
മാസം തികയാതെ, 23 ആഴ്ച്ച ആയപ്പോള്‍ ജനിച്ച കുഞ്ഞിനെ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് കൊണ്ടുവന്ന് അടൂർ ലൈഫ് ലൈൻ ആശുപത്രി.
2022 ജൂൺ 24-ന് പ്രസവിച്ച 415 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന പെൺകുഞ്ഞ് പൂർണ ആരോഗ്യവതിയായിരിക്കുന്നു. നിയോനേറ്റൽ ICU (NICU)വിൽ പരിചരണത്തിന് ശേഷം കുഞ്ഞിന് 2.070 കിലോഗ്രാം ഭാരമെത്തിയിരുന്നു. ആറ് മാസമായ കുഞ്ഞിന് ഇപ്പോഴത്തെ ഭാരം 2.880 കിലോഗ്രാം ആണ്. -- ലൈഫ് ലൈൻ ആശുപത്രി അറിയിച്ചു.
കോഴിക്കോട് വാണിമേലുള്ള ശാലിനി സുനിൽ ദമ്പതിമാർക്ക് വിവാഹം കഴിഞ്ഞു 17 വർഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ചതാണ് "ദേവാംശിഖ".
ഇത്തരമൊരു ശ്രമം വിജയിക്കുന്നതും അമ്മയും കുഞ്ഞും ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങുന്നതും കേരളത്തിലെ ആദ്യ സംഭവങ്ങളിൽ ഒന്നാണെന്ന് ലൈഫ്‍ ലൈൻ ആശുപത്രി വിശദീകരിക്കുന്നു.
ലൈഫ് ലൈനിലെ അതി നൂതനമായ ചികിത്സയിലൂടെയാണ് ഈ ദമ്പതികൾക്കു തങ്ങളുടെ സ്വപ്നം സഫലമായത്. IVF ചികിത്സക്ക് നേതൃത്വം വഹിച്ചത് ലൈഫ് ലൈൻ ആശുപത്രി Neonatal Intensive-Care Unit (NICU) മേധാവി ഡോ. ബിനു ഗോവിന്ദ് ആണ്. അദ്ദേഹത്തിന്‍റെ കീഴിൽ ഡോക്ടർമാരും ഡോ. ജൂഡി ബാബു തോമസ്, ഡോ. അരുൺ കൃഷ്ണ, ഡോ. സാഹിൽ എ, ഡോ. അംജദ് നിസാമുദ്ദിൻ, ഡോ. വിനീത് വിജയൻ, ഡോ. പ്രത്യുഷ് എന്നിവരും നേഴ്സുമാരും അടങ്ങുന്ന വിദഗ്‍ധസംഘമാണ് കുട്ടിയെ പരിചരിച്ചത്. വന്ധ്യതാ ചികിത്സക്ക് നേതൃത്വം നൽകിയത് ഡോ. എസ് പാപ്പച്ചൻ, ഡോ. സിറിയക് പാപ്പച്ചൻ, ഡോ. ക്രിപാ റേച്ചൽ ഫിലിപ്പ് എന്നിവരാണ്.
ഇതിനു മുൻപ്, 2021 ജനുവരി 12-ന് മാസം തികയാതെ 24 ആഴ്ച (ആറു മാസം) ആയിരുന്നപ്പോൾ പ്രസവിച്ച 430 ഗ്രാം മാത്രം തൂക്കുണ്ടായിരുന്ന പത്തനംതിട്ട തട്ടയിൽ അഭിഷേക് സി നായരുടെ ഭാര്യ അമൃതയുടെ ആദ്യത്തെ കുഞ്ഞ് "കിങ്ങിണി" യാണ് ലൈഫ് ലൈൻ NICU-വിൻറെ പരിചരണത്തിൽ രക്ഷപ്പെട്ട ഏറ്റവും ഭാരം കുറഞ്ഞ കുട്ടി. ലൈഫ് ലൈൻ പരിചരണത്തിൽ 2018 നവംബറിൽ 510 ഗ്രാം തൂക്കത്തിൽ ജനിച്ച കരുനാഗപ്പള്ളി സ്വദേശി നഫീസത്തുൽ മിസ്രിയയും ഇപ്പോൾ ആരോഗ്യവതിയായിരിക്കുന്നു.