Asianet News MalayalamAsianet News Malayalam

Covid 19 : 'കൊവിഡ് തലച്ചോറിനെ ബാധിക്കുന്നത് രോഗി അറിയാതെ പോകാം'

അടിസ്ഥാനപരമായി കൊവിഡ് ഒരു ശ്വാസകോശരോഗമാണെങ്കില്‍ കൂടിയും വിവിധ അവയവങ്ങളെ വിവിധ രീതിയില്‍ ഇത് ബാധിക്കുന്നതായി പിന്നീട് നാം മനസിലാക്കി. ഇക്കൂട്ടത്തില്‍ തലച്ചോറിനെയും കൊവിഡ് ബാധിക്കുന്നതായി പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. 

how can we identify that covid has affected brain functioning
Author
First Published Oct 4, 2022, 11:07 AM IST

കൊവിഡ് 19 രോഗവുമായുള്ള നമ്മുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. വാക്സിൻ വലിയൊരു പരിധി വരെ തീവ്രമായ കൊവിഡില്‍ നിന്ന് നമുക്ക് ആശ്വാസം നല്‍കിയെങ്കിലും കൊവിഡ് ഉയര്‍ത്തുന്ന ദീര്‍ഘകാലത്തേക്കുള്ള ഭീഷണികള്‍ ഇല്ലാതാകുന്നില്ല. കൊവിഡ് വന്ന് ഭേദമായ ശേഷവും ഏറെക്കാലത്തേക്ക് നീണ്ടുനില്‍ക്കുന്ന വിവിധ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നൊരു വിഭാഗമുണ്ട്. ലോംഗ് കൊവിഡ് എന്നാണീ അവസ്ഥയെ വിളിക്കുന്നത്.

അടിസ്ഥാനപരമായി കൊവിഡ് ഒരു ശ്വാസകോശരോഗമാണെങ്കില്‍ കൂടിയും വിവിധ അവയവങ്ങളെ വിവിധ രീതിയില്‍ ഇത് ബാധിക്കുന്നതായി പിന്നീട് നാം മനസിലാക്കി. ഇക്കൂട്ടത്തില്‍ തലച്ചോറിനെയും കൊവിഡ് ബാധിക്കുന്നതായി പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. 

'ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി'യില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനപ്രകാരം തുടര്‍ച്ചയായ ആശയക്കുഴപ്പങ്ങള്‍, ചിന്തകളില്‍ വ്യക്തതയില്ലായ്മ, ബോധം നഷ്ടപ്പെടുന്ന അവസ്ഥ, ചുഴലി, പക്ഷാതം, ഗന്ധമോ രുചിയോ നഷ്ടപ്പെടുന്ന അവസ്ഥ, തലവേദന, കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ, പെരുമാറ്റത്തില്‍ വ്യത്യാസം എന്നിങ്ങനെ ഒരുപിടി പ്രശ്നങ്ങള്‍ കൊവിഡ് തലച്ചോറിനെ ബാധിക്കുന്നതിന്‍റെ ഭാഗമായി പിടിപെടാം. 

ഇതെങ്ങനെ മനസിലാക്കാം?

കൊവിഡ് തലച്ചോറിനെ ബാധിക്കുന്നതായി പലപ്പോഴും രോഗികള്‍ മനസിലാക്കണമെന്നില്ലെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇതറിയാതെ തന്നെ ഇതിന്‍റെ പല പരിണിതഫലങ്ങളുമായും രോഗികള്‍ മുന്നോട്ട് പോകാം. ഇത് രോഗിയെയും അതുപോലെ ചുറ്റുമുള്ളവരെയും ബാധിക്കാം. രോഗിയുടെ തൊഴില്‍, സാമൂഹികജീവിതം, സാമ്പത്തികാവസ്ഥ എന്നിവയെ എല്ലാം ബാധിക്കാം. അതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ തിരിച്ചറിയേണ്ടത് പ്രധാനമാണ്. 

കൊവിഡ് വന്ന് ഭേദമായി, മാസങ്ങള്‍ക്ക് ശേഷവും ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ കാണാവുന്നതാണ്. ഉറക്കമില്ലായ്മ, നിരന്തരം അസ്വസ്ഥത, മൂഡ് ഡിസോര്‍ഡര്‍, നിരാശ/വിഷാദം, ഉത്കണ്ഠ, ഓര്‍മ്മക്കുറവ്, പെടുന്നനെയുള്ള ദേഷ്യം തുടങ്ങി ആത്മഹത്യാ പ്രവണത വരെയുള്ള പ്രശ്നങ്ങള്‍ രോഗി നേരിടുന്നു. 

കൊവിഡിന് ശേഷം ഇങ്ങനെയുള്ള മാറ്റങ്ങള്‍ വന്നിട്ടുണ്ടോയെന്ന് വ്യക്തികള്‍ക്ക് സ്വയം പരിശോധിക്കാവുന്നതാണ്. അതല്ലെങ്കില്‍ കൂടെയുള്ളവര്‍ക്ക് ഇത്തരം മാറ്റങ്ങള്‍ രോഗിയെ ബോധ്യപ്പെടുത്താവുന്നതാണ്. ഒപ്പം തന്നെ അവര്‍ക്ക് ചികിത്സയും ലഭ്യമാക്കുക. 

ചികിത്സ...

തീര്‍ച്ചയായും ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ക്ക് അനുയോജ്യമായ ചികിത്സ ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കുന്നതാണ്. ഇതിന് പുറമെ ജീവിതരീതികളില്‍ ചില മാറ്റങ്ങള്‍ കൂടി രോഗിയില്‍ കൊണ്ടുവരേണ്ടതുണ്ട്. ഇത് നിര്‍ബന്ധമാണ്. എയറോബിക് എക്സര്‍സൈസ് കൊവിഡ് തലച്ചോറിനെ ബാധിക്കുന്നതിന്‍റെ ഭാഗമായുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്‍കാം. പൊതുവെ വ്യായാമം വലിയ രീതിയില്‍ രോഗിയെ സഹായിക്കുമെന്ന് തന്നെയാണ് വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്നത്. 

ഒപ്പം തന്നെ നല്ല ഉറക്കം ദിവസവും ഉറപ്പുവരുത്തുക. ഇതിന് പുറമെ സാമൂഹികകാര്യങ്ങളില്‍ പങ്കെടുക്കുക, സംഗീതം പോലെ മനസിന് ആശ്വാസവും സന്തോഷവും പകരുന്ന കാര്യങ്ങളില്‍ സജീവായിരിക്കുക, വായന, സൗഹൃദം എന്നിങ്ങനെ തലച്ചോറിനെ പോസിറ്റീവ് ആയി സ്വാധീനിക്കുന്ന കാര്യങ്ങളിലെല്ലാം പങ്കാളിയാകാം. ഇത് നല്ല രീതിയില്‍ തന്നെ മാറ്റങ്ങള്‍ കൊണ്ടുവരാം. 

Also Read:- കൊവിഡിന് ശേഷം നെഞ്ചുവേദന അനുഭവപ്പെടാറുണ്ടോ?

Follow Us:
Download App:
  • android
  • ios