രാത്രികാല ഉദ്ധാരണങ്ങൾ ട്രാക്ക് ചെയ്യുന്ന യന്ത്രം; തിരിച്ചറിയാനാവുക മറ്റു പല ആരോഗ്യപ്രശ്നങ്ങളും

By Web TeamFirst Published Oct 20, 2021, 1:21 PM IST
Highlights

NHS ന്റെ ഗവേഷണഫലങ്ങൾ അനുസരിച്ച് പൂർണ്ണാരോഗ്യവാനായ ഒരു പുരുഷന് രാത്രി ഉറക്കത്തിനിടയ്ക്ക് മൂന്നിനും അഞ്ചിനുമിടയ്ക്ക് ഉദ്ധാരണങ്ങൾ ഉണ്ടാവും

'ആദം സെൻസർ' (Adam Sensor) ഒരു പുതിയ കണ്ടുപിടുത്തതിന്റെ പേരാണ്. പേര് സൂചിപ്പിക്കും പോലെ വിഷയം ലൈംഗികത(sexuality) തന്നെയാണ്. പുരുഷലിംഗത്തിനുമേൽ(penis) ഘടിപ്പിക്കാവുന്ന റിങ് പോലുള്ള ഒരു സെൻസർ ആണിത്. ആദം ഹെൽത്ത് എന്ന കമ്പനി പുറത്തിറക്കിയിരിക്കുന്ന ഈ സെൻസർ ധരിച്ച് കിടന്നുറങ്ങിയാൽ, ഇതിലെ സെൻസർ രാത്രികാലത്ത്, നിങ്ങൾക്ക് ഉറക്കത്തിനിടെ എത്ര തവണ ഉദ്ധാരണമുണ്ടായി എന്ന് കണ്ടെത്തും. ഇതിലെ ഇൻബിൽറ്റ് മെമ്മറിയിൽ അതുസംബന്ധിച്ച വിവരങ്ങൾ രേഖപെടുത്തപ്പെടുകയും ചെയ്യും. സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനാവുന്ന ഒരു ആപ്പ് വഴി അതിന്റെ സ്റ്റാറ്റസ് ഉപയോഗിക്കുന്നയാൾക്ക് മോണിറ്റർ ചെയ്യുകയുമാവാം.

 

 

യുകെയിലെ NHS ന്റെ ഗവേഷണഫലങ്ങൾ അനുസരിച്ച് പൂർണ്ണാരോഗ്യവാനായ ഒരു പുരുഷന് രാത്രി ഉറക്കത്തിനിടയ്ക്ക് മൂന്നിനും അഞ്ചിനുമിടയ്ക്ക് ഉദ്ധാരണങ്ങൾ ഉണ്ടാവും. ഇങ്ങനെ ഉദ്ധാരണം സംഭവിക്കുന്നതിനു പിന്നിലെ ശാസ്ത്രീയമായ കാരണങ്ങളെക്കുറിച്ച് കൃത്യമായ പഠനങ്ങൾ ഇപ്പോഴും നടക്കുന്നേയുള്ളൂ എങ്കിലും, ഒരു കാര്യം ഡോക്ടർമാർ ഉറപ്പിച്ചു പറയുന്നു; രാത്രിയിൽ ഇങ്ങനെ 3-5 ഉദ്ധാരണങ്ങൾ നടക്കുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് വിശേഷിച്ച് ഉദ്ധാരണ ശേഷിക്കുറവൊന്നും ഇല്ല എന്നർത്ഥം. 

 

 

പങ്കാളിയുമൊത്തുള്ള രതിബന്ധങ്ങളിൽ ഉദ്ധാരണം നേടാൻ ഒരാൾക്ക് പ്രയാസം നേരിടുന്നു അതിനെ ഡോക്ടർമാർ രണ്ടു തരത്തിലാണ് കാണുക. ഒന്ന്, വൈകാരികമായ, മാനസികമായ പ്രതിബന്ധങ്ങൾ കാരണമുണ്ടാവുന്ന ഉദ്ധാരണക്കുറവ്. രണ്ട്, ശാരീരികമായ, അതായത് ബയോളജിക്കൽ ആയ പ്രശ്നങ്ങൾ കരണമുണ്ടാവുന്ന ഉദ്ധാരണക്കുറവ്. ഇതിലെ ഏതാണ് പ്രശ്നം എന്ന് തിരിച്ചറിയാനാണ് ആദം ഹെൽത്ത് ഇപ്പോൾ ഇങ്ങനെ ഒരു സാങ്കേതിക  വിദ്യ വികസിപ്പിച്ചെടുത്തിട്ടുള്ളത്. കിടപ്പറയിൽ പങ്കാളിക്ക് മുന്നിൽ ഉദ്ധാരണ പ്രശ്നങ്ങൾ നേരിടുന്ന ഒരു പുരുഷന്, രാത്രിയിൽ ഉറക്കത്തിനിടെ 3-5 ഉദ്ധാരണങ്ങൾ വന്നുപോവുന്നുണ്ടെങ്കിൽ, അയാൾക്ക് ശാരീരികമായ പ്രശ്നങ്ങൾ ഒന്നുമില്ല എന്നുറപ്പിക്കാൻ സാധിക്കും. അയാളുടെ പ്രശ്നങ്ങൾ കേവലം മാനസികം മാത്രമാണ്. അതിനുള്ള പ്രത്യേകം ഡിസൈൻ ചെയ്ത പരിഹാരങ്ങൾ കണ്ടെത്തണം. എന്നാൽ, ആദം സെൻസർ രാത്രികാലത്ത് ധരിച്ച് കിടന്നുറങ്ങിയിട്ടും അതിൽ ആക്ടിവിറ്റി, അതായത് ഉദ്ധാരണം ഡിറ്റക്റ്റ് ചെയ്യപ്പെടുന്നില്ല എങ്കിൽ, പ്രശ്നം വൈകാരികമല്ല, ശാരീരികമാണ്. ആ ദിശയിലുള്ള ചികിത്സയെപ്പറ്റി ആലോചിക്കണം. 

 

 

രാത്രികാല ഉദ്ധാരണങ്ങൾ പ്രായം ചെല്ലുന്തോറും കുറഞ്ഞു വരാം. എന്നാൽ, അതേ സമയം, പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അത് വല്ലാതെ കുറഞ്ഞു വരുന്നെങ്കിൽ, അതിനു കാരണം പ്രമേഹം മൂലമുള്ള ഞരമ്പുനാശം, അല്ലെങ്കിൽ കാർഡിയോ വാസ്കുലാർ പ്രശ്നങ്ങൾ തുടങ്ങിയ കുറേക്കൂടി ഗൗരവമുള്ള പ്രശ്നങ്ങളും ആവാം. ചുരുക്കത്തിൽ, ഈ സെൻസർ വാങ്ങി ഒന്ന് പരിശോധിക്കുന്നത്, ഭാവിയിലെ സീരിയസ് ആയ പ്രശ്നങ്ങൾ കൂടി നേരത്തെ കണ്ടെത്താൻ സഹായിക്കും എന്നർത്ഥം. ദിവസവും രാവിലെ നടക്കാൻ പോവുമ്പോൾ എത്ര സ്റ്റെപ്പ് നടന്നു, എത്ര കലോറി എരിച്ചു കളഞ്ഞു എന്ന് പരിശോധിക്കുന്ന, ആഴ്ചയ്ക്കാഴ്ച്ചക്ക് ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ ഒക്കെ പരിശോധിച്ച് ഉറപ്പുവരുത്തുന്ന നമ്മുടെ സമൂഹത്തിലെ ആരോഗ്യകുതുകികൾ തന്റെ യന്ത്രം വിലകൊടുത്തുവാങ്ങി ഇടയ്ക്കിടെ തങ്ങളുടെ രാത്രികാല ഉദ്ധാരണങ്ങൾ കൂടി പരിശോധിക്കും എന്ന പ്രതീക്ഷയിലാണ് ആദം സെൻസർ ഉടമ ക്രിസ്റ്റോസ് വാസിലാക്കോസിന്റെ പ്രതീക്ഷ.

click me!