടർമാരും മാത്രമായിരുന്നു അൽപ്പമെങ്കിലും ആശ്വാസം. ഏതാനും ദിവസങ്ങൾ മുൻപ് വരെ കോവിഡ് ഐസൊലേഷനിൽ രോഗികൾക്ക് ആശ്വാസം പകർന്നു ജോലിചെയ്ത ഞാൻ തന്നെ മാനസികമായി ഇങ്ങനെ ദുർബലയായാലോ എന്ന തോന്നൽ  പിന്തുടർന്നെത്തിയത് രണ്ടാം ദിവസം. എന്റെ അവസ്ഥ ഇതാണെങ്കിൽ കൊവിഡിനെപറ്റി അറിയാത്ത സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നായിരുന്നു ഞെട്ടലോടെയുള്ള തിരിച്ചറിവ്. ടിക് ടോക്കിലും സമൂഹമാധ്യമങ്ങളിലുമൊക്കെ സജീവമായി ഇടപെടുന്ന ആളായതിനാൽ അവയിലൂടെ ആൾക്കാർക്ക് ധൈര്യവും അറിവും പകരാൻ ശ്രമിച്ചാലോ എന്ന ആലോചനയിലേക്കെത്തുന്നത് അങ്ങനെയാണ്.

പാഠം മൂന്ന്-  നൽകുന്തോറും ഇരട്ടിയാകും പോസിറ്റീവ് ഊർജം

കൊവിഡ് പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതെന്തൊക്കെ, രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എന്ത് ചെയ്യണം, വൈറസ് സ്ഥിരീകരിച്ചവർ എന്ത് ചെയ്യണം എന്നൊക്കെ വ്യക്തമാക്കുന്ന വീഡിയോകൾ ചെയ്ത് ടിക്ടോക്കിൽ പോസ്റ്റ് ചെയ്യാൻ ആരംഭിച്ചു.കൊവിഡ് ബാധിതയാണെന്ന കാര്യം പറയാതെയായിരുന്നു ആ വീഡിയോകൾ. വീഡിയോകൾക്ക് ടിക് ടോക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും പ്രവാസി സഹോദരങ്ങളിൽ നിന്നടക്കം മികച്ച പ്രതികരണം. കൊവിഡ് ഐസൊലേഷൻ റൂമിലെ എന്റെ മനസിലേക്ക് അങ്ങനെ കാറ്റും വെളിച്ചവും വന്നുതുടങ്ങി. വരാനിരിക്കുന്ന ദിവസങ്ങളിൽ വിരസതയെ കീഴ്പ്പെടുത്താൻ മുന്നിൽ ഒരു വഴി തെളിഞ്ഞുവന്നു. 

നേരത്തെ പല സാമൂഹ്യ പ്രവർത്തനങ്ങളിലും  പങ്കെടുത്തിരുന്നത് കൊണ്ട് യുഎഇയിലെ ചില സാമൂഹ്യ പ്രവർത്തകരുടെ കോൾ എന്നെ തേടിയെത്തുന്നത് ആ ദിവസങ്ങളിലാണ്. ബോധവൽക്കരണത്തിനുള്ള ഈ വിവരങ്ങൾ പങ്കുവച്ച്  എന്തുകൊണ്ട് ആൾക്കാരെ മാനസികമായി പോസിറ്റീവ് ആക്കിക്കൂടെന്നായിരുന്നു കെഎംസിസി അടക്കമുള്ള സംഘടനകളിൽ നിന്നുള്ള അവരുടെ ചോദ്യം. ഐസൊലേഷനിലെ ഏകാന്തതമാറ്റാനും എന്റെ അനുഭവം മറ്റുള്ളവർക്ക് കരുത്തുപകരാൻ ഉപയോഗിക്കാനുമുള്ള സാധ്യതയാണ് ഞാൻ അതിൽ കണ്ടത്. അവരിൽ നിന്ന് നമ്പറുകൾ ശേഖരിച്ചു ഞാൻ ആൾക്കാരെ വിളിച്ചു തുടങ്ങി! 

ആദ്യ ദിവസങ്ങളിലെ വിളികളിൽ ഒന്ന് വലിയ ആശങ്കയിലും പരിഭ്രാന്തിയിലും കഴിയുന്ന ഒരു കുടുംബത്തിലേക്കായിരുന്നു. വീട്ടിൽ ഉപ്പയും  മകളും  പോസിറ്റീവ്. ഉപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈറസ് ബാധിക്കാതിരിക്കാൻ മകൾ ഉമ്മയെ അടുത്തുവരാൻ പോലും സമ്മതിക്കുന്നില്ല. ആകെ പരിഭ്രാന്തമായ സാഹചര്യം. ഞാൻ പതിനാലു വയസുള്ള ആ  കുട്ടിയോടാണ് ആദ്യം സംസാരിച്ചത്. കൊവിഡ് ബാധിതർ അതിനെ അതിജീവിക്കുന്നതിനെപ്പറ്റി പറഞ്ഞാശ്വസിപ്പിച്ചു. പിന്നാലെ ഉമ്മയോടും  വിശദമായി സംസാരിച്ചു. നേഴ്സെന്ന രീതിയിൽ എനിക്ക് അറിയാവുന്ന വിവരങ്ങൾ അവരെ അറിയിച്ചു, ധൈര്യവും മാനസിക പിന്തുണയും നൽകി. അവർ താമസിക്കുന്ന ഫ്‌ളാറ്റിന് അടുത്ത ഫ്‌ളാറ്റുകളിൽ ഉള്ളവരും വലിയ പരിഭ്രാന്തിയിൽ ആയിരുന്നു. അതിൽ പലരെയും വിളിച്ചു സംസാരിച്ചു. ആശങ്ക ഒഴിവാക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും അവരെ ധരിപ്പിച്ചു. സംസാരിക്കുമ്പോഴും കാര്യങ്ങൾ കൂടുതൽ മനസിലാക്കുമ്പോഴും അവർക്ക് ആശ്വാസം ലഭിക്കുന്നുവെന്നാണ് അന്നത്തെ അനുഭവത്തിലൂടെ കൂടുതൽ വ്യക്തമായത്. ഉറ്റവരുടെ ഫലം പോസിറ്റിവ് ആണെന്നും എങ്ങനെ ഈ സാഹചര്യം നേരിടാൻ കഴിയുമെന്നും കുടുംബങ്ങളിലെ സ്ത്രീകളെ ബോധവൽക്കരിക്കാനുള്ള ഫോൺ വിളികൾ ആയിരുന്നു ഇത്രയും നാളുകളിൽ ഞാൻ ചെയ്തവയിൽ ഏറെയും. ചിലർ കണ്ണീരോടെയാണ് സംസാരം തുടങ്ങുക. ഫോൺ വയ്ക്കുമ്പോൾ അൽപ്പമെങ്കിലും ശബ്ദം തെളിയും. ഞാൻ കോവിഡ് പോസിറ്റിവ് ആണെന്ന് പറയാതെ ആൾക്കാർക്ക് പോസിറ്റിവ് ഊർജം നൽകാനുള്ള ആ ശ്രമങ്ങൾ അൽപ്പമെങ്കിലും ഫലം കാണുന്നത് നൽകിയ സന്തോഷം ചെറുതല്ല. 

പാഠം നാല് -  പരീക്ഷണങ്ങളിൽ തളരരുത്

ഏപ്രിൽ 19 ആം തീയതി എന്റെ ആറാമത്തെ സാമ്പിൾ റിസൾട്ട് വന്നു. നെഗറ്റിവ് ആയിരുന്നു. വലിയ സന്തോഷമായി, വൈകാതെ പുറത്തിറങ്ങാമെന്ന പ്രതീക്ഷയിലായി. ഭർത്താവിനെയും സഹപ്രവർത്തകരെയും വിളിച്ചറിയിച്ചു. പക്ഷെ അടുത്ത സാമ്പിൾ വന്നപ്പോൾ വീണ്ടും പോസിറ്റിവ്. മാനസികമായി വീണ്ടും ബുദ്ധിമുട്ടി. അധികം നിരാശയാകാൻ എന്നെത്തന്നെ അനുവദിക്കാതെ വീണ്ടും ടിക് ടോക് വീഡിയോയും ആൾക്കാരോട് സംസാരിക്കലും തുടർന്നു. ഈ നാളുകളിലും  ഞാൻ ഫോണിൽ  ബന്ധപ്പെടുന്നവരോ, ടിക് ടോക്കിൽ എന്നെ കാണുന്നവരോ ഒന്നും അറിഞ്ഞിരുന്നില്ല ഐസൊലേഷൻ റൂമിലാണ് ഞാനെന്ന്. കഴിഞ്ഞ ദിവസമാണ് എന്റെ അവസാന നെഗറ്റിവ് റിസൾട്ട് വന്നത്. അപ്പോഴേക്കും ഐസൊലേഷനിൽ കടന്നു പോയത് 29 ദിവസങ്ങൾ. റിസൾട്ട് വന്ന ദിവസം വൈകുന്നേരം ആശുപത്രി വിട്ട ശേഷം ഞാൻ നാട്ടിലേക്ക് വിളിച്ചു. കോവിഡ് പോസിറ്റിവ് ആയിരുന്നുവെന്നും ഇപ്പോൾ മുക്തയായെന്നും അറിയിച്ചു. ഞെട്ടലോടെ കേട്ട ആ വാർത്ത ദീർഘ നിശ്വാസത്തിലൂടെ ഒരു പേടിസ്വപ്നത്തെയെന്നപോലെ അവർ മറക്കാൻ ശ്രമിച്ചു.  

പാഠം അഞ്ച്- മാനസിക അടുപ്പം വേണം, തെറ്റിധാരണകൾ വേണ്ടേ വേണ്ട!

തിരിച്ചു റൂമിലെത്തി വീണ്ടും ക്വാറന്റൈനിൽ തുടരുകയാണിപ്പോൾ. ആൾക്കാരെ വിളിക്കുന്നതും അവർക്ക് ധൈര്യം നൽകുന്നതും തുടരുന്നു. ഇപ്പോൾ വിളിക്കുന്നവരോട്  ഞാൻ കോവിഡ് പോസിറ്റീവ് ആയിരുന്നുവെന്നും എങ്ങനെ അതിനെ മറികടന്നെന്നും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലൂടെ പറയാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടു കേൾക്കുന്നവർക്കും വലിയ സമാധാനമുണ്ട്. കഴിഞ്ഞ ദിവസം അൽ ഐനിലുള്ള ഒരാളെ വിളിച്ചിരുന്നു. പോസിറ്റീവ് ആയി പിന്നീട് ഭേദപ്പെട്ട്  റൂമിൽ എത്തിയപ്പോൾ സഹമുറിയന്മാരിൽ നിന്നും അകൽച്ച നേരിടുന്നുവെന്നതാണ് അയാളുടെ ദുരനുഭവം. ആളോട് സംസാരിച്ചു സഹമുറിയന്മാരെ കാര്യങ്ങൾ ധരിപ്പിച്ചു. വൈറസിനെപ്പറ്റി ലോകത്തിന് അറിയുന്ന കാര്യങ്ങൾ പോലും മനസിലാക്കാതെ കതകടച്ചിരുട്ടാക്കുകയാണ് നമ്മുടെ ചുറ്റിലുമുള്ള ചിലരെങ്കിലും. കാര്യങ്ങൾ അറിയാൻ ശ്രമിച്ചാൽ അവരുടെ തെറ്റിധാരണ നീങ്ങുമെന്നുറപ്പാണ്. 

പാഠം ആറ് : അതിജീവനഗാഥകൾ ആശങ്കകൾക്ക് മറുമരുന്ന്

കൊവിഡ് പോസിറ്റീവ് ആയി മരിക്കുന്നവരുടെ എണ്ണം കണ്ടു ഞെട്ടുകയാണ് നമ്മളിൽ ഏറെപ്പേരും. വൈറസിനെ അതിജീവിച്ചു തിരിച്ചുവന്നവരുടെ കാര്യം കാണുന്നില്ല. അതിജീവിച്ചവരാണ് കൂടുതലുമെന്നതാണ് യാഥാർഥ്യം. അവരുടെ എണ്ണം അറിഞ്ഞാൽ, അവരെ കണ്ടാൽ ഈ രോഗത്തോടുള്ള ഭീതിമാറും. അതിജീവനവും അവരുടെ അനുഭവങ്ങളും മറ്റുള്ളവർക്ക് കരുത്തുപകരുമെന്നതാണ് എന്റെ അനുഭവം. അത് ആൾക്കാരെ അറിയിക്കാനാണ് വൈറസ് മുക്തയായ ശേഷം വീഡിയോകളിലൂടെയും കോളുകളിലൂടെയും ശ്രമിച്ചത്. 

റിവിഷൻ:

ഈ കാലവും കഴിഞ്ഞു പോകും. നേഴ്‌സുമാർ മാലാഖമാരാണെന്ന് നിപയ്ക്ക്  ശേഷം നമ്മൾ മലയാളികൾ പറഞ്ഞു. കൊവിഡ് കാലത്തും അത് കേൾക്കുന്നതിൽ അഭിമാനമുണ്ട്. കൊവിഡ്  ശേഷവും അത് അങ്ങനെതന്നെയാകണം. സമൂഹം ആരോഗ്യ പ്രവർത്തകരുടെ സംഭാവനകൾ എന്നും ഓർത്തിരിക്കണം. ആരോഗ്യപ്രവർത്തകരുടെ വ്യക്തി ജീവിതത്തിലെ ഒരു തീക്ഷണാനുഭവം സമൂഹവുമായി പങ്കുവയ്ക്കാൻ ഞാൻ കഴിഞ്ഞ ദിവസം ഒരു ടിക് ടോക് വീഡിയോ ചെയ്തു. 

റിസൾട്ട് അറിഞ്ഞ നേരത്തിലെ എന്നെ ഒരിക്കൽ കൂടി വീഡിയോയിൽ പകർത്തിക്കൊണ്ടായിരുന്നു അത്. ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത ആ വീഡിയോയ്ക്ക് ഞാൻ നൽകിയ അടിക്കുറിപ്പ് ഇങ്ങനെയാണ്: "ഭൂമിയിലെ മാലാഖമാരെന്ന് വിളിക്കപ്പെടുന്ന ഞങ്ങൾ കരയുന്ന നിമിഷമാണിത്. കണ്ണീർ അടക്കിപ്പിടിച്ചാലും ചിലപ്പോൾ കരച്ചിൽ വരുന്ന നേരം. ഇത് എന്റെ മാത്രം അനുഭവമല്ല. അസംഖ്യം ആരോഗ്യപ്രവർത്തകർ കടന്നു പോകുന്ന നേരം !"

Also Read: 'സഹപ്രവർത്തക ചോദിച്ചിട്ട് പോലും വെള്ളം കൊടുക്കാനായില്ല, നിസഹായത തോന്നി'; മലയാളി നഴ്സ് പറയുന്നു...