അസ്ഥിക്ഷയം സംഭവിക്കുന്നതെങ്ങനെ?; ഡോക്ടര്‍ പറയുന്നു...

By Web TeamFirst Published Oct 20, 2021, 12:03 AM IST
Highlights

എല്ലുകള്‍ ദുര്‍ബലമാകുന്നതോടെ പൊട്ടാനുള്ള സാധ്യതയും വര്‍ധിക്കും. വീഴ്ചകളും മറ്റുമാണ് കാരണം അസ്ഥികള്‍ പൊട്ടുന്നതിനു പുറമെ, തുമ്മിയാല്‍ പോലും എല്ലുകള്‍ നുറുങ്ങുന്ന രോഗാവസ്ഥകളെക്കുറിച്ച് കേട്ടിട്ടില്ലേ?

ഇന്ന് ഒക്ടോബര്‍ 20, ലോക അസ്ഥിക്ഷയ ദിനമാണ്. ശരീരത്തിലെ അസ്ഥികള്‍ക്ക് ബലക്ഷയം സംഭവിക്കുകയും പിന്നീട് പൊട്ടിപ്പോകുകയും ചെയ്യുന്ന ഓസ്റ്റിയോപോറോസിസ് (osteoporossi ) അഥവാ അസ്ഥിക്ഷയം എന്ന രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ഏറെയുണ്ട്. അതിശക്തമായ വേദനകള്‍ ( Severe Pain ) കൊണ്ട് ജീവിതം തന്നെ പ്രയാസകരമായി മാറുന്നവര്‍, പലപ്പോഴും പൂര്‍ണ്ണമായി കിടപ്പിലായിപ്പോകുന്നവര്‍, അംഗവൈകല്യം സംഭവിക്കുന്നവര്‍ അങ്ങനെ ഓസ്റ്റിയോപോറോസിസിന്റെ ഇരകള്‍ നിരവധിയാണ്.

ലോകത്ത് ഓസ്റ്റിയോപോറോസിസ് രോഗം ബാധിച്ചവരുടെ എണ്ണം വളരെയേറെയാണ്. 50 വയസ്സു കഴിഞ്ഞവരില്‍ പുരുഷന്‍മാരില്‍ നാലില്‍ ഒരാള്‍ക്ക് ഈ രോഗമുണ്ടെന്നാണ് കണക്ക്. സ്ത്രീകളില്‍ ഇത് രണ്ടില്‍ ഒരാള്‍ക്ക് എന്ന അവസ്ഥയിലാണ്. ഇടുപ്പെല്ലുകളിലോ നട്ടെല്ലിലോ ക്ഷതമേല്‍ക്കുന്നതോടെ ജീവിതം തന്നെ ആകെ തകിടം മറിയും. പൂര്‍ണ്ണമായും കിടപ്പിലാകുകയും രോഗത്തിന്റെയോ അതുമായി ബന്ധപ്പെട്ടു ചെയ്യുന്ന ചികിത്സകളുടെയോ സങ്കീര്‍ണ്ണതകളുടെ ഫലമായി മരണം വരിക്കുന്ന രോഗികളുടെ എണ്ണം 20 ശതമാനമാണെന്ന് കണക്കുകള്‍ പറയുന്നു. 

ഓസ്റ്റിയോപോറോസിസ് ഒരു നിശബ്ദ വില്ലനാണ്, കാരണം എല്ലുകള്‍ ദുര്‍ബലമാകുന്നതിന്റെ ലക്ഷണങ്ങളൊന്നും പലപ്പോഴും ശരീരം കാണിച്ചെന്നു വരില്ല. എന്തെങ്കിലും ചെറിയ കാരണങ്ങള്‍ കൊണ്ട് എല്ലുകള്‍ പൊട്ടുമ്പോള്‍ മാത്രമാണ് അസ്ഥിക്ഷയം തിരിച്ചറിയപ്പെടുന്നത് തന്നെ. നട്ടെല്ല് കുനിഞ്ഞു മുന്നോട്ടു വരുന്ന വിധത്തില്‍ വളവ് സംഭവിക്കുകയും ഉയരം വയ്ക്കുന്നതിന് തടസ്സം സംഭവിക്കുകയും ചെയ്താല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

എല്ലുകള്‍ ദുര്‍ബലമാകുന്നതോടെ പൊട്ടാനുള്ള സാധ്യതയും വര്‍ധിക്കും. വീഴ്ചകളും മറ്റുമാണ് കാരണം അസ്ഥികള്‍ പൊട്ടുന്നതിനു പുറമെ, തുമ്മിയാല്‍ പോലും എല്ലുകള്‍ നുറുങ്ങുന്ന രോഗാവസ്ഥകളെക്കുറിച്ച് കേട്ടിട്ടില്ലേ? ഓസ്റ്റിയോപോറോസിസ് എന്നാല്‍ തുള വീണ എല്ലുകള്‍ പോലെയാണ്. ആരോഗ്യമുള്ള ഒരാളുടെ എല്ലിന്റെ ഘടന മൈക്രോസ്‌കോപ്പിലൂടെ നോക്കുമ്പോള്‍ ഒരു തേനീച്ചക്കൂടു പോലെയാണ്. തുളകള്‍ക്കിടയിലെ വിടവുകളും മറ്റും വലുതാവുന്നതിനനുസരിച്ച് എല്ലുകള്‍ ദുര്‍ബലമാണെന്ന് മനസ്സിലാക്കാം. 

സാന്ദ്രതയും ബലവും നഷ്ടപ്പെട്ട എല്ലുകളില്‍ അസാധാരണമായ കോശഘടനയും കാണപ്പെടുന്നു. ദുര്‍ബലമാകുന്നതിനനുസരിച്ച് പൊട്ടാനുള്ള സാധ്യതയും കൂടുന്നു. നിങ്ങള്‍ക്ക് 50 വയസ്സ് കഴിഞ്ഞുവെങ്കില്‍, ഒരു വീഴ്ചയിലോ മറ്റോ നിങ്ങളുടെ എല്ല് പൊട്ടിയിട്ടുണ്ടെങ്കില്‍ ബോണ്‍ ഡെന്‍സിറ്റി ടെസ്റ്റ് നടത്താന്‍  ഡോക്ടര്‍മാരോട് ആവശ്യപ്പെടുന്നതാണ് നല്ലത്. രോഗാവസ്ഥയുടെ ഗൗരവം തന്നെയാണ് ചികിത്സാ ചെലവിന്റെ കാര്യത്തിലും. പലപ്പോഴും ചിലവേറിയ ചികിത്സ ആവശ്യമായി വരും. ചികിത്സ തേടാതിരിക്കാനും ആവശ്യമായ തുടര്‍ ചികിത്സകള്‍ ലഭിക്കാതിരിക്കാനുമെല്ലാം ഇത് കാരണവുമാകുന്നുണ്ട്. 

ചില ചികിത്സാവിധികള്‍, ചില ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയൊക്കെ ഓസ്റ്റിയോപോറോസിസില്‍ കൊണ്ടു ചെന്നെത്തിക്കാം. ആമവാതം, ചര്‍മ്മാര്‍ബുദം, മള്‍ട്ടിപ്പ്ള്‍ സ്‌ക്ലീറോസിസ്- കലകള്‍ കല്ലിക്കുന്ന അവസ്ഥ, സ്പോണ്ടിലൈറ്റിസ് തുടങ്ങിയ പ്രതിരോധ സംബന്ധമായ രോഗങ്ങള്‍, പോഷകങ്ങള്‍ വലിച്ചെടുക്കാനും മറ്റും കഴിവില്ലാതാവുന്നതുകൊണ്ടുണ്ടാകുന്ന സെലിയാക് ഡിസീസ്, ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ്, ഭാരം കുറയ്ക്കാനായി നടത്തുന്ന ശസ്ത്രക്രിയ തുടങ്ങിയവയുണ്ടെങ്കില്‍ നിങ്ങളുടെ എല്ലുകളുടെ ആരോഗ്യ സംരക്ഷണത്തിന് എന്തു ചെയ്യണമെന്ന് ഡോക്ടറോട് നിര്‍ദ്ദേശം തേടാവുന്നതാണ്. ഗാസ്ട്രക്ടമി, ഗാസ്ട്രോഇന്റസ്റ്റിനല്‍ ബൈപാസ് പ്രൊസീജര്‍, ബ്രസ്റ്റ് കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍, പക്ഷാഘാതം, നട്ടെല്ലിനുണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങിയ നിരവധി രോഗങ്ങളുണ്ടെങ്കിലും എല്ലുകളുടെ ബലത്തെ അത് പ്രതികൂലമായി ബാധിച്ചേക്കാം. 

വിവിധ രോഗങ്ങള്‍ക്കു വേണ്ടി നാം കഴിക്കുന്ന മരുന്നുകളും രോഗം ഭേദമാകാന്‍ സഹായിക്കുന്നുണ്ടെങ്കിലും പലപ്പോഴും അസ്ഥിക്ഷയമുണ്ടാക്കുന്നവയാണ്. കാന്‍സര്‍ രോഗത്തിനുള്ള കീമോതെറപി സംബന്ധമായ മരുന്നുകള്‍ ഉദാഹരണം. ജീവന്‍ രക്ഷാ മരുന്നുകളുടെ ഗണത്തിലാണ് സ്റ്റിറോയ്ഡ് മരുന്നുകള്‍ പരിഗണിക്കപ്പെടുന്നതെങ്കിലും അവ അസ്ഥിക്ഷയത്തിനും കാരണമാകും. സ്റ്റിറോയ്ഡ്സ്, ഗ്ലൂക്കോകോര്‍ട്ടിസോയ്ഡ്സ്, കോര്‍ട്ടിക്കോസ്റ്റിറോയ്ഡ്സ് തുടങ്ങിയ വിഭാഗങ്ങളായാണ് ഈ മരുന്നുകള്‍ അറിയപ്പെടുന്നത്.

പുതിയ നിരവധി അത്യാധുനിക ചികിത്സാ കേന്ദ്രങ്ങള്‍ നിലവില്‍ വരുന്നതോടെ നാട്ടില്‍ നിന്നും വിദഗ്ധ ചികിത്സ തേടി മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്നതിന് ആക്കം കുറഞ്ഞിട്ടുണ്ട്. അതി സൂക്ഷ്മമായ ശസ്ത്രക്രിയാ നടപടികളിലൂടെ ഏറ്റവും കുറഞ്ഞ കോശനഷ്ടത്തിലൂടെ വേദന കുറച്ച് ശസ്ത്രക്രിയ സാധ്യമാക്കാന്‍ റോബോട്ടിക് സര്‍ജറിക്കു സാധിക്കുന്നുണ്ട്. സന്ധി മാറ്റി വയ്ക്കല്‍ ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ അത്യാധുനിക സംവിധാനങ്ങളെ ഉപയോഗിച്ചു തുടങ്ങിയതോടെ കൂടുതല്‍ ഫലപ്രദമായി വന്നിട്ടുണ്ട്. 
അസ്ഥികള്‍ക്ക് ബലം രൂപപ്പെട്ടുവരുന്ന ചെറു പ്രായം മുതല്‍ തന്നെ വ്യായാമത്തിനു പ്രാധാന്യം നല്‍കണം. 20 വയസ്സുവരെയാണ് എല്ലുകള്‍ വളര്‍ച്ച പ്രാപിക്കുകയും പൊട്ടിയതിനെക്കാള്‍ വേഗത്തില്‍ അസ്ഥികോശങ്ങള്‍ വളരുകയും ചെയ്യുന്ന സമയം. 

20 മുതല്‍ 30 വയസ്സെത്തുമ്പോഴേക്കും ഈ വളര്‍ച്ച പ്രാപിക്കല്‍ അതിന്റെ മൂര്‍ധന്യത്തിലെത്തുകയും അസ്ഥിവളര്‍ച്ച തിരിച്ചുപോക്ക് ആരംഭിക്കുകയും ചെയ്യും. അസ്ഥികള്‍ക്ക് സ്വാഭാവികമായി സംഭവിക്കുന്ന ബലക്ഷയം 50 വയസ്സുമുതല്‍ ക്ഷയത്തില്‍ നിന്ന് പലപ്പോഴും ക്ഷതങ്ങളിലേക്കെത്തുകയും ജീവിതാവസ്ഥ തന്നെ തകിടം മറിക്കുന്ന അവസ്ഥയും വരുന്നതായി കാണാറുണ്ട്. ഏതു പ്രായത്തിലായാലും ആവശ്യത്തിന് വ്യായാമം ചെയ്തും ഭാരം ഉയര്‍ത്തി പരിശീലിപ്പിച്ചും എല്ലുകളെ ബലമുള്ള എല്ലുകളാക്കി മാറ്റാന്‍ കഴിയുമെന്നിരിക്കെ വ്യായാമത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് മനസ്സിലാക്കാം. ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യകരമായ ചെറുപ്പവും അനിവാര്യമാണ്.

ലേഖനം തയ്യാറാക്കിയത് : ഡോ. ജോര്‍ജ്ജ് എബ്രഹാം, ബോണ്‍ ആന്റ് ജോയിന്റ് കെയര്‍ വിഭാഗം മേധാവി, കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍.

Also Read:- ആണുങ്ങളിൽ ഉദ്ധാരണശേഷി കുറവ്, സ്ത്രീകളിൽ മാസമുറസമയത്ത് കൂടുതൽ ബ്ലീഡിംഗ്; ഡോക്ടറുടെ കുറിപ്പ്

click me!