മൂത്രം പിടിച്ചുവെച്ചാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ
തിരക്കുകൾക്കിടയിൽ മൂത്രമൊഴിക്കാൻ തോന്നിയാലും പലപ്പോഴും നമ്മളത് അടക്കിപ്പിടിക്കാറുണ്ട്. നല്ലൊരു ടോയ്‌ലറ്റ് കിട്ടിയിട്ട് പോകാമെന്നൊക്കെയാവും ചിന്ത. എന്നാൽ നിസ്സാരമെന്ന് കരുതുന്ന ഈ ശീലം നിങ്ങളുടെ വൃക്കകൾ തകരാറിലാവാൻ കാരണമാകാറുണ്ട്.

വൃക്കകൾ സമ്മർദ്ദത്തിലാകും
മൂത്രമൊഴിക്കാതെ പിടിച്ച് വെക്കുമ്പോൾ വൃക്കകൾക്ക് സമ്മർദ്ദം ഉണ്ടാവുന്നു. ശരീരത്തിൽ നിന്ന് പുറത്തുപോകേണ്ട വിഷാംശങ്ങളും ബാക്ടീരിയകളും വൃക്കകളിൽ തന്നെ തങ്ങി നിൽക്കുകയും അതിലെ കോശങ്ങളെ ഒരു സ്ലോ പോയിസൺ പോലെ നശിപ്പിക്കാനും തുടങ്ങും.
യൂറിനറി ഇൻഫെക്ഷൻ
മൂത്രം പിടിച്ചുവെക്കുന്നത് ബാക്ടീരിയകൾ പെരുകാൻ കാരണമാകുന്നു. ഈ ബാക്ടീരിയകൾ മൂത്രനാളിയിൽ പെരുകി യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ (UTI) ഉണ്ടാകാൻ കാരണമാകും. മൂത്രമൊഴിക്കുമ്പോൾ കടുത്ത നീറ്റൽ, അടിവയറ്റിൽ വേദന, ദുർഗന്ധം എന്നിവയെല്ലാമാണ് യൂറിനറി ഇൻഫെക്ഷന്റെ പ്രധാന ലക്ഷണങ്ങൾ. ഇത് സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വരാറുണ്ട്.
വൃക്കയിലെ കല്ല്
വെള്ളം കുടിക്കുന്നത് കുറയുകയും വരുന്ന മൂത്രം പുറത്തു കളയാതിരിക്കുകയും ചെയ്യുമ്പോൾ അത് കട്ടിയാകാൻ തുടങ്ങും. യൂറിക് ആസിഡും കാൽസ്യവും അടിഞ്ഞുകൂടി ഇത് വൃക്കയിൽ കല്ലായി മാറും. കല്ലുകൾ ഉണ്ടായാൽ അസഹനീയമായ വേദന ഉണ്ടാവുകവുകയും ചെയ്യും. അതിനാൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
പേശികളുടെ ബലക്കുറവും മറ്റ് അപകടങ്ങളും
സ്ഥിരമായി മൂത്രം പിടിച്ചുവെക്കുന്നത് നിങ്ങളുടെ മൂത്രസഞ്ചിയുടെ പേശികളെ ദുർബലമാക്കും. പിന്നീട് നിങ്ങൾ അറിയാതെ തന്നെ മൂത്രം ലീക്ക് ആവുന്ന അവസ്ഥയുണ്ടാകാം. പ്രമേഹമുള്ളവർ, പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങളുള്ള പുരുഷന്മാർ, വൃക്ക രോഗങ്ങൾ ഉള്ളവരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

