
കൊവിഡ് 19 മഹാമാരിയോടുള്ള പോരാട്ടത്തില്‍ തന്നെയാണ് ലോകമിപ്പോഴും. രാജ്യത്താണെങ്കില്‍ രണ്ടാം തരംഗത്തിന്റെ അലയൊലികള്‍ പൂര്‍ണമായി കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ മൂന്നാം തരംഗമെന്ന ഭീഷണിയും ഉയരുകയാണ്. ജനിതകവ്യതിയാനം സംഭവിച്ച വൈറസ് വകഭേദങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്യുകയാണ്.
ആഗോളതലത്തില്‍ തന്നെ ഇപ്പോഴും കാര്യങ്ങള്‍ നിയന്ത്രണവിധേയമായിട്ടില്ല. പല രാജ്യങ്ങളിലും മൂന്നാം തരംഗം വീശിയടിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങള്‍ ഭാഗികമായും അല്ലാതെയും നീക്കിത്തുടങ്ങിയ സാഹചര്യത്തില്‍ വീണ്ടും ആള്‍ക്കൂട്ടങ്ങള്‍ സജീവമാവുകയാണ്. പൊതുവിടങ്ങളും മുന്‍കാല അനുഭവങ്ങള്‍ മറന്ന് സാധാരണജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ വെമ്പുകയാണ്.
എന്നാല്‍ ഇത്തരത്തില്‍ ശ്രദ്ധയില്ലാതെ ഒത്തുകൂടുകയും ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ അക്ഷമ കാട്ടുകയും ചെയ്താല്‍ നിയന്ത്രണാതീതമായി ഒരു പൊട്ടിത്തെറിയിലേക്ക് വരെ കൊവിഡ് 19 മഹാമാരി എത്തുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ദില്ലി എയിംസില്‍ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) നിന്നുള്ള ഡോക്ടര്‍ നീരജ് നിശ്ചല്‍.
'ഏത് ഉത്സവമാണെങ്കില്‍ സന്തോഷം പങ്കുവയ്ക്കുക എന്നതാണ് അതിന്റെ സത്ത. എന്നാല്‍ നിലവിലെ സാഹചര്യത്തിലാണെങ്കില്‍ സന്തോഷത്തിന് പകരം മഹാമാരിയാണ് പങ്കുവയ്‌ക്കേണ്ടിവരിക. അടുത്ത ഒന്ന്- രണ്ട് വര്‍ഷത്തേക്ക് കൂടി നാം കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടിവരും. ആര്‍ക്കും ഒന്നിനും നിയന്ത്രിക്കാനാവാത്ത വിധം മഹാമാരി ഒരു പൊട്ടിത്തെറിയില്‍ വരെയെത്തിക്കുന്നതിന് നാം കാരണമാകരുത്...'- ഡോ. നീരജ് നിശ്ചല്‍ പറയുന്നു.
രണ്ടാം തരംഗത്തിന്റെ തന്നെ അലയൊലികള്‍ രാജ്യത്തിന്റെ പലയിടങ്ങളിലും ഇപ്പോഴും കാണാമെന്നും ഇതേ സാഹചര്യം തന്നെ അടുത്ത തരംഗമായി മാറാന്‍ അധികസമയം വേണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. വാക്‌സിന്റെ ലഭ്യതയ്ക്കനുസരിച്ച് വാക്‌സിനെടുക്കുന്നതിന്റെ ആവശ്യതകതയെ കുറിച്ചും ഡോ. നീരജ് പറഞ്ഞു.
Also Read:- കൊവിഡ് വന്ന ശേഷം ഒമ്പത് മാസത്തോളം ആന്റിബോഡി ശരീരത്തില്‍ കാണുമെന്ന് പഠനം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam