4.42 കിലോഗ്രാം ഭാരമുള്ള ഗര്‍ഭാശയം നീക്കം ചെയ്ത് അടൂര്‍ ലൈഫ് ലൈൻ ആശുപത്രി

By Web TeamFirst Published Jan 23, 2023, 3:29 PM IST
Highlights

ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നയിച്ചത് ഡോ. സിറിയക് പാപ്പച്ചൻ. റെക്കോഡ് നേട്ടമെന്ന് ലൈഫ് ലൈൻ ആശുപത്രി

താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ (ലാപ്പറോസ്‌കോപ്പി) 4.420 കിലോഗ്രാം ഭാരമുള്ള ഗര്‍ഭാശയം നീക്കംചെയ്തു. അടൂര്‍ ലൈഫ്‌ ലൈന്‍ ആശുപത്രിയിലെ ഡോ. സിറിയക്‌ പാപ്പച്ചന്‍ ആറു മണിക്കൂര്‍ എടുത്ത്‌ നാല്‌ താക്കോല്‍ ദ്വാരങ്ങള്‍ വഴിയാണ്‌ ശ്രമകരമായ ഈ ശസ്ത്രക്രിയ നടത്തിയത്‌. സാധാരണ ഗര്‍ഭപാത്രത്തിന്‍റെ വലിപ്പം 60-70 ഗ്രാം മാത്രമാണ്.

ശസ്ത്രക്രിയ ലോക റെക്കോഡ് ആണെന്നാണ് അടൂര്‍ ലൈഫ് ലൈൻ ആശുപത്രി അവകാശപ്പെടുന്നത്.

മുൻ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ 2009-ല്‍ ലാപ്പറോസ്കോപ്പി വഴി നീക്കം ചെയ്ത 3.56 കിലോഗ്രാം ഗര്‍ഭപാത്രമാണ് നിലവിലെ ലോക റെക്കോഡ്‌. അഞ്ചു മണിക്കൂറെടുത്ത് ആറു താക്കോല്‍ ദ്വാരങ്ങള്‍ വഴിയാണ്‌ അന്ന് സര്‍ജറി നടത്തിയത്‌. അതുവരെ 2008-ല്‍ രണ്ട് അമേരിക്കന്‍ സര്‍ജന്‍മാര്‍ നീക്കം ചെയ്ത 3.2 കിലോഗ്രാം തൂക്കമുള്ള ഗര്‍ഭപാത്രമായിരുന്നു ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ വേള്‍ഡ്‌
റെക്കോര്‍ഡില്‍ ഇടംപിടിച്ചിരുന്നത്‌.

2022 ഡിസംബര്‍ 29-നാണ് അത്യപൂര്‍വ ശസ്ത്രക്രിയ ലൈഫ്‌ ലൈന്‍ ആശുപത്രിയില്‍ നടന്നത്‌. 45 വയസുള്ള പത്തനംതിട്ട ജില്ലക്കാരിയായ ഷാന്റി ജോസഫ്‌ ആയിരുന്നു ശസ്ത്രക്രിയക്ക് വിധേയയായത്. 

മൂത്രതടസ്സത്തെ തുടര്‍ന്നാണ് അവര്‍ ചികിത്സ തേടിയത്. പരിശോധനക്ക് ശേഷം രോഗിയുടെ വയറ്റിൽ ഒൻപതു മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്‍റെ വലിപ്പത്തിൽ ഫിബ്രോയ്ഡ് ഗര്‍ഭപാത്രം (Fibroid Uterus) കണ്ടെത്തിയത്. രോഗിക്ക് പ്രമേഹം ഉള്ളതിനാലും ലാപ്പറോസ്കോപ്പിയാണ് മികച്ച വഴിയെന്നത് കൊണ്ടും ഓപ്പൺ സര്‍ജറി ചെയ്യേണ്ടന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചു.

രോഗി സര്‍ജറിക്ക്‌ ശേഷം പൂര്‍ണ ആരോഗ്യവതിയായിരിക്കുന്നതായി ലൈഫ് ലൈൻ ആശുപത്രി അറിയിച്ചു.

വളരെ ചെറിയ മുറിവുകളേ ഉണ്ടാകുന്നുള്ളൂ എന്നതിനാല്‍ രക്ത സ്രാവം
ഉണ്ടാകുന്നില്ല എന്നതും, ചുരുങ്ങിയ ആശുപത്രി വാസമേ വേണ്ടി വരുകയുള്ളു
എന്നതും ഹോള്‍ സര്‍ജറിയുടെ പ്രധാന പ്രത്യേകതകളാണ്‌. 

അതിവേഗം ദൈനംദിന ജോലികളില്‍ തിരികെ ഏര്‍പ്പെടാം എന്നതും, ഡയബെറ്റിസ്‌, ഹെര്‍ണിയ, തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക്‌ ഏറ്റവും ഉത്തമമാണ്‌ എന്നതും താക്കോല്‍ദ്വാര ശസ്ത്രക്രിയയെ മികച്ചതാക്കുന്നു -- ലൈഫ് ലൈൻ ആശുപത്രി അധികൃതര്‍ പറയുന്നു.

ഡോക്ടര്‍മാരായ റോഷിനി സുബാഷ്‌, കൂതന്‍ യു ടി, നിര്‍പിന്‍ ക്ളീറ്റസ്‌, സബീന സാവത്‌, ശ്രീലത ബി, മാത്യു കുഞ്ഞുമ്മന്‍, എന്നിവരും ഷീനാ മാത്യു, സാംസി സെബാസ്റ്യന്‍ എന്നീ സ്റ്റാഫ്‌ നേഴ്സ്മാരും സര്‍ജറിയുടെ ഭാഗമായിരുന്നു.

അടൂര്‍ ലൈഫ്‌ ലൈന്‍ ഹോസ്പിറ്റലില്‍ അത്യാധുനിക ഉപകരണങ്ങളോടെ അമിത
വണ്ണം കുറയ്ക്കുന്നതിനുള്ള ബാരിയാട്രിക്‌ സര്‍ജറി, ഹെര്‍ണിയ,ആര്‍ത്രോസ്‌കോപ്പി, അണ്ഡാശയത്തിലെ സിസ്റ്റ്‌ നീക്കം ചെയ്യൽ, ഗര്‍ഭപാത്ര മുഴകള്‍ നീക്കം ചെയ്യല്‍, പ്രസവം നിര്‍ത്തിയതിനു ശേഷം പൂര്‍വസ്ഥിതിയിലാക്കല്‍ തുടങ്ങിയ ശസ്ത്രക്രിയകള്‍ കീ ഹോള്‍ വഴി നടത്തുന്നതിനുള്ള സൗകര്യങ്ങളുണ്ട്.
 

click me!