കീറ്റോ ഡയറ്റ് ജീവനെടുക്കുമോ? നടിയുടെ മരണം പറയുന്നത്...

By Web TeamFirst Published Oct 4, 2020, 10:24 AM IST
Highlights

താരം കീറ്റോ ഡയറ്റ് പിന്തുടരുകയായിരുന്നുവെന്നും അത് മൂലം ആണ് വൃക്കയ്ക്ക് തകരാര്‍ സംഭവിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. 

വൃക്ക തകരാറിനെ തുടര്‍ന്ന് ബംഗാളി നടി മിഷ്‍തി മുഖര്‍ജി അന്തരിച്ചു. ഹിന്ദി, ബംഗാളി സിനിമകളിലൂടെ ശ്രദ്ധ നേടിയ താരം ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് മിഷ്‍തി മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച നടിയുടെ ബന്ധുക്കള്‍ പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് മരണം സ്ഥിരീകരിച്ചത്. 

താരം കീറ്റോ ഡയറ്റ് പിന്തുടരുകയായിരുന്നുവെന്നും അത് മൂലം ആണ് വൃക്കയ്ക്ക് തകരാര്‍ സംഭവിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. കൊഴുപ്പ് കൂടിയതും അന്നജം കുറഞ്ഞതുമായ ഡയറ്റ് ആണ്‌ കീറ്റോ ഡയറ്റ്. 

ഭക്ഷണം കഴിച്ച് കൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കുന്ന രീതിയാണിത്. മിതമായ അളവിൽ പ്രോട്ടീനുകളും വളരെ കുറച്ച് കാർബോഹൈഡ്രേറ്റും കൊഴുപ്പ് കൂടിയ ഭക്ഷണത്തോടൊപ്പം കഴിക്കുകയാണ് ഈ ഡയറ്റിൽ ചെയ്യുന്നത്.  പാല്‍, ചീസ്, ചിക്കന്‍, മീന്‍, തുടങ്ങിയ സമ്പുഷ്ടമായ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുക. 

കീറ്റോ ഡയറ്റിന്റെ ദോഷവശങ്ങൾ...

ഒന്ന്...

കീറ്റോ ഡയറ്റ് പിന്തുടർന്നാൽ ശരീരത്തില്‍ 'ഇലക്ട്രോലൈറ്റുകളുടെ' അളവില്‍ ഗണ്യമായ കുറവ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതായത് അമിതമായ രീതിയില്‍ മൂത്രം പുറത്തുപോകുന്നതിനാല്‍ ശരീരത്തില്‍ സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം പോലുള്ള ഇലക്ട്രോലൈറ്റുകള്‍ കുറയുന്നു. ഇത് പിന്നീട് വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
 
രണ്ട്...

ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയാണ് കീറ്റോ ഡയറ്റിലൂടെ പ്രധാനമായും ശരീരത്തിലെത്തുക. അതിന് പ്രാധാന്യം കൊടുക്കുന്നതോടെ ഫൈബര്‍, വിറ്റാമിനുകള്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ അളവില്‍ നല്ലതോതിലുള്ള കുറവ് വരുന്നു. 

മൂന്ന്...

ദഹനസംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന തടസ്സമാണ് കീറ്റോ ഡയറ്റിന്റെ മറ്റൊരു ദോഷഫലം. ആദ്യം സൂചിപ്പിച്ചത് പോലെ ഫൈബറിന്റെ അളവ് കുറവായതിനാല്‍ തന്നെ ദഹനപ്രവര്‍ത്തനങ്ങളും മന്ദഗതിയിലാകുന്നു. മലബന്ധം, വയറിളക്കം,തുടങ്ങിയ അവസ്ഥകളാണ് ഇതുമൂലം ഉണ്ടാവാം. ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിലൂടെ ഈ പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ്. 

നാല്...

കീറ്റോ ഡയറ്റ് താരതമ്യേന സമ്പുഷ്ടമായ ഡയറ്റാണെങ്കിലും അത് തുടര്‍ന്ന് കൊണ്ടുപോകാന്‍ ചിലരില്‍ മടുപ്പ് കണ്ടേക്കും. മറ്റ് ഭക്ഷണങ്ങള്‍ കഴിക്കാനുള്ള പ്രേരണയും ഉണ്ടായേക്കാം. മറ്റ് ഭക്ഷണങ്ങള്‍ കൂടി കഴിക്കുന്നതോടെ ഡയറ്റിന് അതിന്റെ സ്വഭാവം നഷ്ടപ്പെടുന്നു. 

അഞ്ച്...

അന്നജം വളരെ കുറവും കൊഴുപ്പ് കൂടിയതുമായ കീറ്റോ ഡയറ്റ്, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം ആരോഗ്യകരവുമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ ഈ ഭക്ഷണരീതി ഇൻസുലിൻ പ്രതിരോധം കൂട്ടാനും അതു വഴി ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കാനും ഇടയാക്കുമെന്ന് ജേണൽ ഓഫ് ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനഫലം തെളിയിക്കുന്നു. കീറ്റോ ഡയറ്റ് പിന്തുടരുന്നവർ കാർബോ ഹൈഡ്രേറ്റിന്റെ അളവ് 15 മുതൽ 20 ശതമാനം വരെ മാത്രം ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.  

Also Read: കീറ്റോ ഡയറ്റ് പിന്തുടര്‍ന്ന നടി വൃക്ക തകരാറിനെത്തുടര്‍ന്ന് മരിച്ചു...

'കീറ്റോ ഡയറ്റ്' ഏറ്റവും മോശം ഡയറ്റെന്ന് വിദഗ്ധരുടെ പാനല്‍...

click me!