
സൗന്ദര്യ വര്‍ധനയ്ക്കായി ബ്യൂട്ടി പാർലറുകളിലും മറ്റും പോകുന്നവരാണ് നമ്മളില്‍ പലരും. ചില സൗന്ദര്യവർധന ശസ്ത്രക്രിയകള്‍ ചെയ്യാനും മടിക്കാത്തവരുണ്ട്. എന്നാല്‍ തലമുടി വച്ചുപിടിപ്പിക്കൽ, സൗന്ദര്യവർധന ശസ്ത്രക്രിയ എന്നിവ ഇനി ലൈസൻസുള്ള ഡോക്ടർമാർ മാത്രമേ നടത്താവൂ എന്ന് വ്യക്തമാക്കി ദേശീയ മെഡിക്കൽ കമ്മിഷൻ അഥവാ എൻഎംസി മാർഗരേഖ പുറപ്പെടുവിച്ചു. ചില ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും ഇത്തരം ചികിത്സകൾ വ്യാപകമാവുകയും അതില്‍ പരാതികള്‍ ഉയര്‍ന്നതോടെയുമാണ് എൻഎംസിയുടെ ഈ നിര്‍ദ്ദേശം.
തലമുടി വച്ചുപിടിപ്പിക്കലും മറ്റുമായി ബന്ധപ്പെട്ട പരിശോധന, ശസ്ത്രക്രിയ, പരിചരണം, സൗന്ദര്യവർധന ശസ്ത്രക്രിയ എന്നിവ ചെയ്യാന്‍ പ്ലാസ്റ്റിക് സർജറിയിൽ എംസിഎച്ച്, ഡിഎൻബി തുടങ്ങിയവയോ ത്വക്കുരോഗ ചികിത്സയിൽ പിജിയോ ഉള്ളവർക്കാണ് അർഹത. അതായത് യൂട്യൂബ് പോലെയുള്ള സമൂഹമാധ്യമങ്ങളിൽനിന്നോ ശിൽപശാലകളിൽനിന്നോ പഠിച്ചെടുത്ത വിദ്യകൾ കൊണ്ട് ഇനി ഈ പണി ചെയ്യരുതെന്ന് സാരം. ഇത്തരം ശസ്ത്രക്രിയ നടത്തുന്ന ക്ലിനിക്കലുകളില്‍ അടിസ്ഥാന സൗകര്യവും ഉണ്ടാകണം. തലമുടി വച്ചുപിടിപ്പിക്കൽ ക്ലിനിക്കിലും ആശുപത്രിയിലും പ്രത്യേക ശസ്ത്രക്രിയാ തിയറ്റർ ഉണ്ടായിരിക്കണം. അടിയന്തര സാഹചര്യം നേരിടാനുള്ള സൗകര്യവും വേണം എന്നും എന്‍എംസി വ്യക്തമാക്കി.
സൗന്ദര്യവർധന ചികിത്സ നടത്തേണ്ടത് പാഠ്യപദ്ധതി പ്രകാരം പരിശീലനം ലഭിച്ച റജിസ്റ്റേഡ് ഡോക്ടർമാരായിരിക്കണം എന്നും മാർഗരേഖയില്‍ പറയുന്നു. സലൂണുകളിലും ബ്യൂട്ടി പാർലറുകളിലും ഇത്തരം ചികിത്സകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് എൻഎംസി മാർഗരേഖയിറക്കിയത്.
അതേസമയം, ദില്ലിയിലെ സലൂണിൽ 30,000 രൂപയ്ക്കു തലമുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ആൾ മരിച്ചതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വ്യാജ ചികിത്സകരെ നിയന്ത്രിക്കാൻ ഹൈക്കോടതി സർക്കാരിനോടു നിർദേശവും നല്‍കിയിരുന്നു.
Also Read: അസ്‌കോറില്‍ സി അടക്കം 14 മരുന്നുസംയുക്തങ്ങൾ നിരോധിക്കാൻ ശുപാർശ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam