
ഗൗരവതരമായ രോഗങ്ങള്‍ മൂലം പ്രയാസപ്പെടുന്ന ഘട്ടങ്ങളില്‍ ജീവിതപങ്കാളിയുടെ പിന്തുണയും കരുതലും ഓരോ വ്യക്തിക്കും പ്രധാനമാണ്. ഈ പിന്തുണ രോഗത്തെ അതിജീവിക്കുന്നതിനും ജീവിതത്തിലേക്ക് തിരികെ മടങ്ങിയെത്തുന്നതിനും ഓരോ രോഗിക്കും ഊര്‍ജമാണ്. സമാനമായ അനുഭവം പങ്കുവയ്ക്കുകയാണ് എഎ റഹീം എംപിയുടെ ഭാര്യ അമൃത റഹീം.
വിവാഹ വാര്‍ഷികത്തില്‍ ഫേസ്ബുക്കിലൂടെയാണ് അമൃത, തന്‍റെ രോഗകാലത്ത് ഭര്‍ത്താവ് റഹീം നല്‍കിയ പിന്തുണയെ കുറിച്ച് എഴുതിയത്. റഹീമിനൊപ്പം തന്നെ തിരുവനന്തപുരം മെഡി. കോളേജിലെ ഡോക്ടര്‍മാര്‍ അടക്കം നിരവധി പേര്‍ക്കാണ് അമൃത നന്ദിയറിയിക്കുന്നത്.
മെനിഞ്ചൈറ്റിസ് എന്ന രോഗമാണ് അമൃതയെ ബാധിച്ചതെന്നാണ് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. തലച്ചോറിലുണ്ടാകുന്ന അണുബാധയെ തുടര്‍ന്നാണ് മെനിഞ്ചൈറ്റിസ് പിടിപെടുന്നത്. ചിലരില്‍ ഇത് നേരിയ രീതിയില്‍ കടന്നുപോകാമെങ്കിലും മറ്റ് ചിലരില്‍ ഇത് മരണത്തിന് വരെ കാരണമായി വരാറുണ്ട്. രോഗബാധിതരായവര്‍ക്ക് തന്നെ തലച്ചോറുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും നേരിടാം. ഇക്കാരണങ്ങള്‍ കൊണ്ട് ഗുരുതരമായ രോഗാവസ്ഥയായാണ് മെനിഞ്ചൈറ്റിസ് കണക്കാക്കപ്പെടുന്നത്.
അമൃതയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...
മരണത്തിൽ നിന്നും ജീവിതത്തിലേക്ക് ചേർത്ത് പിടിച്ചിരിക്കുകയാണ് ഈ മനുഷ്യൻ ...
ഒമ്പതാം വിവാഹ വാർഷിക ദിനത്തിലും ഞങ്ങൾക്ക് ഇങ്ങനെ ചേർന്ന് നില്ക്കാൻ ഒരിക്കൽ കൂടി അവസരം തന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എന്റെ ഡോക്ടർസ്, നഴ്സിംഗ് സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ് ചേച്ചിമാർ, ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ, പാർട്ടി നേതൃത്വം, 15 ദിവസവും ICU വിനു മുന്നിൽ കാവൽ ഇരുന്ന ഇപ്പോഴും കൂടെ ഉള്ള കൂടപ്പിറപ്പുകൾ, സഖാക്കൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, അക്ഷരങ്ങൾ മറന്നു പോയ ലോകത്തേയ്ക്ക് ഉണർന്ന എനിക്ക് ഈ ഒരു മാസമായി ആശ്വാസം തന്ന ഇന്ദു ഗോപൻ ചേട്ടനും ചേട്ടന്‍റെ പുസ്തകങ്ങൾക്കും... അങ്ങനെ മനസുകൊണ്ട് ആശ്വാസമായി ഒപ്പം നിന്ന മുഴുവൻ മനുഷ്യരോടും ജീവിതം കൊണ്ട് സ്നേഹപ്പെട്ടിരിക്കുന്നു... യാത്ര തുടരുന്നു ...
Also Read:- 'കൊവിഡ് തലച്ചോറിനെ ബാധിക്കുന്നത് രോഗി അറിയാതെ പോകാം'
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam