Latest Videos

ജീവിതത്തിലേക്ക് പിച്ചവെച്ചത് 7272 കുരുന്നുകൾ; ഹൃദയം കീഴടക്കി 'ഹൃദ്യം' പദ്ധതി  

By Web TeamFirst Published Apr 12, 2024, 2:21 PM IST
Highlights

വീടുകളിലെത്തിയും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ് നടത്തി ഹൃദ്രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ എക്കോ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധന നടത്തും.

തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയെന്ന് ആരോഗ്യ വകുപ്പ്. കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ചികിത്സയ്ക്കായി ആകെ 21,060 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 13,352 പേര്‍ ഒരു വയസിന് താഴെയുള്ളവരാണ്. ആകെ രജിസ്റ്റര്‍ ചെയ്തവരില്‍ ശസ്ത്രക്രിയ ആവശ്യമായ 7,272 കുട്ടികള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 4526 കുഞ്ഞുങ്ങള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയതെന്നും പ്രസ്താവനയിൽ പറഞ്ഞു.

കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സംവിധാനം ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ കൂടുതല്‍ ആശുപത്രികളില്‍ ഹൃദ്യം പദ്ധതി വ്യാപിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ചികിത്സ തേടിയ കുഞ്ഞുങ്ങള്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കാനും തുടര്‍ നടപടികള്‍ ഏകീകരിക്കുന്നതിനുമായി ഹൃദ്യം വെബ് സൈറ്റ് വിപുലീകരിച്ചു. അടിയന്തര സ്വഭാവമുള്ള കേസുകളില്‍ 24 മണിക്കൂറിനകം വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നു. ഇതിനായി വെന്റിലേറ്റര്‍/ ഐ.സി.യു. ആംബുലന്‍സ് സേവനവും നല്‍കി. വീടുകളിലെത്തിയും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ് നടത്തി ഹൃദ്രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ എക്കോ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധന നടത്തും. ഗര്‍ഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാല്‍ പ്രസവം മുതലുള്ള തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്യും. 

9 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി ഉള്‍പ്പെടെ കൂടുതല്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനമൊരുക്കുകയാണ്. 

click me!